കാഞ്ഞങ്ങാട് നീലേശ്വരം കാലിച്ചാനടുക്കം റൂട്ടിലെ 'ഗാലക്സി' ബസ്സുടമയായിരുന്നു മടിക്കൈ കാഞ്ഞിരപ്പൊയിലിലെ എം.ഐ. നജീബ്. കോവിഡിനെത്തുടർന്ന് ലോക്ഡൗൺ വന്നതോടെ ബസ് 'കട്ടപ്പുറത്തായി'. ടൂറിസ്റ്റ് ബസുകൾ നാലെണ്ണമുണ്ടായിരുന്നെങ്കിലും അതിനും ഓട്ടമില്ലാതായി. വണ്ടിയുടെ ടാക്സ് അടയ്ക്കാനും ജീവിതച്ചെലവിനും ഇതോടെ വരുമാനമില്ലാതായി. പ്രതിസന്ധി രൂക്ഷമായതോടെ ലൈൻബസ് വിറ്റു. ജീവിതമാർഗത്തിന് ഇനിയെന്തെന്ന് തിരഞ്ഞപ്പോഴാണ് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന കൃഷിയിലേക്ക് തിരിഞ്ഞാലോയെന്ന് ആലോചിച്ചത്. അതിൽ വരുമാനം കൂടുതൽ പോത്തുവളർത്തലിനാണെന്ന് നജീബിന് അറിയാമായിരുന്നു.

ഇരട്ടസഹോദരങ്ങളായ ഇർഫാനും ഇർഷാദിനും പിതാവായ ഇബ്രാഹിമിനുമൊപ്പം രണ്ടും കല്പിച്ചിറങ്ങി. ആദ്യം ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്ന് എത്തിച്ച നാടൻപോത്തുകളായിരുന്നുവെങ്കിലും ഇപ്പോൾ പോത്തുകളിൽ കേമനായ മൊറ ഇനത്തെത്തന്നെ ഹരിയാണയിൽനിന്ന് കൊണ്ടുവന്നു.

Bus owner turns cattle owner during lockdownനിലവിൽ അൻപതോളം പോത്തുകളാണ് ഇവിടുള്ളത്. 'ബസ് ഓടിയില്ലെങ്കിലും ടാക്സ് അടയ്ക്കണം, ഓടാൻ ഇന്ധനവും. പോത്തിനാകുമ്പോൾ ഉണക്കപ്പുല്ലും വെള്ളവും കൊടുത്താൽ മതി' നജീബ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

വീട്ടുപരിസരത്ത് തുടങ്ങിയ പോത്തുവളർത്തൽ എണ്ണംകൂടിയതോടെ കാലിച്ചാനടുക്കം ചോമങ്കോട്ട് ഫാമൊരുക്കി അങ്ങോട്ടുമാറ്റി. കേരളത്തിലെ മിക്ക ജില്ലകളിൽനിന്ന് പോത്തിനെത്തേടി ആളുകൾ ഫാമിൽ എത്തുന്നതായി നജീബിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു. പോത്തുവ്യാപാരം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാനാകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് നജീബും കുടുംബവുമിപ്പോൾ.

Content Highlights:Bus owner turns cattle owner during lockdown, Health, Covid19, Corona Virus, Forgot 2020