കണിച്ചുകുളങ്ങര (ആലപ്പുഴ): 'കപ്പലില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ പത്തിരട്ടി സംതൃപ്തിയാണ് ഈ തട്ടുകടയില്‍ നിന്നുള്ള വരുമാനം'. ആറുവര്‍ഷത്തോളം യാത്രാക്കപ്പലില്‍ ആഹാരം വിളമ്പിയ കണിച്ചുകുളങ്ങര കടുത്താനത്ത് ബിബോഷിന്റെ വാക്കുകളാണിത്.

കോവിഡിനെത്തുടര്‍ന്ന് കപ്പലിലെ ഷെഫ് ജോലി നഷ്ടപ്പെട്ട മുപ്പത്തിയേഴുകാരന്‍ ഈ തട്ടുകടയുടെ ലോകത്ത് ഇപ്പോള്‍ ഹാപ്പിയാണ്.  കുട്ടിക്കാലം മുതല്‍ പാചക കലയോട് ഇഷ്ടവുമായിരുന്നു.  

നഷ്ടപ്പെട്ടത് സ്വപ്നതുല്യമായ ജോലി

കപ്പലിലെ ഷെഫ് ജോലി ബിബോഷിന് സ്വപ്നതുല്യമായിരുന്നു. മൂന്നുവര്‍ഷം ബഹറൈനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലിചെയ്തശേഷമാണ് ഫ്‌ളോറിഡ ആസ്ഥാനമായ യാത്രാകപ്പലില്‍ 2014-ല്‍ ജോലി കിട്ടിയത്. ജനുവരിയില്‍ നാട്ടില്‍ വന്നതാണ്. കോവിഡ് ഭീതിക്കിടയിലും മാര്‍ച്ചില്‍ തിരിച്ചുപോവാനൊരുങ്ങിയെങ്കിലും വിമാനമുണ്ടായിരുന്നില്ല. അതോടെ ജോലിയും നഷ്ടപ്പെട്ടു.

പ്രവാസി തട്ടുകട

ദേശീയപാതയില്‍ കണിച്ചുകുളങ്ങരയില്‍ തട്ടകട തുടങ്ങാന്‍ പ്രേരണ നല്‍കിയതും 'പ്രവാസി തട്ടുകട' എന്ന പേരിട്ടതും സുഹൃത്തുക്കളാണ്. വിവാഹം, പിറന്നാള്‍ തുടങ്ങിയ ചടങ്ങുകള്‍ക്കുള്ള ഭക്ഷണത്തിന്റെ ഓര്‍ഡറും സ്വീകരിക്കുന്നുണ്ട്. പാചകം കൂടുതലും വീട്ടിലാണ്. മൂന്നുമണിയോടെ തട്ടുകടയില്‍ എത്തും. കപ്പലില് കൂടെ ജോലിചെയ്തിരുന്ന ചേര്ത്തല ഒളേപ്പ് സ്വദേശി ജ്യോതിഷാണ് പ്രധാന സഹായി. അച്ഛന് ബാബുവും ബന്ധുവായ ശ്രീജിത്തും കൂടെ ഉണ്ട്.

കായല്‍ മത്സ്യങ്ങളുടെ വ്യത്യസ്ത വിഭവങ്ങളാണ് ബിബേഷിന്റെ സ്‌പെഷ്യല്‍. മീന്‍ ചമ്മന്തിയും തോരനും അവിയലും മറ്റും ചേര്‍ത്ത നല്ല നാടന്‍ ഊണും കിട്ടും.  

Forgot 2020സന്തോഷമാണ് വലുത്

കപ്പലില്‍ പ്രതിമാസം 80,000 രൂപയോളം വരുമാനം കിട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ പുറത്ത് വരുന്നത് കുറവാണ്. അതുകൊണ്ടുതന്നെ വരുമാനം മെച്ചപ്പെട്ട് വരുന്നതേയുള്ളൂ. എങ്കിലും നാട്ടില്‍ പുതിയ സംരഭത്തിലും പത്തുപേര്‍ക്ക് ജോലി കൊടുക്കുന്നതിലും  സന്തോഷമുണ്ടെന്ന് ബിബേഷ് പറയുന്നു.

കരിമീന്‍ കറിക്ക് പുരസ്‌കാരം

കളമശ്ശേരിയില് ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റ്യൂട്ടില്‌നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചശേഷം പൂവാറില്‍ നക്ഷത്രഹോട്ടലില്‍ ഷെഫായി ജോലി തുടങ്ങി. പിന്നീട് കുമരകത്തെ കെ.ടി.ഡി.സി.യിലായിരുന്നു. 2006-ല് കുമരകത്തെ കെ.ടി.ഡി.സി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ  കെ.ടി.ഡി.സി എം.ഡി. രമണ്‍ ശ്രീവാസ്തവയ്ക്ക് ബിബോഷിന്റെ കരിമീന്‍ പെളളിച്ചത് ഇഷ്ടപ്പെട്ടു. അതിന് പുരസ്‌കാര പത്രവും നല്‍കി.

Content Highlights: Bibosh once a chef in Ship now a street food stall entrepreneur