കൊറോണ വൈറസ് അതിന്റെ അശ്വമേധം നടത്തുന്ന ഇക്കാലത്ത് ഒരു ദിവസം ഒരു പഴയ (ഏതാണ്ട് 20 വര്‍ഷം) മൈക്രോബയോളജി പുസ്തകം എന്റെ കൈയില്‍പ്പെട്ടു. വെറുതെ പേജുകള്‍ മറിച്ചുനോക്കുമ്പോള്‍ കാണാം അപ്രധാനമായ ഒരു പേജിന്റെ മൂലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു മൂപ്പര്‍. ഒരു നിരുപദ്രവകാരിയുടെ പരിവേഷത്തോടെ. സാധാരണയായി കാണുന്ന പനി, ജലദോഷം, ചുമ എന്നിങ്ങനെയുള്ള ചെറിയ അസുഖങ്ങള്‍ പകര്‍ത്തുന്ന ഒരു സാധാരണ വൈറസ്.

കൊറോണ വൈറസ് ഒരു ആര്‍.എന്‍.എ. വൈറസ് ആണ്. അതിന്റെ രൂപം ഏതാണ്ട് ഒരു കിരീടം പോലെയുണ്ട്. അതുകൊണ്ടാണ് വൈറസിന് ഈ പേര്‍ ലഭിച്ചത്. പക്ഷികളിലും സസ്തനികളിലും ഇത്തരം വൈറസുകള്‍ ജീവിക്കുന്നു, തക്കം കിട്ടിയാല്‍ മനുഷ്യരില്‍ രോഗമുണ്ടാക്കുന്നു. രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്കുവരുന്ന കണികകളിലൂടെയാണ് (Droplets) ഇവര്‍ മറ്റുള്ളവരിലേക്ക് പകരുന്നത്. മൂക്കിലും തൊണ്ടയിലും ഇവ 'കോളനികള്‍' (Colonization) ഉണ്ടാക്കി വസിക്കുന്നു. കഥ തീര്‍ന്നു. ശുഭം.

120 നാനോ മീറ്ററാണ് വൈറസിന്റെ വലിപ്പം. അതായത് ഇലക്ട്രോണ്‍ മൈക്രോസ്‌ക്കോപ്പ് വേണം കാണാന്‍. സാധാരണയായി വവ്വാല്‍, പക്ഷികള്‍ എന്നിവയാണ് ഇത്തരം വൈറസിന്റെ വാസസ്ഥലം (Natural Reservoir). ചിലപ്പോള്‍ ചില മൃഗങ്ങള്‍ (ഉദാ: ഒട്ടകം, കുതിര) ഇടനിലക്കാരായി നിന്നേക്കാം (Intermediate host). ഇവരുമായി ഇടപഴകുന്നതുമൂലമാണ് ഇവ മനുഷ്യനിലേക്ക് കടക്കുന്നത് (Zoonosis). ഈ വൈറസ് നിസ്സാരക്കാരനല്ല എന്ന് മനസ്സിലാക്കുന്നത് രണ്ടായിരമാണ്ടോടു കൂടിയാണ്.

2002 നവംബര്‍ മാസത്തില്‍ ചൈനയിലെ ഗുവാന്‍ഗ്ഡോംഗ് പ്രവിശ്യയില്‍ ഒരു കൃഷിക്കാരന്‍ ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും മരുന്നുകള്‍ ഒന്നും ഫലിക്കാതെ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രവിശ്യയിലെ ആശുപത്രികളില്‍ സമാനമായ രോഗലക്ഷണങ്ങളോടുകൂടി നിരവധി പേര്‍ അഡ്മിറ്റു ചെയ്യപ്പെടുകയും മരണമടയുകയും ചെയ്തു. ഡിസംബര്‍ മാസമാകുമ്പോഴേക്കും അഞ്ഞൂറോളം മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. അസുഖബാധിതകര്‍ക്ക് ഗുരുതരമായ ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ ഈ അസുഖത്തെ ഗുരുതരമായ ശ്വാസകോശരോഗം (Severe Acute Respiratory Distress Syndrome - SARS) എന്ന് വിളിക്കപ്പെട്ടു. അതേസമയം ഗുവാന്‍ഗ്ഡോംഗില്‍ രോഗികളെ ചികിത്സിച്ച ഒരു ഡോക്ടര്‍ ഹോങ്കോങ്ങിലേക്ക് യാത്ര തിരിക്കുകയും അവിടെ ഒരു ഹോട്ടലില്‍ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുകയും ചെയ്തു. അദ്ദേഹം അവിടെ നിന്ന് ഇതേ രോഗം വന്ന് മരണപ്പെട്ടതോടെ ചൈനയ്ക്ക് പുറത്തേക്കുള്ള ഈ രോഗത്തിന്റെ വ്യാപനം ശ്രദ്ധിക്കപ്പെട്ടു. അതേ സമയം ഹോങ്ങ്കോങ്ങില്‍ നിന്നും തിരിച്ചെത്തിയ ഒരു വിനോദസഞ്ചാരി കാനഡയിലെ ടൊറാന്റോയില്‍ ഈ രോഗം പടര്‍ന്നുപിടിക്കുന്നതിന് ഹേതുവായി. അപ്പോഴേയ്ക്കും വിയറ്റ്നാം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

ലോകത്താകമാനം എണ്ണായിരത്തോളം പേര്‍ക്ക് ഈ രോഗം സ്ഥിരീകരിക്കപ്പെട്ടു. അതില്‍ എണ്ണൂറോളം പേര്‍, അതായത്, പത്തുശതമാനം മരണപ്പെട്ടു. തുടര്‍ന്ന് രോഗവ്യാപനം കുറയുകയും 2003 ജൂലായ് അഞ്ചോടെ രോഗവ്യാപനം ഏതാണ്ട് അവസാനിച്ചു എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയും ചെയ്തു.

രോഗത്തിന് കാരണമായ വൈറസ് പുതിയതരം കൊറോണ വൈറസാണെന്ന് കണ്ടുപിടിച്ചു. (SARS-COV) രോഗാണു വ്യാപനത്തിന്റെ ഉത്ഭവം കണ്ടുപിടിക്കുന്നതിനായുള്ള അന്വേഷണം ചെന്നെത്തിയത് ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലുള്ള ഒരു മാംസ മാര്‍ക്കറ്റിലാണ്. അവിടെ നിന്ന് ചൈനയിലെ ഒരു തരം വവ്വാലില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇതേ വൈറസ് കണ്ടെത്തി. മാര്‍ക്കറ്റിന്റെ അടുത്തുള്ള യുനാന്‍ പ്രവിശ്യയിലെ ഒരു ഗുഹയില്‍ ധാരാളം വവ്വാലുകള്‍ (Horseshoe bats) വസിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടു.

അടുത്ത ഊഴം സൗദി അറേബ്യയുടേതായിരുന്നു. 2012 ല്‍ പനി, ചുമ, കഫക്കെട്ട് എന്നീ ലക്ഷണങ്ങളോടെ സൗദി അറേബ്യയില്‍ ധാരാളം പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തു. 2014 ജൂണ്‍ മാസമായപ്പോഴേയ്ക്കും സൗദി അറേബ്യയില്‍ മുന്നൂറോളം പേര്‍ ഈ രോഗം മൂലം മരണപ്പെട്ടു. ഈ രോഗത്തെ മെര്‍സ് (Middle East Respiratory Syndrome- MERS) എന്നു വിളിപ്പേരിട്ടു. 2015 ല്‍ ദക്ഷിണ കൊറിയയില്‍ ഈ രോഗം പൊട്ടിപ്പുറപ്പെട്ടു. ഇതുവരെ 3000 പേരില്‍ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ മൂന്നിലൊന്നു പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ മിക്കവരും പ്രായമായവരും ഹൃദ്രോഗം, കരള്‍രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥയുള്ളവര്‍ ആയിരുന്നു.

PTI

ഈ അസുഖം കൊറോണ വൈറസിന്റെ ഒരു വകഭേദമാണെന്ന് സ്ഥിരീകരിക്കുകയും അതിനെ മെര്‍സ്- കൊറോണ വൈറസ് (MERS-COV) എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വൈറസിന്റെ ഉറവിടം തേടിപ്പോയ ശാസ്ത്രജ്ഞര്‍ എത്തിയത് അറേബ്യന്‍ ഒട്ടകത്തിന്റെ സമീപത്തേക്കാണ്.

മൂക്കില്‍ നിന്നെടുത്ത ഒട്ടകത്തിന്റെ സ്രവങ്ങളില്‍ നിന്ന് വേര്‍തിരിച്ച വൈറസും രോഗികളില്‍ കണ്ടെത്തിയ വൈറസും ഒന്നാണെന്നറിഞ്ഞതോടെ ഇടനിലക്കാരന്‍ (Intermediary host) ഒട്ടകമാണെന്നു മനസ്സിലായി. ഈ രോഗത്തിന് ഒട്ടകപ്പനി (Camel Flu) എന്നും പേരുണ്ട്. ഒട്ടകത്തിന്റെ ഇറച്ചി, ഒട്ടക പാല്‍ എന്നിവ നന്നായി ചൂടാക്കാതെ കഴിക്കരുതെന്ന് നിയമം വന്നു. പ്രഥമ സ്രോതസ്സിലേക്കുള്ള (Primary Reservoir)  അന്വേഷണം ചെന്നുനില്‍ക്കുന്നത് വവ്വാലുകളില്‍ തന്നെ.

കൊറോണ വൈറസ് അതിന്റെ മൂന്നാം ലോകവ്യാപനത്തിന്റെ (Pandemic) വരവറിയിച്ചത് 2019 ഡിസംബര്‍ 31 നാണ്. ചൈനയിലെ ഹ്യൂബൈ (Hubei) എന്ന പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ (Wuhan) കുറച്ചുപേര്‍ ഒരു പ്രത്യേകതരത്തിലുള്ള കഫക്കെട്ട് (Pneumonia) മൂലം മരണപ്പെടുന്നതായി ശ്രദ്ധിക്കപ്പെട്ടു. ജനവരിയില്‍ ഇത് ഒരു പകര്‍ച്ചവ്യാധിയുടെ രൂപം പ്രാപിച്ചു. ഈ വൈറസിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചവര്‍ എത്തിയത് ഹുനാന്‍ സീ ഫുഡ് മാര്‍ക്കറ്റിലാണ് (Huanan Seafood Wholesale Market). കൊറോണ വൈറസിന്റെ വകഭേദമായ ഈ വൈറസിനെ സാര്‍സ്- കൊറോണ 2 (SARS-COV 2) എന്നു പേരിട്ടു. ഇതിന്റെ പ്രഥമ സ്രോതസ്സ് വവ്വാല്‍ ആണെന്നും സ്ഥിരീകരിക്കപ്പെട്ടു.

മറ്റ് കൊറോണ വൈറസുകളെ അപേക്ഷിച്ച് പുതിയ (Novel) കൊറോണ വൈറസിന്റെ വ്യാപനം വളരെ പെട്ടെന്നായിരുന്നു. മാര്‍ച്ച് ആയപ്പോഴേയ്ക്കും ഈ അസുഖം ലോകമൊട്ടാകെ സംഹാരതാണ്ഡവമാടുകയാണ്. മാര്‍ച്ച് 11 ല്‍ ലോകാരോഗ്യസംഘടന ഈ അസുഖത്തെ ലോകവ്യാപനം (Pandemic) എന്ന് അംഗീകരിച്ചു.
ഈ ലേഖനം എഴുതുന്ന സമയത്ത് ലോകമെമ്പാടും 210 രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഏതാണ്ട് 20 ലക്ഷം പേര്‍ക്ക് ഈ രോഗം പിടിപെടുകയും ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

നാം പഠിക്കണം ചില പാഠങ്ങള്‍

കൊറോണ വൈറസ് ലോകത്താകമാനം നാശം വിതക്കുമ്പോള്‍ നാം പഠിക്കേണ്ട പാഠങ്ങള്‍ ഏറെയാണ്.

അതിവേഗം രൂപമാറ്റം സംഭവിക്കുന്ന വൈറസുകള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ നാം ഇതുവരെ കണ്ടെത്തിയിട്ടുള്ള മരുന്നുകള്‍ ഒന്നും തന്നെ ഇവയ്ക്കെതിരെ ഫലപ്രദമാകില്ലെന്ന് കാണാം. അതുപോലെ അവയ്ക്കെതിരെ പ്രതിരോധിക്കുവാന്‍ ഉതകുന്ന വാക്സിന്‍ പെട്ടെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ കഴിഞ്ഞ് പുറത്തിറങ്ങാനും സാധ്യതയില്ല. സാര്‍സ്-1, മെര്‍സ്, എബോള തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്സിനുകള്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ല. ആധുനിക ചികിത്സയുടെ മകുടോദാഹരണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയിലേയും സ്പെയിനിലേയും മറ്റും എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രികളില്‍ രോഗികള്‍ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.

covid

ഇവിടെയാണ് പൊതുജനാരോഗ്യ മേഖലയുടെ(Public Health) പ്രസക്തി. പ്രതിരോധത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനത്തിന് ആക്കം കുറയ്ക്കുന്നു. തന്മൂലം വന്‍തോതില്‍ രോഗം പൊട്ടിപ്പുറപ്പെടാതിരിക്കുകയും ക്രമേണ രോഗം സമൂഹത്തില്‍ നിന്നു തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നു. വന്‍കിട ആശുപത്രികളും നൂതന ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ലെങ്കില്‍ തന്നെയും ശക്തമായ പൊതുജനാരോഗ്യപ്രവര്‍ത്തനത്തിന്റെ പിന്‍ബലത്തോടെ നാം വരുതിയിലാക്കിയ അസുഖങ്ങള്‍ ഒട്ടേറെയാണ്. കോളറ, പോളിയോ, വസൂരി തുടങ്ങി നിപ വരെ ഇക്കൂട്ടത്തില്‍ പെടുത്താവുന്ന രോഗങ്ങളാണ്. കോവിഡ്- 19 (കൊറോണ) രോഗത്തിനെ നാം പിടിച്ചുനിര്‍ത്തുന്നതും ഇതേ മാര്‍ഗങ്ങള്‍ അവലംബിച്ചു കൊണ്ടുതന്നെയാണ്.

തികച്ചും ലളിതവും അതിനാല്‍ തന്നെ നാം തീരെ പ്രാധാന്യം കൊടുക്കാത്തതുമായ ചില അടിസ്ഥാന തത്ത്വങ്ങളാണ് പ്രതിരോധത്തിലൂന്നിയുള്ള ചികിത്സയുടെ കാതല്‍. ഈ മന്ത്രങ്ങളാണ് ഇന്ന് നമ്മെ മുന്നോട്ടുനയിക്കുന്നത്. ഇത്തരം തത്ത്വങ്ങള്‍ ഈ കൊറോണക്കാലം കഴിഞ്ഞാലും നാം മറന്നുപോയില്ലെങ്കില്‍ ഇവിടെ ഇടയ്ക്കിടെ തലപൊക്കുന്ന പല സാംക്രമിക രോഗങ്ങളില്‍ നിന്നും വളരെ വേഗം മുക്തിനേടിയേനെ. ഇതാണ് ഈ കൊറോണക്കാലത്ത് നാം പഠിക്കേണ്ട പ്രധാന പാഠം.
 
നാം എന്നും ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ 

സോപ്പുപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കുക  

കേള്‍ക്കുമ്പോള്‍ ഒരു പുതുമയുമില്ല. പക്ഷേ കൊറോണ പോലുള്ള പല വൈറസുകളുടെയും പുറന്തോട് (Protective Envelop) സോപ്പു ലായനികൊണ്ട് നശിക്കപ്പെടും എന്നതാണ് ഈ തത്ത്വത്തിന്റെ പിന്നിലുള്ള ശാസ്ത്രം. 20 സെക്കന്‍ഡ് നേരം സോപ്പുവെള്ളമുപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. സോപ്പുവെള്ളത്തോളമെത്തില്ലെങ്കിലും 60 ശതമാനത്തില്‍ കുറയാത്ത ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചാലും വൈറസിനെ ഒരു പരിധിവരെ നിര്‍വ്വീര്യമാക്കാന്‍ കഴിയും. ദശാബ്ദങ്ങള്‍ക്കപ്പുറം കോളറ മൂലം കുഞ്ഞുങ്ങള്‍ മരണപ്പെട്ടപ്പോള്‍ ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ശൗചാലയത്തില്‍ പോയതിനുശേഷം സോപ്പുപയോഗിച്ച്  കൈകഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങളെ ബോധവാന്മാരാക്കിയിരുന്നു. പിന്നീട് ഈ കാര്യം നാം എപ്പോഴോ മറന്നു.
 

hand


ചുമയ്ക്കുമ്പോള്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടോ ടവ്വല്‍ കൊണ്ടോ വായ മൂടുക  

കൊറോണ പോലുള്ള പല വൈറസുകളും മൂക്കിലും തൊണ്ടയിലുമാണ് വസിക്കുന്നത്. അതിനാല്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ആയിരക്കണക്കിന് വൈറസുകള്‍ ജലകണികകള്‍ക്കൊപ്പം പുറത്തുവരാം. അത് അടുത്തിരിക്കുന്നവര്‍ക്ക് രോഗവ്യാപനത്തിന് കാരണമായേക്കാം. നാം ആരോഗ്യകരമായി ചുമയ്ക്കാന്‍ (Cough Etiquette)  ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും ഒരു ടിഷ്യൂ പേപ്പര്‍ കൊണ്ടോ തൂവാല കൊണ്ടോ മറയ്ക്കുക. തുടര്‍ന്ന് ഈ ടിഷ്യൂ പേപ്പര്‍ ഒരു ഡസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്യേണ്ടതാണ്. ടിഷ്യൂ പേപ്പര്‍ ഇല്ലെങ്കില്‍ വായയും മൂക്കും കൈമുട്ടുകൊണ്ട് മറച്ചുവെച്ച് ചുമയ്ക്കാവുന്നതാണ്. ജലദോഷവും ചുമയുമുള്ളവര്‍ മാസ്‌ക്ക് ഉപയോഗിക്കുകയാണെങ്കില്‍ വൈറസിന്റെ വ്യാപനം വളരെ കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ ആശുപത്രികളില്‍ 'കഫ് കോര്‍ണര്‍'  (Cough Corners) സ്ഥാപിച്ചതിന്റെ ലക്ഷ്യവും അതുതന്നെയാണ്. ചുമ, ജലദോഷം തുടങ്ങിയ അസുഖമുള്ളവര്‍ ആശുപത്രിയിലെ കഫ് കോര്‍ണറിലേക്ക് അയക്കപ്പെടുകയും അവിടെ നിന്ന് അവരെ മാസ്‌ക്ക് ധരിപ്പിക്കുകയും അസുഖം മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള പ്രാഥമിക അറിവുകള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. ഈ ഒരു സൗകര്യം എത്രപേര്‍ ഇതിനുമുമ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്? ചുമയും കഫക്കെട്ടുമുള്ള രോഗികള്‍ പരിശോധനാമുറിയുടെ മുന്നില്‍ തിങ്ങിക്കൂടുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. കൊറോണക്കാലത്തിനുശേഷവും ആരോഗ്യകരമായി ചുമയ്ക്കുന്ന രീതി (Cough Etiquette) മറന്നുപോകാതിരുന്നെങ്കില്‍ ഇനി വരാനിരിക്കുന്ന പല സാംക്രമിക രോഗങ്ങളും തടയാന്‍ കഴിഞ്ഞേനെ.

covid

അടുത്തിടപെടുമ്പോള്‍ നമ്മള്‍ തമ്മില്‍ അകലം പാലിക്കുക

പ്ലേഗ്, ഫ്ളൂ തുടങ്ങിയ അസുഖങ്ങള്‍ രോഗത്താകമാനം വ്യാപിച്ചിരുന്ന സമയത്തു തന്നെ അടുത്തിടപെടുമ്പോള്‍ അകലം പാലിച്ചാല്‍(Physical Distancing or Social Distancing) രോഗവ്യാപ്തിയുടെ തീവ്രത കുറയ്ക്കാമെന്ന് നാം മനസ്സിലാക്കിയിരുന്നു. ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന വൈറസ് വാഹകരായ ജലകണികകള്‍ രണ്ടു മീറ്ററിന് അപ്പുറത്തേക്ക് പറന്നെത്തുകയില്ല എന്ന തിരിച്ചറിവാണ് സാമൂഹിക അകലത്തിന്റെ കാതല്‍. അടുത്തിടപഴകിയാല്‍ ഒരു രോഗിയില്‍ നിന്ന് മൂന്നു പേര്‍ക്കെങ്കിലും കൊറോണ വൈറസ് പകരുവാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. അതിനാല്‍ നാം ഒരകലം പാലിച്ചാല്‍ വൈറസിന്റെ വ്യാപനം വളരെ കുറയ്ക്കാന്‍ സാധിക്കും. ഈ കരുതലും കൊറോണക്കാലം കഴിഞ്ഞാലും നമ്മള്‍ മറക്കാതിരുന്നാല്‍ നന്ന്. മണ്‍സൂണ്‍ കാലമാവുമ്പോഴേയ്ക്കും ആശുപത്രിയിലെ പരിശോധനാ മുറിക്കുമുമ്പിലെ തിക്കും തിരക്കും എല്ലാ പൊതുജനാരോഗ്യ തത്ത്വങ്ങളെയും കാറ്റില്‍ പറത്തുമോ എന്നാണ് ഇപ്പോഴത്തെ ഭയം. അതുപോലെ അപകടകരമായ ഒരു പ്രവണതയാണ് പൊതുസ്ഥലത്ത് തുപ്പുന്നത്. ഈ പ്രവണതയും കര്‍ശനമായി നിയന്ത്രിക്കപ്പെടേണ്ടതാണ്.

പരിസര ശുചീകരണം 

രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ (ടി.വി., മൊബൈല്‍, എ.ടി.എം. മെഷീന്‍) വാതില്‍പ്പിടി, ബാത്ത്റൂം, കട്ടില്‍ തുടങ്ങിയവ എപ്പോഴും വൃത്തിയാക്കി വെയ്ക്കണം(Surface Cleaning).
സോഡിയം ഹൈപ്പോക്ലോറൈറ്റ് (Sodium hypochlorite 0.1%), ഹൈഡ്രജന്‍ പെറോക്സൈഡ് (Hydrogen peroxide 0.5%) പോവിഡോണ്‍-അയഡന്‍ (Povidone-iodine 0.2-7.5%) തുടങ്ങിയ അണുനാശിനികള്‍ ഇതിനായി ഉപയോഗിക്കാം. രോഗികളുടെ വസ്ത്രങ്ങള്‍, കിടക്കവിരി തുടങ്ങിയവയും വൃത്തിയാക്കി വയ്ക്കണം.

അസുഖമുള്ള രോഗികള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുത് 

ക്വാറന്റൈന്‍ (Quarantine) എന്ന പദത്തിന്റെ അര്‍ത്ഥം 40 ദിവസം എന്നാണ്. ഒരു സാംക്രമിക രോഗം പടര്‍ന്നുപിടിച്ച ഒരിടത്തുനിന്ന്, രോഗവുമായി ഇടപഴകിയവരോ, സാധനസാമഗ്രികളോ മറ്റൊരിടത്തേക്ക് കടക്കുന്നത് നിയമം മൂലം നിരോധിക്കുന്ന പ്രക്രിയയൊണ് ക്വാറന്റൈന്‍ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. രോഗമുള്ളവരെ മറ്റുള്ളവരുമായി ഇടപെടുന്നതിനെ നിയന്ത്രിക്കുന്നു എന്നതാണ് ഐസൊലേഷന്‍ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്്. കൊറോണ ബാധിച്ച സ്ഥലങ്ങളില്‍ നിന്നും വരുന്നവരും കൊറോണ ബാധിച്ച ഒരാളുമായി അടുത്തിടപെടുന്നവരും 14 ദിവസമെങ്കിലും വീട്ടില്‍ തന്നെ ഇരിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. അസുഖം പിടിപെട്ടവര്‍ അസുഖം മാറിയശേഷം 28 ദിവസമെങ്കിലും മറ്റുള്ളവരില്‍ നിന്നും അകന്നുനില്‍ക്കണമെന്നും സൂചിപ്പിക്കുന്നു. ഐസൊലേഷന്‍  എന്ന പദ്ധതി അഞ്ചാംപനി, ചിക്കന്‍പോക്സ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പകരുന്നതിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. പറഞ്ഞുവരുന്നത് കൊറോണക്കാലം കഴിഞ്ഞാലും ഈ മന്ത്രം മറക്കരുതെന്നാണ്.

covid

രോഗികളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടുപിടിക്കുക

ഏതൊരു സാംക്രമികരോഗവും പൊട്ടിപ്പുറപ്പെടുന്നത് ആദ്യമേ മനസ്സിലാക്കി 'മുളയിലേ നുള്ളിക്കഴിഞ്ഞാല്‍' രോഗവ്യാപനത്തിന്റെ വ്യാപ്തി വളരെ കുറയ്ക്കാനും തന്മൂലം തീരേ ഇല്ലാതാക്കാനും കഴിയും. ഈ പ്രക്രിയയെ കണ്ടെയ്ന്‍മെന്റ് (Containment) എന്നു പറയുന്നു. രോഗം പകരുന്നതിന്റെ പ്രാരംഭ ദശയില്‍ തന്നെ രോഗികളെയും അവരുമായി സമ്പര്‍ക്കമുള്ളവരേയും കണ്ടുപിടിച്ച് (Contact Tracing) അവരെ ചികിത്സിക്കുകയും, മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ഐസോലേറ്റ് ചെയ്യുകയുമാണ് ആദ്യ പടി. കുത്തിവയ്പുകള്‍ ഫലപ്രദമാകുന്ന രോഗങ്ങളാണെങ്കില്‍ എല്ലാവര്‍ക്കും കുത്തിവയ്പുകള്‍ നല്‍കി (Mass Vaccination) രോഗം പടരുന്നത് തടയാനും ചിലപ്പോള്‍ രോഗം നിശ്ശേഷം തുടച്ചു നീക്കപ്പെടാനും സാധിക്കും. വസൂരി, പോളിയോ രോഗങ്ങള്‍ തുടച്ചുനീക്കപ്പെട്ടത് ഉദാഹരണങ്ങളാണ്.  തുടക്കത്തിലേ തടയിടാന്‍ കഴിഞ്ഞാല്‍ വലിയൊരളവിലുള്ള രോഗവ്യാപനം തടയാന്‍ സാധിക്കും. ഇതിനെ 'ഫ്‌ളാറ്റനിങ് ദ കര്‍വ്' (Flattening the curve) എന്നാണ് പറയുന്നത്. ചിലപ്പോള്‍ വൈറസ് വ്യാപനം കുറയ്ക്കേണ്ട ഉപാധികള്‍ ചെയ്യേണ്ടിവരും(Mitigation Method). ചിലയിടങ്ങളില്‍ കൂടുതലായി രോഗവ്യാപനം നടക്കുന്ന സ്ഥലങ്ങള്‍ കണ്ടുപിടിച്ച് (Hot Spots) അവിടെ രോഗ വ്യാപനം പെട്ടെന്നു കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതായും വരും.

കൂടുതലായി ആളുകളെ പരിശോധിക്കുക (Mass Screening), രോഗികളെയും അവരുമായി ഇടപെടുന്നവരെയും മറ്റുള്ളവരുമായി ഇടപഴകുന്നത് നിയന്ത്രിക്കുക (Quarantine, Isolation),  രോഗം മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുക(കൈ കഴുകുക, മാസ്‌ക്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക), രോഗികളുമായി ഇടപഴകിയവരെയും രോഗ ലക്ഷണങ്ങളുള്ളവരെയും കണ്ടുപിടിക്കുക(Contact Trace) എന്നിവയാണ് നാം ഇപ്പോള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍.

കൊറോണ ഇപ്പോഴും ലോകത്താകമാനം മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, മാധ്യമങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുകയാണ്. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീണാലും മഹാമാരിക്ക് അവസാനം ഉണ്ടാകും എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. 

പക്ഷേ ഇതില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊണ്ട് നാം മുന്നേറാന്‍ പഠിക്കണം. ഈ കാലത്ത് നാം പഠിച്ച തത്ത്വങ്ങള്‍ മറക്കാതിരിക്കാന്‍ ശ്രമിക്കണം. കാരണം മറ്റൊരു വൈറസോ ബാക്ടീരിയയോ തക്കം പാര്‍ത്ത് കാത്തിരിക്കുന്നുണ്ടാകും. 

(മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ് ലേഖകന്‍)

Content Highlights: Covid19 outbrake we should know more about the pandemic for future, Health