ഗൾഫിൽ സാമാന്യം തരക്കേടില്ലാത്ത ജോലികളായിരുന്നു അവർക്ക്. അങ്ങനെയിരിക്കെയാണ് കോവിഡ് തീമഴപോലെ വന്നത്. സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയുമെല്ലാം കരുണയിൽ വൈകാതെ അവരെല്ലാം നാട്ടിലെത്തി. പക്ഷേ, മാസങ്ങൾ പിന്നിട്ടപ്പോൾ കൈയിലുള്ള പണം തീർന്നുതുടങ്ങി. ജീവിതമാർഗം വഴിമുട്ടാൻ തുടങ്ങി.
മലപ്പുറം കാളികാവ് സ്രാമ്പിക്കല്ലിലെ ഒരുകൂട്ടം പ്രവാസികൾ കോവിഡ്കാലത്തെ, നാട്ടിൽത്തന്നെ ജീവിതം നെയ്യാൻ പഠിച്ച കാലമാക്കിമാറ്റി. നാട്ടിൽ വെള്ളക്കോളർ ജോലി പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. അങ്ങനെയവർ കൂലിപ്പണി തിരഞ്ഞെടുത്തു. പ്രവാസത്തിന്റെ പ്രൗഢിയും പത്രാസും വലിച്ചെറിഞ്ഞ് 14 പ്രവാസികൾ കെട്ടിടനിർമാണത്തിനായി കോൺക്രീറ്റ് പണിചെയ്യുന്ന ഒരു സംഘത്തെത്തന്നെ ഒരുക്കി. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കോവിഡ് കാലം അവസരമൊരുക്കിയതിൽ ഇപ്പോൾ അവർ സന്തുഷ്ടരാണ്.
ഖത്തറിലെ ഹൗസ് ഡ്രൈവർ ഷബീർ പാറമ്മൽ, കാറ്ററിങ് കമ്പനിയിലെ ഫുഹാദ് എറമ്പത്ത്, സോഫ നിർമാണക്കമ്പനി ജീവനക്കാരായ സൽമാൻ മങ്കരത്തൊടി, മിർഷാദ് ഇമ്മിണിയത്ത്, ജിദ്ദയിൽ ഗ്ലാസ് കട്ടറായിരുന്ന ബുഹൈസ് ഇമ്മിണിയത്ത്, മക്കയിൽ ഡ്രൈവറായിരുന്ന ഷിഹാബ് അച്ചുകൊമ്പൻ, റിയാസ് പുത്തൂരാൻ തുടങ്ങിയവരെല്ലാം സ്രാമ്പിക്കല്ലിലെ പ്രവാസിതൊഴിലാളിസംഘത്തിലുണ്ട്. പ്രവാസിസംഘം മികച്ചപ്രവർത്തനമാണു നടത്തുന്നതെന്ന് മലയോരത്ത് പ്രമുഖ കരാറുകാരനായ കെ.വി. സുലൈമാൻ പറഞ്ഞു.
സൗദി അറേബ്യയിൽ ഹെവി എക്യുപ്മെന്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആൻഡ് ഹയർ കോഓർഡിനേറ്റർ ആയിരുന്ന ഉനൈസ് കിളിയണ്ണയാണ് പ്രവാസി കോൺക്രീറ്റ് സംഘത്തിനു നേതൃത്വം നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് കോൺക്രീറ്റ് ജോലിക്ക് 850മുതൽ 900വരെ രൂപയാണ് കൂലി. പ്രവാസിതൊഴിലാളിസംഘത്തിന് 800 രൂപ മതി.
പ്രതിസന്ധിഘട്ടത്തിൽ ജീവിതപ്രവാഹം തടസ്സപ്പെടാതിരിക്കാൻ പ്രവാസികൾ തിരഞ്ഞെടുത്ത ഈമാർഗം നാട്ടിലെങ്ങും ചർച്ചചെയ്യപ്പെട്ടു. മത, രാഷ്ട്രീയ സംഘടനകളുടെ അണികൾക്കും അനുയായികൾക്കും പരിഹാരത്തിന്റെ പ്രായോഗികസന്ദേശമായി ഈ മാതൃക കൈമാറി.
Content Highlights:Forgot 2020, These NRI's lost their jobs in Covid19 but found a livelihood here, Health, Covid19, Corona Virus outbreak