തിളച്ചു തുള്ളുന്ന ഒരു ഡി.ജെ. ഹാള്‍ പോലെയാണീ അടുക്കള. ബാസ് അല്പം കൂട്ടി, പാകത്തിന് ട്രിബിള്‍ ചേര്‍ത്ത് നോബ് തിരിക്കുമ്പോള്‍ തക്കാളിയും വെണ്ടക്കയുമൊക്കെ 'ഹിപ്പ്-ഹോപ്പ്' തുള്ളുന്ന ഡി.ജെ. ഹാള്‍. തെന്നിന്ത്യയിലെങ്ങും ക്ലബ്ബ് ഡി.ജെ.യായി (ഡിസ്‌ക് ജോക്കി) നിറഞ്ഞുനിന്നിരുന്ന എസ്. അരുണ്‍ എന്ന ഡി.ജെ. അരുണ്‍ ആണ് ഇപ്പോള്‍ പാചകപ്പുരയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. മ്യൂസിക് മിക്‌സറിന് പകരം ഗ്യാസടുപ്പ് കത്തിച്ച് 'ടെംപോ' കളയാതൊരു അതിജീവനം. ക്ലൗഡ് കിച്ചണ്‍ സങ്കല്പത്തില്‍ ഇദ്ദേഹം തിരുവനന്തപുരത്ത് രംഭിച്ച സത്യം ഫുഡ്‌സ് എന്ന കാറ്ററിങ് യൂണിറ്റ് പുട്ടും ഇഡ്ഡലിയും മുതല് കാന്താരി ഫ്രൈഡ് ചിക്കന്‍ വരെ തലസ്ഥാനത്തിന് രുചിയോടെ വിളമ്പുകയാണ്. ജോലി നഷ്ടമായതിന്റെ സങ്കടമത്രയും ഈ അടുക്കളയില്‍ 'ആവി'യാകുന്നു.

ആഘോഷരാവുകളില്‍ ഡി.ജെ. പാര്‍ട്ടികള്‍ ഒഴിച്ചുകൂടാനാകാതെ പ്രചാരം നേടിയ കാലത്തുതന്നെ ഈ മേഖലയിലേക്ക് എത്തിയതാണ് അരുണ്‍. കേരളത്തിലെയും ബെംഗളൂരുവിലെയും മുംബൈയിലെയുമൊക്കെ ഭക്ഷണശാലകളിലും ബാറുകളിലും ചടുല സംഗീതവുമായി നിറഞ്ഞ ഇദ്ദേഹമങ്ങനെ ഡി.ജെ. അരുണ്‍ എന്ന പേരില്‍ പ്രശസ്തനുമായി. ജീവിതമങ്ങനെ ചടുലമായി നീങ്ങുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. വിവാഹിതനായി ഒരുമാസം കഴിയുമ്പോഴായിരുന്നു ലോക്ഡൗണ്‍.

Forget 2020പാപ്പനംകോട് വിശ്വംഭരന്‍ ലൈനിലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. അങ്ങനെയാണ് പാചകത്തിലേക്ക് ഇറങ്ങുന്നത്. താന്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച് വീട്ടുകാരും സുഹൃത്തുക്കളും നല്കിയിരുന്ന 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' മാത്രമായിരുന്നു യോഗ്യത. വീടിന്റെ മട്ടുപ്പാവ് അങ്ങനെ അടുക്കളയായി. ഇഡ്ഡലിയും സാമ്പാറുമൊക്കെയായി ചെറിയ രീതിയില്‍ തുടങ്ങിയ ഹോം ഡെലിവറി ഇപ്പോള്‍ ഫെയ്‌സ് ബുക്കിലെ 'സത്യം ഫുഡ്‌സ്' എന്ന പേജിലൂടെ ഭക്ഷണപ്രിയര്‍ക്ക് പരിചിതമായി. പോസ്റ്റല്‍ വകുപ്പില്‍നിന്ന് വിരമിച്ച അച്ഛന് സത്യശീലനാണ് പ്രാതല്‍ വിഭവങ്ങളുടെ കുക്ക്. അമ്മ കുസുമ കുമാരി മധുരപലഹാരങ്ങളുടെ വകുപ്പ് ഏറ്റെടുത്തു. പച്ചക്കറി അരിയലും ശുചിയാക്കലും ഭാര്യ ഉഷ. അരുണിന്റെ കൈപ്പുണ്യത്തിലാണ് മാംസവിഭവങ്ങള്‍ തിളയ്ക്കുന്നത്. ഡെലിവറിബോയും ഇദ്ദേഹം തന്നെ.

പ്രായമായവര്‍ക്കായി പ്രത്യേക പാക്കേജുമുണ്ട്. ഫെയ്‌സ്ബുക്ക് വഴിയെത്തിയ ബുക്കിങ്ങിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണവുമായി പോയ അനുഭവത്തില്‍നിന്നാണിത്. അച്ഛന്റെ പിറന്നാളിന് വിദേശത്തുള്ള മക്കള്‍ വിളിച്ച്‌ സദ്യ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഭക്ഷണവുമായെത്തിയ അരുണിന് അവര്‍ക്കൊപ്പം മകന്റെ സ്ഥാനത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നു. 'യുവര്‍ റെസ്, അവര്‍ കറി' ഉള്‍പ്പെടെയുള്ള തീമുകള്‍ അങ്ങനെ പിറന്നതാണ്. വീട്ടില്‍ ചാറുമാത്രം കരുതിയാല്‍ ഹോംലി കറികള്‍ മാത്രം എത്തിക്കുന്ന പാക്കേജാണിത്. ''അടിസ്ഥാന താളങ്ങള്‍ പോലും തിരിച്ചറിയാത്ത വിധം സംഗീതം ഒരുക്കുന്നതാണ് ഡി.ജെയുടെ വെല്ലുവിളി. ജീവിതവും അതുപോലെതന്നെ. അലോസരങ്ങള്‍ പുറത്തറിയാത്ത 'മിക്‌സിങ്ങിലൂടെ' ഏത് തൊഴിലും ആസ്വദിക്കാം'' -അരുണ്‍ പറയുന്നു.

Content Highlights: Forgot 2020, How a DJ became a cook during Covid 19 pandemic, Health, Covid19, Corona Virus outbreak