സ്വന്തം ബസുകള്‍ കട്ടപ്പുറത്തു കയറിയപ്പോള്‍ ജീവിതമാര്‍ഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂര്‍ വള്ളിക്കോട് പഴേമ്പള്ളി വീട്ടില്‍ ഷിബി കുര്യന്‍. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് 'പഴേമ്പള്ളി' വക നാലുബസുകള്‍ ഷെഡ്ഡില്‍ കയറിയപ്പോള്‍ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.

കുതിരകള്‍വഴി മറ്റൊരുവരുമാനം തുറന്നിടുകയുംചെയ്തു. 6000 രൂപ നല്‍കിയാല്‍ ആരെയും 14 ദിവസംകൊണ്ട് കുതിരയോട്ടത്തിന്റെ ബാലപാഠം പഠിപ്പിക്കും. തുടര്‍പഠനത്തിന് വീണ്ടും അവസരമുണ്ട്. 30 ദിവസത്തേക്ക് 12,000 രൂപ. നിലവില്‍ 12 പേര്‍ പഠിക്കുന്നുണ്ട്. ആദ്യം വാങ്ങിയ കുതിര ഗര്‍ഭിണി. അതോടെ മറ്റൊരു കുതിരയെക്കൂടി വാങ്ങി. പിന്നീട് രണ്ടെണ്ണത്തിനെക്കൂടി സ്വന്തമാക്കി. തൃശ്ശൂരില്‍നിന്ന് പരിശീലകനെ എത്തിച്ചു. അയാള്‍വഴി ഷിബിയും മൂന്നുമക്കളും കുതിരയോട്ടം പഠിച്ചത് ഒരുമാസംകൊണ്ട്.

Forgot 2020കുതിരയോട്ട പരിശീലനത്തിന് ഒരിടം ഒരുക്കുകയെന്നൊരു ചിന്തയുണ്ടായത് അങ്ങനെയാണ്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ കുതിരസവാരി പഠിക്കാനെത്തുന്നു. മക്കളാണ് ഈവഴി പറഞ്ഞത്. ''പപ്പാ, കുതിരയെ വാങ്ങിയാല്‍ ഞങ്ങള്‍ക്ക് കുതിരയോട്ടവും പഠിക്കാം, പപ്പയ്ക്ക് വരുമാനവുമാക്കാം''. കേട്ടപ്പോള്‍ വരുമാനത്തെക്കാള്‍ സ്വപ്നംപോലൊരു ഇഷ്ടംകൂടി സ്വന്തമാക്കാമല്ലോെയന്നു തോന്നി.

കേരളത്തില്‍ കുതിരയെ എത്തിച്ചുനല്‍കുന്നവരില്‍ നിന്നാണ് ഇവയെ വാങ്ങിയത്. ഈ കോവിഡ് കാലത്ത് ലക്ഷങ്ങള്‍ മുടക്കി കുതിരയെ വാങ്ങിയതിനു പരിഹസിച്ചവരാണ് പലരും. പക്ഷേ, അതൊന്നും ഇഷ്ടത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. ''ചിലര്‍ക്ക് ചില ഇഷ്ടങ്ങളില്ലേ. പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നതുപോലൊരു ഇഷ്ടം'' -ഷിബി പറയുന്നു.

കുതിരപരിശീലനത്തില്‍ മാത്രമല്ല, പരിപാലനത്തിലും ശ്രദ്ധിക്കുന്നുണ്ട് ഷിബി. ഓട്‌സ്, ബാര്‍ലി, ഗോതമ്പ്, ചോളപ്പൊടി, ഫ്‌ളേക്ക്, കടല, മുതിര, കാരറ്റ്, പച്ചപ്പുല്ല് എന്നിവയാണ് പ്രധാന ആഹാരം. ധാരാളം ശുദ്ധജലവും ഇടയ്ക്കിടെ നല്‍കണം.

ഇപ്പോള്‍ ഷിബിയുടെ വീട് ഉണരുന്നതും ഉറങ്ങുന്നതും കുതിരകള്‍ക്കൊപ്പമാണ്. രാത്രിയില്‍ കുതിരയുടെ കൂട് വൃത്തിയാക്കുന്നത് കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ്. 28 ദിവസം കൂടുമ്പോള്‍ ലാടം ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ ചെലവുണ്ട്. ''എങ്കിലും മെല്ലെ കുതിരകളിലൂടെ ഒരു വരുമാനം കിട്ടും''- ഷിബി സ്വപ്നംകാണുന്നതിനൊപ്പം കണക്കും കൂട്ടുകയാണ്. ബസിന്റെ വരുമാനത്തിനൊപ്പം ഓടിയെത്തുകയില്ലെന്നറിയാം. എന്നാലും വേഗവും കുതിരസവാരിയും ഇഷ്ടപ്പെടുന്ന ഷിബി എങ്ങനെ കുതിരയെ വേണ്ടെന്നുവെക്കും.

Content Highlights: Forgot 2020, Shibi bought a horse for income during Covid19 pandemic, Health, Covid19, Corona Virus