''കോവിഡ്കാലം കഴിഞ്ഞാലും ഈ തൊഴില്‍ തുടരും'' -തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കിടിലന്‍ പുതുജീവിതമാര്‍ഗം കണ്ടെത്തിയ കക്കോടിയിലെ നിവ്യയും പ്രബിതയും പറയുന്നത്. നവംബര്‍ 17-നാണ് കോഴിക്കോട്-ബാലുശ്ശേരി റോഡില്‍ കക്കോടിപാലത്തിനു സമീപം ഇരുവരും മീന്‍കച്ചവടം തുടങ്ങിയത്.

വന്‍കിട സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് പ്രൊമോട്ടറായിരുന്നു ആറുവര്‍ഷമായി പ്രബിത. നിവ്യ മൂന്നുവര്‍ഷമായി പ്രമുഖ വസ്ത്രവിപണന ശാലയില്‍ സെയില്‍സ് ഗേളും. ഇരുവരും പ്ലസ് ടു പാസായവര്‍. കോവിഡ് മഹാമാരി തൊഴില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവര്‍ പാതയോരത്ത് മീന്‍ തട്ടൊരുക്കുകയായിരുന്നു.

കക്കോടി അഭയം കുടുംബശ്രീയില്‍നിന്ന് 20,000 രൂപ കടമെടുത്തു. കുടുംബം പിന്തുണയേകി. രാവിലെ ഏഴുമണിയോടെ പുതിയാപ്പ ഹാര്‍ബറില്‍നിന്ന് മീനെത്തും. ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെയും ഇവരുടെ മത്സ്യവില്‍പ്പന പൊടിപൊടിക്കും.

രാത്രിയില്‍ തെരുവുവിളക്കിന്റെ വെളിച്ചത്തിലാണ് കച്ചവടം. ന്യായവിലയായതിനാല്‍ സ്ഥിരമായി ഇവിടെനിന്ന് മീന്‍വാങ്ങുന്നവര്‍ ഏറെ. മുമ്പ് വിപണനരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ പരിചയം കൈമുതലാക്കിയാണ് ഇവരുടെ കച്ചവടം. മീന്‍വൃത്തിയാക്കി, മുറിച്ച് നല്‍കുന്നതിനാല്‍ വീട്ടമ്മമാര്‍ക്കും സന്തോഷം. കല്യാണസദ്യയ്ക്കുള്ള ഓര്‍ഡറും സ്വീകരിക്കാറുണ്ട്.

സൂത, മത്തി, അയല, ചെമ്മീന്‍, ഞണ്ട്, കണയന്‍ തുടങ്ങിയവയാണ് കടയിലുള്ളത്. കച്ചവടം ലാഭകരമായി ഒന്നരമാസത്തോളം പിന്നിടുമ്പോള്‍ ഇരുവര്‍ക്കും താത്പര്യവും ഉത്സാഹവുമേറി. പ്രബിതയുടെ സഹോദരനും മീന്‍പിടിത്തക്കാരനുമായ പ്രമോദ് നല്‍കുന്ന പ്രോത്സാഹനം കൂടിയാവുമ്പോള്‍ കച്ചവടം ജോര്‍. മത്സ്യം കേടാകാതെ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യവും ഇവര്‍ക്കുണ്ട്. പ്രതിദിനം ശരാശരി 8000 രൂപയുടെ കച്ചവടമുണ്ടാവും. അമിത ലാഭമെടുക്കില്ല. അതിനാല്‍ നല്ല കച്ചവടമാണ്.

കാളില്‍റോഡ് കാട്ടില്‍പീടികയില്‍ വേലായുധന്റെ മകളാണ് നിവ്യ. ഭട്ട് റോഡ് ബീച്ച് സ്രാമ്പിപ്പറമ്പില്‍ പത്മരാജന്റെ മകളാണ് പ്രബിത. ''സ്ത്രീകള്‍ ഏതുരംഗത്തും ശോഭിക്കും. ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു മാത്രം. മുന്‍പരിചയമില്ലെങ്കിലും കുഴപ്പമൊന്നുമില്ല'' -മീന്‍ കച്ചവടം ഉഷാറാവുന്നതിന്റെ ത്രില്ലില്‍ അതിമോഹങ്ങളില്ലാതെ ഇരുവരും ഏകസ്വരത്തില്‍ പറയുന്നു.

ആദിന്‍, അഭിനന്ദ് എന്നിവരാണ് നിവ്യയുടെ മക്കള്‍. നിരഞ്ജന, ആദിത്യന്‍, സൂര്യദേവ് എന്നിവരാണ് പ്രബിതയുടെ മക്കള്‍. കുട്ടികളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്നതു മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം.

Content Highlights: Two women started fish sale when they lost their job during Covid 19, Health, Forgot 2020, Covid 19, Corona Virus outbreak