കൊറോണക്കാലത്ത് രാപകലില്ലാതെ ജോലിചെയ്യുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. മുന്നിലിരിക്കുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് പലരും ശുശ്രൂഷിക്കുന്നത്. കരുതലും സ്‌നേഹവും ക്ഷമയുമൊക്കെ വേണ്ടുവോളം ഉണ്ടാകണമെന്ന് തെളിയിക്കുന്ന ഒരു ഡോക്ടറുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കൊറോണക്കാലത്ത് ഒ.പിയില്‍ ചികിത്സയ്‌ക്കെത്തിയ ഒരമ്മയെക്കുറിച്ച്  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.അബ്ദുള്‍ ഗഫൂറാണ് ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്. 

ചികിത്സയ്‌ക്കെത്തിയ അമ്മ മാസ്‌ക് ധരിച്ചിരിക്കുന്ന ഡോക്ടറുടെ മുഖമൊന്നു കാണണമെന്നും  എന്നാലേ ഡോക്ടറെ കണ്ടിട്ടുള്ളു എന്നു തോന്നൂ എന്നും പറയുന്നു. അമ്മയ്ക്കായി മാസ്‌ക് നീക്കം ചെയ്യുമ്പോള്‍ കയ്യൊന്നു പിടിക്കണമെന്നും പറയുന്നു. ഒടുവില്‍ പോംകുംമുമ്പ് ബാഗിലിരിക്കുന്ന സാനിറ്റൈസര്‍ കൊണ്ട് ഡോക്ടറുടെ കൈകള്‍ വൃത്തിയാക്കാന്‍ പറഞ്ഞാണ് അവര്‍ കടന്നുപോയത്.

കുറിപ്പ് വായിക്കാം...

ഇന്ന് എന്റെ ഒപി ദിവസമായിരുന്നു. തിരക്ക് കുറവായിരുന്നു. സാധാരണ ഉണ്ടാവാറുള്ളതിന്റെ പത്തിലൊന്ന് രോഗികള്‍ മാത്രം.        

കോവിഡ് കാലത്ത് വേണ്ട മുന്‍കരുതലുകളെല്ലാം എടുത്താണ് ഞാന്‍ പരിശോധനക്കിരുന്നത്. 

ഒരു മീറ്റര്‍ അകലം...ഫോണില്ല...റിസ്റ്റ് വാച്ചില്ല...ഓരോ കേസിനും ശേഷം ഹാന്‍ഡ് സാനിറ്റൈസര്‍...ബൈ സ്റ്റാന്‍ഡറില്ല...അങ്ങനെ പലതും ....             

അപ്പോളാണ് ഞാന്‍ 'അമ്മ' എന്ന് അഭിസംബോധന ചെയ്യുന്ന, കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്നുള്ള ആ വൃദ്ധ വന്നത്. വീട്ടില്‍ത്തന്നെ തുന്നിയതെന്ന് തോന്നിക്കുന്ന ഒരു മാസ്‌ക്ക്  മുഖാവരണം ധരിച്ചിരുന്നു അവര്‍.  എന്നെ കണ്ടപ്പോള്‍ അവര്‍ പുഞ്ചിരിക്കുകയും ആ മുഖം തിളങ്ങുകയും ചെയ്തു. (ആളുകള്‍ മാസ്‌ക്ക് ധരിച്ചാലും അവരുടെ മുഖഭാവവും വികാരങ്ങളും ഊഹിച്ചെടുക്കാനുള്ള കഴിവ് കൊറോണക്കാലം എനിക്ക് നല്‍കിയിട്ടുണ്ട്. )     

എങ്കിലും അമ്മ, ഇരുന്നയുടനെ അവരുടെ മുഖാവരണം അഴിച്ചു മാറ്റി. എന്റെ ഊഹം ശരിയായിരുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എന്ന വണ്ണം അവര്‍ വീണ്ടും പുഞ്ചിരിച്ചു..   
 
ജാഗ്രതയോടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന ഒരു ഡോക്ടര്‍ ആയ ഞാന്‍ അവരെ  തൊടാതെത്തന്നെ ക്ലിനിക്കല്‍ പരിരോധന പൂര്‍ത്തിയാക്കി. മരുന്ന് എഴുതി കുറിച്ച് ഒ പി ടിക്കറ്റ് ടിക്കെറ്റ് തിരിച്ചു കൊടുത്തു. 

അപ്പോള്‍ പൊടുന്നനെ അവരുടെ മുഖം മങ്ങി.  ചിരി മാഞ്ഞു മ്ലാനവദനയായി.  എന്താണ് തെറ്റ് സംഭവിച്ചതെന്ന് ഞാന്‍ ചിന്തിച്ചിരിക്കെ അവര്‍  പറഞ്ഞു, 'എനിക്ക് മോന്റെ  മുഖം ഒന്ന് കാണണം. അപ്പോള്‍ മാത്രമേ ഞാന്‍ ഡോക്ടറെ കണ്ടിട്ടുള്ളൂ എന്ന് എനിക്ക് തോന്നുകയുള്ളൂ, എന്നാലേ അമ്മയ്ക്ക് സുഖം തോന്നുകയുള്ളൂ.'   

വിമുഖതയോടെ ആണെങ്കിലും ഞാന്‍ എന്റെ മാസ്‌ക് നീക്കം ചെയ്തു. അവരുടെ മുഖം വീണ്ടും മിന്നി പ്രകാശമാനമായി                   
 
പിന്നെ അവര്‍ പറഞ്ഞു, ' എനിയ്ക്ക് മോന്റെ കയ്യൊന്ന് പിടിയ്ക്കണം '. 

ഞാന്‍ എന്റെ കൈകള്‍ അവര്‍ക്ക് നേരെ നീട്ടി.  കുറച്ച് നേരം അവര്‍ എന്റെ കൈകള്‍  കൂട്ടിപ്പിടിച്ചു. പിന്നെ അവര്‍ പതുക്കെ എഴുന്നേറ്റ് ഒരു ചെറിയ തുണി സഞ്ചി പുറത്തെടുത്ത് അതില്‍ നിന്ന് ഒരു ചെറിയ കുപ്പി ശ്രദ്ധാപൂര്‍വ്വം  പുറത്തെടുത്തു. അതില്‍ കുറച്ച് സാനിറ്റൈസര്‍ ഉണ്ടായിരുന്നു, അതില്‍ നിന്നവര്‍ അല്‍പം എന്റെ കൈകളിലേക്ക് ഒഴിച്ച് എന്റെ കൈകള്‍  വൃത്തിയാക്കാന്‍ പറഞ്ഞു. ഞാന്‍ അത് പ്രകാരം ചെയ്തു. 

പിന്നെ... അമ്മ പതുക്കെ പുറത്തേക്ക് നടന്നു ......

Content Highlights: dr abdul gafoor touching note on a mother