ലോക്ഡൗൺ തുടങ്ങുംമുമ്പേ സിജോ വിദേശത്തുള്ള കൂട്ടുകാരന് വാട്സാപ്പ് സന്ദേശമയച്ചു, 'എന്റെ ഇവിടുത്തെ പണി പോയി. അവിടെ വല്ല ചാൻസും ഉണ്ടോ.' ഒട്ടും വൈകാതെ ദോഹയിൽനിന്ന് വിഷ്ണുവിന്റെ മറുപടിയെത്തി.'ഇവിടെ എന്റേയും ജോലി പോയി. വിമാന സർവീസ് നിർത്തും മുൻപേ നാട്ടിലെത്തും. അവിടെ നമുക്ക് എന്തെങ്കിലും ചെയ്യാം'.

ചെറുപ്പം മുതലേ നാട്ടുകാരും കൂട്ടുകാരുമായ സിജോയും വിഷ്ണുവും ലോക്ഡൗൺ തുടങ്ങിയ സമയത്ത് ആലോചിച്ചത് എന്ത് വ്യാപാരത്തിലിറങ്ങാമെന്നതിനെക്കുറിച്ചായിരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് എന്നും ആവശ്യമുണ്ടാകുമെന്നും അത്തരം വസ്തുക്കളുടെ വിൽപ്പനയ്ക്ക് ലോക്ഡൗണിൽ വിലക്കില്ലെന്നും മനസ്സിലാക്കി. ഇരുവരും ചേർന്ന് മിച്ചംപിടിച്ച 25000 രൂപ മുതലിറക്കി തൃശ്ശൂർ പറപ്പൂരിൽ ചെറിയ കടമുറി വാടകയ്ക്കെടുത്ത് പച്ചക്കറി വ്യാപാരം തുടങ്ങി. മാർച്ച് അവസാനം തുടങ്ങിയ ആ വലിയ കൂട്ടുകെട്ടിലെ ചെറിയ വ്യാപാരം ഇന്നെത്തി നിൽക്കുന്നത് പച്ചക്കറി സൂപ്പർമാർക്കറ്റിലേക്കും മൊത്ത വ്യാപാരത്തിലേക്കും.

corona

പൂങ്കുന്നത്തെ 'സീവീസ് അച്ചിങ്ങയും പീച്ചിങ്ങയും' എന്ന സൂപ്പർമാർക്കറ്റിന് ഒരു ദിവസംപോലും അവധിയില്ല. രാവിലെ എട്ടിന് തുറന്ന് രാത്രി ഒൻപതിന് അടയ്ക്കുന്ന സ്ഥാപനത്തിലും മൊത്ത വ്യാപാരത്തിലുംകൂടി പ്രതിദിനം കുറഞ്ഞത് 50000 രൂപയുടെ വിൽപ്പനയുണ്ടെന്ന് ഇവർ പറയുന്നു. തെറ്റില്ലാത്ത ലാഭവുമുണ്ട്. ബി.എ. മലയാളം പൂർത്തിയാക്കി രാഷ്ട്രീയത്തിലേക്കിറങ്ങിയ സിജോ ജോസ് (30) രാഷ്ട്രീയ നേതാവിന്റെ കാർ ഡ്രൈവറായിരുന്നു. കുറ്റൂരിലെ അയൽവാസിയും കൂട്ടുകാരനുമായ വിഷ്ണു വേണുഗോപാൽ (30) ബി.കോം. കഴിഞ്ഞ് എട്ട് വർഷമായി ദോഹയിലായിരുന്നു. ബന്ധുവിന്റെ മെക്കാനിക്കൽ വർക്ഷോപ്പിൽ അക്കൗണ്ടന്റും മാനേജരുമായിരുന്നു. സംയുക്തസംരംഭം എന്നത് ഇവരുടെ വലിയ സ്വപ്നമായിരുന്നു. അതാണ് കോവിഡ് കാലം യാഥാർഥ്യമാക്കിയത്.

എന്നും പുലർച്ചെ 1.30ന് സിജോ പാലക്കാട്ടെ കർഷകരുടെ തോട്ടങ്ങളിലെത്തും. അവിടെനിന്നാണ് ഗുണനിലവാരമുള്ള പച്ചക്കറി വാങ്ങുന്നത്. സ്ഥാപനത്തിലെ വിൽപ്പനയും നടത്തിപ്പും വിഷ്ണുവിന്റെ ഉത്തരവാദിത്വമാണ്.

ചെറുതാണെങ്കിലും അലങ്കരിച്ചും ആകർഷകമായ കാർഷികപ്രചോദന വാചകങ്ങൾ എഴുതിച്ചേർത്തും വേറിട്ട് നിൽക്കുകയാണ് 'സീവീസ് അച്ചിങ്ങയും പീച്ചിങ്ങയും'.

Content Highlights:Forgot 2020, Two young men start their own business when they lost their jobs at Lockdown, Health, Covid19, Corona Virus