കോവിഡ് രോഗവ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെക്കുറിച്ചും, മറ്റ് സംസ്ഥാനങ്ങളെക്കുറിച്ചും ഇല്ല. അതുകൊണ്ട് തന്നെ അത്തരം പ്രദേശങ്ങളിൽ നിന്ന് വരുന്നവർ തങ്ങൾ വഴി സ്വന്തം കുടുംബത്തിനും നാട്ടിനും രോഗം വരാതെ ഇരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ടത്

യാത്ര കഴിഞ്ഞ് വന്നാൽ 14 ദിവസം വരെ (ചില സ്ഥലങ്ങളിൽ നിന്ന് വന്നവർക്കും, ചില വ്യക്തികൾക്കും ഇത് 28 ദിവസം വേണ്ടി വന്നേക്കാം) നിങ്ങൾ ക്വാറന്റൈനിൽ ഇരിക്കേണ്ടത് വീട്ടിൽ അല്ല. മുറിയിൽ ആണ്. അതായത് ഹോം ക്വാറന്റൈൻ അല്ല വേണ്ടത് റൂം ക്വാറന്റൈൻ ആണ് എന്നർഥം.
ഇത് സമൂഹത്തിന്റെ സുരക്ഷയേക്കാൾ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് എന്ന് ഓർക്കുക. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കൃത്യതയോടെ പാലിക്കുക. വിട്ടുവീഴ്ചകൾ ആപത്ത് ക്ഷണിച്ചു വരുത്തും.

 1. വരുന്നതിനു മുൻപ് തന്നെ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുക. വരുന്ന സമയം അറിയിക്കുക. വേണ്ട മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങൾ ചോദിച്ചു മനസ്സിലാക്കുക. അതിനനുസരിച്ചുള്ള ഒരുക്കങ്ങൾ വീട്ടിൽ നടത്താൻ വീട്ടുകാരെ ചുമതലപ്പെടുത്തുകയും, ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും അനുസരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക.
 2. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മുറിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനും, വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും വീട്ടുകാരോട് നിർദേശിക്കുക.
 3. 60 കഴിഞ്ഞവർ വീട്ടിൽ ഉണ്ടെങ്കിൽ അവരെ മറ്റ് ബന്ധുവീടിലേക്ക് മാറ്റുക.
 4. വീട്ടിൽ നിലവിലുള്ള മുഴുവൻ ആളുകളും 14 ദിവസത്തേക്ക് മറ്റൊരിടത്ത് മാറി താമസിക്കുന്നതാണ് ഏറ്റവും ഉത്തമം.
 5. വർഷങ്ങൾ കഴിഞ്ഞു വീട്ടിൽ വരുന്നതാകാം- കുഞ്ഞിനെ ജനിച്ച ശേഷം ആദ്യമായി കാണുക ആയിരിക്കാം...ന്യായങ്ങൾ എന്തുതന്നെ ആയാലും പ്രിയപ്പെട്ടവരുടെ സുരക്ഷയെ കരുതി സ്നേഹ പ്രകടനങ്ങൾ രണ്ടാഴ്ച കൂടി നീട്ടി വെക്കുക. വേവും വരെ കാത്തവർക്ക്, ആറും വരെ കാക്കാമല്ലോ... പ്രിയപ്പെട്ടവർക്ക് വേണ്ടിയാകുമ്പോൾ അതാകും യഥാർഥ സ്നേഹം.
 6. ഒരു കാരണവശാലും വീട്ടിൽ നിന്ന് അല്ല- തിരഞ്ഞെടുത്ത മുറിയിൽ നിന്ന് പോലും പുറത്ത് കടക്കരുത്. വർഷങ്ങളായി കാണാത്ത ബന്ധുക്കളെ കാണാൻ 14 ദിവസം കൂടെ കാത്തു നിൽക്കുന്നതാണ് നിങ്ങൾക്കും അവർക്കും നല്ലത്.
 7. നിരീക്ഷണത്തിലെ വ്യക്തിയെ ആരോഗ്യ പ്രവർത്തകർ വിളിക്കുമ്പോൾ അയാൾ തന്നെ ഫോൺ എടുക്കണം. ഫോൺ മറ്റൊരാൾക്ക് ഒരു കാരണവശാലും കൈമാറരുത്. (ഫോൺ വഴിയും രോഗം പകരാം എന്ന് ഓർക്കുക)
 8. ക്വാറന്റൈന് വേണ്ടി തിരഞ്ഞെടുക്കുന്നത് നന്നായി കാറ്റും, വെളിച്ചവും കടക്കുന്ന മുറി ആയിരിക്കണം.
 9. കഴിയുന്നതും മുറി ബാത്ത് അറ്റാച്ച്ഡ് ആയിരിക്കണം.
 10. കൈകൾ സോപ്പിട്ട് കഴുകാൻ സൗകര്യം ഉണ്ടായിരിക്കണം.
 11. മേൽ പറഞ്ഞ സൗകര്യങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാൻ പാടുള്ളതല്ല.
 12. വീട്ടിലെ മറ്റ് താമസക്കാർ ഈ മുറിയിൽ കയറാൻ പാടില്ല- ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണം.
 13. ക്വാറന്റൈനിൽ ഉള്ള വ്യക്തി പ്രത്യേകം കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. അവ സോപ്പ്/ ഡിറ്റർജന്റ് ഉപയോഗിച്ച് നന്നായി കഴുകുക.
 14. ക്വാറന്റൈനിൽ ഉള്ള വ്യക്തിക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് അവരുടെ നിർദേശങ്ങൾ പാലിക്കുക. ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിൽ പോകരുത്.
 15. ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകണം- പ്രത്യേകിച്ച് ഭക്ഷണത്തിന് മുൻപ്, കക്കൂസ് ഉപയോഗിച്ച ശേഷം, സ്രവങ്ങൾ കയ്യിൽ പുരണ്ട ഉടനെ എന്നിങ്ങനെ.
 16. കൈയിൽ അഴുക്ക് ഉണ്ടെങ്കിൽ നിർബന്ധമായും സോപ്പിട്ട് കഴുകുക- അല്ലാത്ത പക്ഷം ഹാൻഡ് റബ് (ആൾക്കഹോൾ അടങ്ങിയത്) ഉപയോഗിക്കാം.
 17. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല/ ടിഷ്യൂ പേപ്പർ കൊണ്ട് വായും, മൂക്കും മറച്ച് പിടിക്കുക. അതിനുശേഷം കൈകൾ ശുദ്ധീകരിക്കുക.
 18. വായും, മൂക്കും, കണ്ണും തൊടാതെ ഇരിക്കുക.
 19. അത്യാവശ്യമെങ്കിൽ വീട്ടിലെ ഒരാൾ മാത്രം ക്വാറന്റൈനിൽ ഉള്ള വ്യക്തിയുമായി സമ്പർക്കം പുലർത്താൻ അനുവദിക്കുക- അതും ഒരു മീറ്റർ അകലം പാലിച്ച്. അവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചുവടെ ചേർക്കുന്നു.
 • സമ്പർക്കം പുലർത്തുന്ന വ്യക്തി മുറിയിൽ കയറുമ്പോൾ വായും, മൂക്കും പൂർണമായി മൂടുന്ന രീതിയിൽ മാസ്ക്ക് ധരിച്ചിരിക്കണം.
 • സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ കയ്യുറകൾ നിർബന്ധമായും ധരിച്ചിരിക്കണം.
 • കയ്യുറകളും, മാസ്ക്കും ധരിക്കും മുൻപും, അഴിച്ച ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
 • ഉപയോഗിച്ച കയ്യുറയും, മാസ്ക്കും പുനരുപയോഗിക്കാൻ പാടില്ല.
 • ഭക്ഷണം കൊടുക്കുന്ന ആൾ അത് റൂമിന്റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നിൽക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതിൽ അടക്കുകയും ചെയ്യുക.

19. വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്റൈനിൽ ഉള്ള വക്തിക്ക് പത്രം നൽകുക. നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച ശേഷം പത്രം റൂമിൽ തന്നെ സൂക്ഷിക്കുക. മറുള്ളവർ അത് കൈകാര്യം ചെയ്യാൻ പാടില്ല.
20. നിരീക്ഷണ കാലത്ത് പുറത്ത്, റോഡിൽ, ടൗണിൽ കണ്ടാൽ, സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും, 10000 രൂപ പിഴയും കേസും നേരിടേണ്ടി വരുമെന്നും ഓർക്കുക. നിയമം കർശനമാണ്. ദാക്ഷിണ്യം പ്രതീക്ഷിക്കരുത്.
21. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, ആശ വർക്കർമാർ, പഞ്ചായത്ത് ചുമതലപ്പെടുത്തിയ
നിരീക്ഷക സമിതി അംഗങ്ങൾ തുടങ്ങിയവർ ദിവസത്തിൽ പല തവണ ഫോണിൽ വിളിച്ചേക്കാം. നാടിന്റെ സുരക്ഷക്ക് വേണ്ടി അവരെ ഏൽപിച്ച ദൗത്യമാണത്. അവർക്ക് സംയമനത്തോടെ മറുപടി നൽകുക. ബുദ്ധിമുട്ടുകൾ അവരുടെ ശ്രദ്ധയിൽ പെടുത്തുക. അവരോട് മോശമായി പെരുമാറുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഓർക്കുക.

ഞങ്ങൾ ഇതു വരെ ഉണ്ടായിരുന്ന സ്ഥലത്ത് ഇങ്ങിനെ ഒന്നുമില്ല, ചെക്ക് പോസ്റ്റിൽ വെച്ച് ഞങ്ങളോട് ഇങ്ങനെ അല്ല പറഞ്ഞത് തുടങ്ങിയ ന്യായവാദങ്ങൾക്ക് പ്രസക്തിയില്ല. ഇവിടെ ഇങ്ങനെയാണ്- അത് കൊണ്ടാണ് കേരളം കോവിഡ് നിയന്ത്രണത്തിൽ മാതൃക ആകുന്നത്. ദയവായി സഹകരിക്കുക.
ഈ നിയന്ത്രണങ്ങൾ നിങ്ങളുടെയും, കുടുംബത്തിന്റെയും നാടിന്റെയും നൻമയ്ക്ക് വേണ്ടിയാണെന്ന് ഓർക്കുക.

ശ്രദ്ധിക്കുക

പനി, ചുമ, ജലദോഷം, തൊണ്ടവേദന, വയറിളക്കം, മണം അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ നിങ്ങൾക്ക് നൽകിയിരിക്കുന്ന സ്ഥലത്തെ ആരോഗ്യപ്രവർത്തകരുടെ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക. മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാത്രം
ആശുപത്രിയിലെത്തണം. അല്ലാതെ സ്വന്തം നിലക്ക് ആശുപത്രി സന്ദർശനം കുറ്റകരമാണ്.

ഓർക്കുക, ക്വാറന്റൈൻ എന്ന് പറഞ്ഞാൽ രോഗം പകരാതിരിക്കാൻ വീട്ടുകാർക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ് അർപ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവർത്തനം കൂടെ ആണ്.

അഭിമാനിക്കുക

ലോകത്തിലെ ഏറ്റവും സുശക്തമായ കോവിഡ് പ്രതിരോധ സേനയുള്ള സംസ്ഥാനത്തിന്റെ സംരക്ഷണയിലാണ് നിങ്ങളിപ്പോൾ. അത് നിലനിർത്തൽ നിങ്ങളുടെ കൂടി ചുമതലയാണ്, ഉത്തരവാദിത്തമാണ്. സഹകരിക്കുക.

(കേരള ഹെൽത്ത് സർവീസസിൽ അസിസ്റ്റന്റ് ഡയറക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമാണ് ലേഖകൻ)