കൊച്ചി: കാണുന്ന കാഴ്ചകള്‍ക്ക് ചട്ടക്കൂടൊരുക്കി കാത്തിരിക്കുകയാണ് കാവ്യ. സാങ്കേതിക പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളല്ല, കഴിവും മനോഹരനിമിഷങ്ങളില്‍ കൈകള്‍ സ്വയമറിയാതെ ക്യാമറക്ലിക്കുകളിലേക്ക് നീങ്ങുന്ന ഉള്‍ക്കാഴ്ചയുമാണ് ഫോട്ടോഗ്രഫിയുടെ ബാലപാഠമെന്ന് ഉറപ്പിച്ചുകൊണ്ട്.

കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവാതെ വന്നതോടെയാണ് കാവ്യ ക്യാമറയുമായി ചങ്ങാത്തത്തിലായത്. ഓണ്‍ലൈന്‍ ക്ലാസിന്റെ ഇടവേളകളില്‍ സ്വന്തമായി പണിപ്പെട്ട് എഡിറ്റിങ് കൂടി പഠിച്ചതോടെ 'അഫിനിറ്റി ഫോട്ടോഗ്രഫി'ക്കു തുടക്കമായി. കാവ്യയുടെ സ്വപ്നമായിരുന്നു ഫോട്ടോഗ്രഫി. അതിനെത്തന്നെ തന്റെ ജീവിതമാര്‍ഗമാക്കി വരുമാനം കണ്ടെത്തിയാണ് ചക്കരപ്പറമ്പ് സ്വദേശിയായ കാവ്യ കോവിഡ് കാലത്തെ വെല്ലുവിളിച്ചത്.

നഗരത്തിലെ ഓട്ടോഡ്രൈവറായ സി.കെ. സുരേഷിന്റെയും സ്വകാര്യ ഹോമിയോ ക്ലിനിക് ജീവനക്കാരി വിനീതയുടെയും മകളാണ് ഈ കാവ്യയെന്ന മിടുക്കി. എറണാകുളം മനക്കകടവ് കൊച്ചിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയാണ്.

ലോക്ഡൗണ്‍ സമയത്ത് ചേട്ടന്റെ ക്യാമറയില്‍ ഫോട്ടോയെടുത്തായിരുന്നു തുടക്കം. ആദ്യം വീട്ടിലെ കുട്ടികളുടെയൊക്കെ ചിത്രങ്ങളാണ് എടുത്തിരുന്നത്. പിന്നീട് അടുത്തവീടുകളിലെ പിറന്നാളാഘോഷം, മെഹന്ദി തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങള്‍ എടുത്തുതുടങ്ങി. ഫോട്ടോഗ്രഫിയുടെ സാങ്കേതിക കാര്യങ്ങള്‍, ആംഗിള്‍ തുടങ്ങിയവയെല്ലാം സ്വയം പഠിക്കുകയായിരുന്നു.

സേവ് ദി ഡേറ്റ്, മെറ്റേണിറ്റി, മോഡല്‍ ഷൂട്ടുകളും ചെയ്തിട്ടുണ്ട്. ഇതിനായി എഡിറ്റിങ് കൂടുതല്‍ ഗൗരവത്തോടെ പഠിച്ചുതുടങ്ങി. ഫോട്ടോഗ്രഫിയില്‍ തന്റേതായ ബ്രാന്‍ഡ് സൃഷ്ടിച്ച് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തുകയെന്നതാണ് കാവ്യയുടെ ലക്ഷ്യം. അതിനായി ഫോട്ടോഗ്രഫി കൂടുതല്‍ പഠിക്കാനാണ് കാവ്യയുടെ തീരുമാനം.