കോവിഡ്-19 സമൂഹവ്യാപനമുണ്ടോയെന്നറിയാന്‍ ദ്രുതപരിശോധനാ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ആര്‍.ടി.-പി.സി.ആര്‍. (റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയുടെ എണ്ണം കൂട്ടും. ഈ മാസാവസാനത്തോടെ അര ലക്ഷം സാംപിളുകള്‍ പരിശോധിക്കാനാണ് ഐ.സി.എം.ആര്‍. ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ ലാബുകളുടെ പ്രവര്‍ത്തന സമയം 16 മണിക്കൂറാക്കും, രണ്ടു ഷിഫ്റ്റുകളിലായി പരിശോധനകളുടെ എണ്ണവും കൂട്ടും. ലാബുകളുടെ പ്രവര്‍ത്തനം മൂന്നു ഷിഫ്റ്റുകളായി വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ലാബുകള്‍ക്കു പുറമേ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ദേശീയ ക്ഷയരോഗ വിമുക്ത പ്രോഗ്രാം (എന്‍.ടി.ഇ.പി.), മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റുകള്‍ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ നടപടികളും ആവാം. അങ്ങനെയായാല്‍ പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം-1.2 ലക്ഷം ആയി ഉയര്‍ത്താനാകുമെന്ന് ഐ.എസി.എം.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടച്ചിടല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷിയുടെ പകുതിയില്‍ താഴെയാണ് നിലവില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ കോവിഡ് പരിശോധനയ്ക്കായി ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. ലാബുകളുടെ പ്രവര്‍ത്തനശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ കൂടുതല്‍ ജീവനക്കാരും പരിശോധനാ കിറ്റുകളും മറ്റു സൗകര്യങ്ങളും വേണ്ടിവരുമെന്നും പഠനത്തില്‍ പറയുന്നു. ഒരേസമയം ആയിരം സാംപിളുകള്‍ പരിശോധിക്കാന്‍ കഴിയുന്ന 12 ആര്‍.ടി.-സി.പി.ആര്‍. മെഷീനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആറെണ്ണം മേയ് ആദ്യവാരം ലഭിക്കും. നോയ്ഡയിലെയും ഭുവനേശ്വറിലെയും ഐ.സി.എം.ആര്‍. ലാബുകളിലും ഇത്തരത്തിലുള്ള ഓരോ മെഷീനുകളുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ മൂന്നുലക്ഷം ആര്‍.എന്‍.എ. എക്സ്ട്രാക്ഷന്‍ കിറ്റുകളുണ്ട്.

പി.സി.ആര്‍. കിറ്റുകള്‍ നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും 47 കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പി.സി.ആര്‍. കിറ്റുകള്‍ നിര്‍മിക്കാന്‍ ആദ്യമായി അനുമതി ലഭിച്ച പുണെ ആസ്ഥാനമായുള്ള മൈലാബ് മൂന്നു ലക്ഷം കിറ്റുകള്‍ ഇതുവരെ വിതരണം ചെയ്തു. മേയ് ആദ്യവാരത്തോടെ ഉത്പാദനം ഏഴുലക്ഷമാകുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

Content Highlights: Covid19 ICMR speeds up PCR tests , Health