കോവിഡിന്റെ തുടക്കത്തില്‍ പൊതുജനങ്ങള്‍ മാസ്ക്ക് ഉപയോഗിക്കുന്നത് പൊതുവെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും മാസ്ക്ക് ഉപയോഗിക്കുന്നത് നിർബന്ധമാണെന്ന നിലവന്നു.
ആരും പറയാതെ തന്നെ നിരവധി ആളുകള്‍ മാസ്ക്ക് സ്വയം ഉണ്ടാക്കിയും വാങ്ങിയും ഒക്കെ ഉപയോഗിക്കുന്നുമുണ്ട്. മാത്രമല്ല, മാസ്ക്ക് ശരിയായ രീതിയില്‍ അല്ലാതെ ഉപയോഗിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മാസ്ക്ക് ശരിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നും അറിഞ്ഞിരിക്കണം
- മാസ്ക്ക് ഭാഗികമായ സംരക്ഷണം മാത്രമാണ് നല്‍കുന്നത്- പ്രത്യേകിച്ച് തുണി മാസ്ക്കുകള്‍.
- കൈകള്‍ സോപ്പിട്ടു കഴുകുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും പൊത്തിപിടിക്കുക എന്നീ അടിസ്ഥാന കാര്യങ്ങള്‍ക്ക് പകരമാവില്ല മാസ്ക്ക് ഒരിക്കലും.
- സാമൂഹ്യ അകലം (ഒരു മീറ്ററില്‍ കൂടുതല്‍) പാലിക്കേണ്ടത് അത്യാവശ്യമാണ്. മാസ്ക്ക് ധരിച്ചതുകൊണ്ട് പാലിക്കേണ്ട അകലം ഒരു വിധത്തിലും കുറയുന്നില്ല എന്ന് ഓര്‍ക്കണം
തുണി മാസ്ക്ക് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ത്രെഡ് കൗണ്ട് 180 ന് മുകളില്‍ ഉള്ള കോട്ടണ്‍ തുണി കൊണ്ട് വേണം മാസ്ക്ക് ഉണ്ടാക്കാന്‍. (എന്താണ് ത്രെഡ് കൗണ്ട് ?- ഒരു ചതുരശ്ര ഇഞ്ച് തുണിത്തരത്തില്‍ അടങ്ങിയിരിക്കുന്ന ത്രെഡുകളുടെ എണ്ണം ആണ് ത്രെഡ് കൗണ്ട് എന്ന് പറയുന്നത്. നീളത്തില്‍ ഉള്ളതും (വാര്‍പ്പ് - Warp), വീതിയില്‍ ഉള്ളതും (വെഫ്റ്റ് - Weft) ആയ നൂലുകളുടെ മൊത്തം എണ്ണം (Warp + Weft) ആണിത്)
- മാസ്ക്ക് വൃത്തിയുള്ളതും, അണുവിമുക്തവുമാണ് എന്ന് ഉറപ്പു വരുത്താന്‍ മാസ്ക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതായിരിക്കും നല്ലത്.
- ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന തുണി സോപ്പ് പൊടി ഉപയോഗിച്ച് നന്നായി കഴുകി, ഉണക്കി, ഇസ്തിരിയിട്ട് എടുക്കുക.
- രണ്ടുപാളി തുണി എങ്കിലും കൊണ്ടു വേണം ഒരു മാസ്ക്ക് നിര്‍മിക്കാന്‍.
- വായും മൂക്കും താടിയും പൂര്‍ണമായി മറയുന്ന രീതിയിലായിരിക്കണം മാസ്ക്കുകള്‍ കെട്ടേണ്ടത്. അതിനാണ് മാസ്കുകള്‍ ഉണ്ടാക്കുമ്പോള്‍ പ്ലീറ്റുകള്‍ വെക്കുന്നത്. ചുരുങ്ങിയത് മൂന്ന് പ്ലീറ്റുകള്‍ എങ്കിലും ഉണ്ടെങ്കിലേ മേല്‍ പറഞ്ഞ രീതിയില്‍ മാസ്ക്ക് മുഖം നന്നായി മറയ്ക്കൂ.
- മാസ്ക്ക് ഉണ്ടാക്കുമ്പോള്‍ അതിനു മുകളിലും താഴേയും കെട്ടുന്ന വള്ളികള്‍ അല്ലെങ്കില്‍ ഇലാസ്റ്റിക് ബാന്‍ഡ് വെക്കേണ്ടതാണ്. മാസ്ക്ക് നന്നായി മുഖത്തോടു ചേര്‍ന്ന് നില്ക്കാന് ഇത് ആവശ്യമാണ്.
- പുറത്തുനിന്ന് വാങ്ങുന്ന മാസ്ക്കുകള്‍ നന്നായി സോപ്പിട്ടു കഴുകി, ഉണക്കി, നല്ല ചൂടില്‍ ഇസ്തിരിയിട്ട ശേഷം മാത്രമേ ഉപയോഗിക്കാവൂ.
- മാസ്ക്ക് ധരിക്കുമ്പോള്‍ വശങ്ങളില് മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന രീതിയില്‍ വേണം നിര്‍മ്മിക്കാന്‍. വശങ്ങളിലൂടെ വായു വരുന്നില്ല എന്ന് ഉറപ്പു വരുത്തണം.
മാസ്ക്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മാസ്ക്ക് എടുക്കും മുന്‍പ് കൈകള്‍ സോപ്പിട്ടു കഴുകുക.
- വായ്, മൂക്ക്, താടി എന്നിവ പൂര്‍ണമായ രീതിയില്‍ മറയുന്ന തരത്തില്‍ മാസ്ക്ക് മുഖത്ത് വെച്ച ശേഷം പിന്നില്‍ കെട്ടുക.
- മാസ്ക്കിന്റെ പ്ലീറ്റുകള്‍ താഴേക്ക് നില്ക്കുന്ന രീതിയില്‍ ആയിരിക്കണം മാസ്ക്ക് കെട്ടേണ്ടത്.
- വശങ്ങളിലൂടെ വായു കടക്കാത്ത രീതിയില്‍ ടൈറ്റ് ആയി വേണം മാസ്ക്ക് കെട്ടാന്‍.
- ഒരാള്‍ക്ക് തുടര്‍ച്ചയായ ഉപയോഗം ഉണ്ടെങ്കില്‍ നാല്-അഞ്ച് മാസ്ക്കുകള്‍ എങ്കിലും വേണ്ടി വരും. പുറത്തു പോകുമ്പോള്‍ ആവശ്യത്തിന് മാസ്ക്കുകള്‍ കയ്യില്‍ കരുതുക
മാസ്ക്ക് അഴിക്കുന്ന രീതി
- മാസ്ക്കിന് നനവ് തോന്നിയാല്‍ ഉടനെ അഴിച്ചു മാറ്റണം.
- മാസ്ക്ക് അഴിക്കുമ്പോള്‍ മാസ്ക്കിന്റെ മുന്‍ഭാഗം ഒരു കാരണവശാലും തൊടാന്‍ പാടില്ല.
- മാസ്ക്കിന്റെ പിന്നിലെ കെട്ടുകള്‍ അഴിച്ചു കയറുകളില്‍ മാത്രം പിടിച്ചു സോപ്പ് വെള്ളത്തില്‍ നിക്ഷേപിക്കുക
- വീട്ടില്‍ വച്ച് അല്ല മാസ്ക്ക് അഴിക്കുന്നത് എങ്കില്‍ മാസ്ക്ക്അതിന്റെ വള്ളിയില്‍ മാത്രം പിടിച്ചു ഒരു സിപ് ലോക്ക് കവറില്‍ നിക്ഷേപിച്ച ശേഷം മാത്രം ബാഗില്‍ വെക്കുക. ഉപയോഗിച്ച മാസ്ക്ക് നേരിട്ട് ബാഗില്‍ ഇടരുത്. വീട്ടില്‍ എത്തിയ ശേഷം മാസ്ക്ക് സോപ്പ് വെള്ളത്തില്‍ ഇടുകയും, സിപ് ലോക്ക് കവര്‍ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുകയും ചെയ്യുക.
- മാസ്ക്ക് അഴിച്ച ഉടനെ കൈകള്‍ സോപ്പിട്ടു കഴുകുക. അതിനുശേഷം മാത്രം പുതിയ മാസ്ക്ക് ധരിക്കുക.
ഉപയോഗിച്ച മാസ്ക്ക് എന്ത് ചെയ്യണം?
- മാസ്ക്ക് ഉപയോഗ ശേഷം നന്നായി സോപ്പിട്ടു കഴുകി, ഉണക്കി, നല്ല ചൂടില്‍ ഇസ്തിരി ഇട്ട ശേഷം വീണ്ടും ഉപയോഗിക്കാം. അഞ്ചു മണിക്കൂറെങ്കിലും നല്ല സൂര്യപ്രകാശത്തില്‍ ഉണക്കാന്‍ ശ്രദ്ധിക്കുക. കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും നല്ല ചൂടില്‍ ഇസ്തിരിയിടണം.
- മാസ്ക്ക് കേടു വന്നു തുടങ്ങിയാല്‍ വീണ്ടും ഉപയോഗിക്കരുത്. അത്തരം മാസ്ക്കുകള്‍ കത്തിച്ചു കളയേണ്ടതാണ്
- മാസ്ക്ക് കഴുകാതെ വീണ്ടും ഉപയോഗിക്കരുത്.
- കഴുകി ഉണക്കിയ മാസ്ക്ക് നല്ല വൃത്തിയുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുക. ഈ കവര്‍ സോപ്പിട്ടു കഴുകി രണ്ടു വശവും ഉണക്കി എടുക്കണം.
ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
- മാസ്ക്ക് ആറു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല.
- നനവ് വന്നാല്‍ മാസ്ക്ക് തുടര്‍ന്ന് ഉപയോഗിക്കാന്‍ പാടില്ല.
- മാസ്ക്കിന്റെ മുന്‍ഭാഗം ഒരു കാരണവശാലും തൊടാന്‍ പാടില്ല.. അഥവാ തൊട്ടു പോയാല്‍ ഉടനെ കൈകള്‍ സോപ്പിട്ടു കഴുകണം.
- മാസ്ക്ക് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്. അഥവാ ചെയ്യേണ്ടി വന്നാല്‍ കൈകള്‍ ഉടനെ സോപ്പിട്ടു കഴുകണം.
- ഒരാള്‍ ഉപയോഗിക്കുന്ന മാസ്ക്ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.
- മാസ്ക്ക് അഴിക്കുന്ന സമയത്ത് കൈകള്‍ കൊണ്ട് കണ്ണും മൂക്കും വായും, തൊടാന്‍ പാടില്ല.
- ശ്വാസതടസ്സം അനുഭവപ്പെടുന്ന ആളുകള്‍, കിടപ്പിലായവര്‍, അബോധാവസ്ഥയില്‍ ഉള്ളവര്‍ തുടങ്ങിയവരെ മാസ്ക്ക് ധരിപ്പിക്കരുത്.
- മാസ്ക്ക് കുട്ടികള്‍ക്ക് കളിയ്ക്കാന്‍ കൊടുക്കരുത്.
- രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മാസ്ക്ക് ഉപയോഗിക്കാന്‍ പാടില്ല.
- ആരോഗ്യപ്രവര്‍ത്തകര്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗബാധ സംശയിക്കുന്നവര്‍ എന്നിവര്‍ തുണി മാസ്ക്ക് ഉപയോഗിക്കാന്‍ പാടില്ല. അവര്‍ മെഡിക്കല്‍ മാസ്ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. മാസ്ക്ക് മാത്രം ഉപയോഗിച്ചതുകൊണ്ട് ആര്‍ക്കും സംരക്ഷണം ലഭിക്കില്ല. ശുചിത്വ ശീലങ്ങള്‍ പാലിക്കുക എന്നതാണ് ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ ആവശ്യം എന്ന് ഓര്‍ക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. വി. ജിതേഷ്
എപ്പിഡെമിയോളജിസ്റ്റ്& പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ്
അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്
അമൃതകിരണം
Content Highlights: Covid19 precautions to take when using a cloth mask, Health