കേരളം വളരെ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ കോവിഡ്-19 പോലുള്ള പകര്‍ച്ചവ്യാധിവന്നാല്‍ അതിജാഗ്രത പുലര്‍ത്തണം. വളരെ കരുതലോടെ മുന്നോട്ടുപോകണം. സാംക്രമികരോഗത്തെയും നിയന്ത്രണത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രം വിശദീകരിക്കുന്ന ഒരു കാര്യമുണ്ട്, ഒരാള്‍ക്ക് രോഗംവന്നാല്‍ അയാള്‍ക്കുചുറ്റും കണ്ടുപിടിക്കാത്ത അഞ്ചുരോഗികളുണ്ടാകാമെന്ന്. അത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകിയാല്‍ സ്ഥിതി അപകടകരമായിത്തീരും. രോഗികളുടെ എണ്ണം പെട്ടെന്ന് ഉയരും. പല മടങ്ങായി മാറും. നിലവില്‍ കുറച്ചുരോഗികള്‍ മാത്രമേയുള്ളൂ എന്നുപറഞ്ഞ് ഇതിനെ നിസ്സാരവത്കരിക്കാനാവില്ല. സാമൂഹികവ്യാപനമുണ്ടായാല്‍ നൂറ് ആയിരമാകും.
ഈ വൈറസിന്റെ സംക്രമണശേഷി അത്രയ്ക്കുണ്ട്. ചൈനയും ഇറ്റലിയും സ്‌പെയിനും അമേരിക്കയുമൊക്കെ നമുക്കു മുന്നിലുള്ള ഉദാഹരണങ്ങളാണ്. അതുകൊണ്ടുതന്നെ കേരളംപോലെ ജനസാന്ദ്രതയുള്ള സ്ഥലത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ സാമൂഹികമായ അകലം പാലിക്കുകയെന്നത് പരമപ്രധാനമാണ്. അതിനായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കണം. കോവിഡിനെതിരേ നിലവില്‍ ഫലപ്രദമായ മരുന്നില്ല. പ്രതിരോധിക്കാന്‍ വാക്‌സിനുമില്ല. ആകപ്പാടെ ചെയ്യാന്‍ പറ്റുന്നത് സാമൂഹികാകല്‍ച്ച പാലിക്കുക എന്നുള്ളതാണ്.
കരുതിയിരിക്കാം
കേരളത്തിന്റെ സവിശേഷസാഹചര്യമെന്നത് ജനസാന്ദ്രത കൂടുതലാണ് എന്നതുമാത്രവുമല്ല. ഇവിടെ 15 ശതമാനം ആളുകള്‍ 60 വയസ്സിനുമുകളിലുള്ളവരാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും 15 ശതമാനം ആളുകള്‍ 60 വയസ്സിനുമുകളിലായിട്ടില്ല. എല്ലാ പഠനവും കാണിക്കുന്നത് 60 വയസ്സിനുമുകളിലുള്ളവരിലാണ് കോവിഡ് ബാധിച്ചുള്ള മരണസാധ്യത കൂടുതലെന്നാണ്. പ്രായമായവര്‍ 25 ശതമാനത്തോളമുള്ള ഇറ്റലിയില്‍ രോഗം വരുത്തിയ ആഘാതം നാം കണ്ടതാണ്. നമ്മുടെ നാട്ടില്‍ 60 വയസ്സ് കഴിഞ്ഞവരില്‍ പലരുടെയും ആരോഗ്യാവസ്ഥ മോശമാണെന്ന വസ്തുതകൂടി കണക്കിലെടുക്കേണ്ടതുമുണ്ട്. രോഗാതുരമായ കേരളം എന്നാണ് നാട് അറിയപ്പെടുന്നത്. ഒരുപാട് രോഗങ്ങളോട് മല്ലടിച്ചുകൊണ്ടിരിക്കുന്നവരാണ് പ്രായമുള്ളവര്‍. അവര്‍ക്ക് പകര്‍ച്ചവ്യാധികളോട് വിധേയത്വം കൂടിയിരിക്കും. ഇങ്ങനെയുള്ളവരില്‍ കോവിഡ് പിടിപെട്ടാല്‍ അപകടസാധ്യത കൂടുതലാണ്.
ഓര്‍ക്കുക, 3.4 കോടി ജനങ്ങളുള്ള നാട്ടില്‍ 15 ശതമാനം എന്നത് ചെറിയ സംഖ്യയല്ല. ലക്ഷക്കണക്കിനാളാണ്. ഇത്രയുമാളുകള്‍ക്ക് രോഗം പിടിപെടുകയാണെങ്കില്‍ മൂന്ന് ശതമാനമാളുകള്‍ക്ക് സ്ഥിതി ഗുരുതരമായിത്തീരാം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിവരാം. നൂറുകണക്കിന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ട സാഹചര്യമാണ് ഇതുണ്ടാക്കുക. അത് രണ്ടുവിധത്തിലുള്ള പ്രതിസന്ധിയുണ്ടാക്കാം. കോവിഡ് തീവ്രമായ രോഗികള്‍ ആശുപത്രിയിലെത്തിക്കഴിഞ്ഞാല്‍ ആശുപത്രിയിലെ സാഹചര്യം മാറാം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കൊക്കെ റിസ്‌ക് കൂടും. അവരില്‍ അണുബാധയുണ്ടായാല്‍ ആരോഗ്യമേഖല മൊത്തത്തില്‍ പ്രതിസന്ധിയിലാകും. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം വ്യാപിച്ചാല്‍ ഈ മേഖല തകര്‍ന്നുപോകും. പിന്നെ ആരാണ് ഈ രോഗികളെ നോക്കുക. അവര്‍ രോഗം പിടിപെട്ട് കിടപ്പിലായാല്‍ എന്തുചെയ്യും.
രോഗം തീവ്രമാകുന്ന നല്ലൊരു ശതമാനത്തിന് വെന്റിലേറ്റര്‍ സഹായം വേണ്ടിവരും. അത്രയധികം വെന്റിലേറ്റര്‍സൗകര്യം ഇപ്പോള്‍ നമുക്കില്ല. അഥവാ ഒരാഴ്ചകൊണ്ട് ഇതുണ്ടാക്കാമെന്നുവെച്ചാല്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാകാന്‍ സമയമെടുക്കും. ഇതിനായി പ്രത്യേകിച്ച് പരിശീലനം ലഭിച്ച ജീവനക്കാര്‍ വേണം. ഉപയോഗിച്ച വെന്റിലേറ്റര്‍ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അങ്ങനെ പലതും. ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നുകൂടിയുണ്ട്. മറ്റു പലരോഗങ്ങള്‍ക്കും വെന്റിലേറ്റര്‍ ആവശ്യമായ ഒരു സംസ്ഥാനമാണ് നമ്മുടേത്. അവര്‍ക്ക് വെച്ചിരിക്കുന്ന വെന്റിലേറ്റര്‍ കോവിഡ് വന്നവര്‍ക്ക് മാറ്റിക്കൊടുക്കാനാവുമോ. ഇത് നൈതികതയുടെ വിഷയമാണ്. ആര്‍ക്ക് പരിഗണനനല്‍കണം എന്നൊരു വലിയ ചോദ്യം അപ്പോള്‍ ഉയര്‍ന്നുവരും. 25 വെന്റിലേറ്ററുള്ള ആശുപത്രിയില്‍ 50 രോഗികള്‍ എത്തിച്ചേര്‍ന്നാല്‍ പ്രതിസന്ധിയുണ്ടാകും. ഇത്തരം സ്ഥിതിവിശേഷം വരാതിരിക്കാന്‍ സമൂഹത്തിലെ ഓരോരുത്തരും അതിജാഗ്രത പുലര്‍ത്തണം. കോവിഡ്-19 ന്റെ മൂന്നാംഘട്ടത്തിലേക്കും നാലാം ഘട്ടത്തിലേക്കുമുള്ള പ്രയാണത്തിന് തടയിടുക എന്നതാണ് മുന്നിലെ വഴി.
എന്നുവരും വാക്‌സിന്‍
സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം (സാര്‍സ്) ഉണ്ടാക്കിയ അതേ കുടുംബത്തില്‍നിന്നാണ് കൊറോണ വൈറസ് വന്നിരിക്കുന്നത്. ഡിസംബര്‍ അവസാനമാണ് ചൈനക്കാര്‍ പുതിയ വൈറസിനെ കണ്ടുപിടിച്ചത്. അവര്‍ചെയ്ത നല്ലകാര്യം ഈ വൈറസിന്റെ ജനിതക ഘടന (ജനിറ്റിക് പ്രൊഫൈല്‍) ലോകത്തിന് പങ്കിട്ടുകൊടുത്തുവെന്നതാണ്. അതാണ് തുടര്‍പഠനത്തിനുള്ള ആദ്യത്തെ ചുവടുവെപ്പ്. ബയോടെക്നോളജി സെന്ററുകള്‍, അക്കാദമിക് കേന്ദ്രങ്ങള്‍ എന്നിവര്‍ക്കെല്ലാം വൈറസിന്റെ ജനിതകഘടന ലഭ്യമായി. ജനിതകഘടന ലഭ്യമായതോടെ ഇവരെല്ലാം വാക്‌സിന്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനമാരംഭിച്ചു.
സാധാരണനിലയിലുള്ള വാക്‌സിന്‍ നിര്‍മാണത്തിന് ചില പരിമിതികളുണ്ടിവിടെ. നമുക്കൊരുതുണ്ട് ആര്‍.എന്‍.എ.യേ കിട്ടിയിട്ടുള്ളൂ. വളരെ സൂക്ഷ്മമായി ഇതിനെ പഠിക്കുകയാണ് എല്ലാവരും. ഡി.എന്‍.എ., ആര്‍.എന്‍.എ. എന്നിവ അടിസ്ഥാനമാക്കി വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ലോകത്ത് ഇതുവരെ വലിയ വിജയം കൈവരിച്ചിട്ടില്ല. .
ഇതൊരു വെല്ലുവിളിയാണ്. ആര്‍.എന്‍.എ. വൈറസായ കൊറോണയുടെ ജനിതകഘടനയില്‍ ഒരംശം എടുത്താണ് ഇപ്പോള്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മാണവും നടക്കുന്നത്. 35 ബയോടെക്നോളജി കമ്പനിക്കാരും അക്കാദമിക് കേന്ദ്രങ്ങളും ഇതിനായുള്ള ശ്രമത്തിലാണ്. വ്യത്യസ്ത ഗവേഷണവും സാങ്കേതികവിദ്യകളുമാണ് ഇതിനായി പിന്തുടരുന്നത്.
ഇതിനിടയില്‍ ഒരു വാക്‌സിന്‍ പരീക്ഷണത്തിനെത്തുകയും ചെയ്തു. വാക്‌സിന്‍ നിര്‍മിച്ചാല്‍ ആദ്യംചെയ്യുന്നത് ഇത് നാലോ അഞ്ചോ ഡസന്‍ ആരോഗ്യമുള്ള സന്നദ്ധ വൊളന്റിയര്‍മാരില്‍ കുത്തിവെക്കുക എന്നതാണ്. വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്കുവരും. അപ്പോള്‍ 200, 300 ആളുകളില്‍ വാക്‌സിന്‍ പരീക്ഷിക്കും. മൂന്നാംഘട്ടത്തില്‍ ഒരു വലിയ പ്രദേശത്ത് ആയിരക്കണക്കിന് ആളുകളില്‍ വാക്‌സിന്‍ നല്‍കുന്നു. ഈ മൂന്നുഘട്ടത്തിലൂടെ കടന്നുപോകുന്നതിന് ഏറ്റവും കുറഞ്ഞത് 18 മാസമെടുക്കും. മാര്‍ച്ച് ആദ്യമാണ് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചത്. അപ്പോള്‍ ഊഹിക്കാം ഇനിയൊരു 18 മാസം കഴിഞ്ഞാല്‍ മാത്രമേ നമുക്ക് ലോകത്തെമ്പാടും ഇത് വാക്‌സിനായി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് അറിയുള്ളൂ.
ചൈന പങ്കിട്ട ആര്‍.എന്‍.എ. ജനിതകഘടനവെച്ച് സാധാരണ രീതിയില്‍ വാക്‌സിന്‍ ഉണ്ടാക്കുമ്പോള്‍ ഒരു സന്ദേഹമുണ്ട്. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ച് വീര്യമാര്‍ജിച്ച് വീണ്ടും കൊറോണയായി മാറുമോ എന്ന്. അതിനെ മറികടക്കാനുള്ള വഴിയാണ് റികോമ്പിനന്റ് ടെക്നോളജി. കൊറോണ വൈറസിന്റെ ആര്‍.എന്‍.എ. തുണ്ട് ബാക്ടീരിയ അല്ലെങ്കില്‍ യീസ്റ്റ് ഡി.എന്‍.എ.യിലേക്ക് കടത്തിവിടും. അതുവഴിയുണ്ടാക്കുന്ന റികോമ്പിനന്റ് പ്രോട്ടിന്‍ ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മിക്കും. അതിന് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. മോളിക്യുളാര്‍ മാര്‍ക്കേഴ്സ് ഉപയോഗിച്ച് ജനിതകഘടന സൂക്ഷ്മതലത്തില്‍ മനസ്സിലാക്കി കൃത്രിമവാക്‌സിന്‍ ഉണ്ടാക്കുന്ന രീതിയും പരീക്ഷിക്കുന്നുണ്ട്. ഏതാണ് ഫലപ്രദമാവുകയെന്നത് ഇപ്പോള്‍ പറയാനാകില്ല.
വൈറസിന്റെ മട്ടുമാറിയോ
വാക്‌സിന്‍ നിര്‍മിച്ചാല്‍ത്തന്നെ വലിയൊരു വെല്ലുവിളി പിന്നീടുംവരാം. നിലവില്‍ ചൈന ലഭ്യമാക്കിയ ആര്‍.എന്‍.എ. വൈറസിന്റെ ജനിതകഘടനവെച്ചാണ് ഇതൊക്കെ നിര്‍മിക്കുന്നത്. അടുത്തവര്‍ഷം എവിടെയെങ്കിലും കൊറോണ വ്യാപനമുണ്ടായാല്‍ അത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ആയിക്കുമോ എന്നത് ആലോചിക്കേണ്ടതുണ്ട്. വൈറസിന്റെ ജനിതകഘടനയില്‍ മാറ്റംവന്നാല്‍ ഈ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമായിരിക്കും? ഈ ചോദ്യം അത്ര അപ്രസക്തമല്ല. ഇപ്പോള്‍ത്തന്നെ നോക്കിയാല്‍ ചൈനയിലും യൂറോപ്പിലുമൊക്കെ മഹാമാരിയായി മാറിയ കൊറോണ ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള രാജ്യങ്ങളില്‍ എത്തിയപ്പോള്‍ രോഗനിരക്കും മരണനിരക്കും കുറവായിക്കാണാം.
കേരളം, സിങ്കപ്പൂര്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളായിക്കാണാം. സാര്‍സ് വന്നപ്പോള്‍ സിങ്കപ്പൂരില്‍ കുറെപ്പേര്‍ മരിച്ചിരുന്നു. സമാനമായ മറ്റ് വൈറസ് വ്യാപനമുണ്ടായപ്പോഴും. ഇതുതന്നെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചൈനയിലും ഇറ്റലിയിലും ഇറാനിലുമൊക്കെ വന്ന വൈറസിന് ഭൂമധ്യരേഖയ്ക്കരികില്‍ എത്തിയപ്പോള്‍ എന്തെങ്കിലും വ്യതിയാനംവന്നിട്ടുണ്ടോ? നിലവില്‍ ഇതിന് ഉത്തരമില്ല. ഇവിടെനിന്നുള്ള വൈറസിനെ ജനിതകപഠനത്തിന് വിധേയമാക്കിയാലേ ഉത്തരം ലഭിക്കൂ. ചിലപ്പോള്‍ അതേ വൈറസുതന്നെയായിരിക്കാം ഇവിടെയുമുള്ളത്. പക്ഷേ, ഭൂമധ്യരേഖയ്ക്കരികില്‍ എത്തിയപ്പോള്‍ എന്തെങ്കിലും കാലാവസ്ഥാ വ്യത്യാസങ്ങള്‍ അതിന്റെ വീര്യം കുറച്ചോ. അതിനും ഉത്തരമില്ല. ചൂട് ആയിരിക്കാം ഈ ഘടകമെന്ന് പറയാനാവില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പം (ഹ്യുമിഡിറ്റി) ഒരുഘടകമാവാം. അന്തരീക്ഷത്തിലെ ഈര്‍പ്പം മാത്രമല്ല ഈര്‍പ്പത്തിന്റെ തോതില്‍വരുന്ന വ്യതിയാനങ്ങളും പരിശോധനവിഷയമാക്കേണ്ടിവരും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ മാറിവരുന്ന ഈര്‍പ്പത്തിന്റെ തോത് കൊറോണ വൈറസിനുചുറ്റുമുള്ള കൊഴുപ്പിന്റെ ആവരണത്തില്‍ മാറ്റമുണ്ടാക്കുന്നുണ്ടോ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്.
ഇനി അഥവാ ഭൂമധ്യരേഖയ്ക്കരികില്‍ എത്തിയപ്പോള്‍ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍-മട്ടുമാറിയെങ്കില്‍- നമുക്ക് പുതിയ വാക്‌സിന്‍ ആവശ്യമായി വരാം. ഇറ്റലിക്കും സ്‌പെയിനിനുമൊക്കെ ആവശ്യമായ വാക്‌സിന്‍ ആയിരിക്കില്ല കേരളത്തിനും സിങ്കപ്പൂരിനും ശ്രീലങ്കയ്ക്കും ആവശ്യമായിവരിക. ഇതുകൊണ്ടൊക്കെത്തന്നെ വാക്‌സിന്‍ എന്നത് കൊറോണയ്‌ക്കെതിരേ പെട്ടെന്നുള്ള ഒരു പരിഹാരമാര്‍ഗമല്ല.
ടെക്നോളജിയില്‍ ഇന്ത്യ പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പമോ അതിനെക്കാള്‍ മുന്നിലോ എത്തിക്കഴിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുമൊക്കെ വാക്‌സിന്‍ നിര്‍മാണമേഖലയില്‍ മുന്നേറ്റമുണ്ടാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം, വൈറോളജി പഠനഗവേഷണമേഖലയില്‍ ഈ സ്ഥാപനങ്ങള്‍ വലിയ സംഭവനകള്‍ നല്‍കുമെന്നും.
Content Highlights: Covid19 Dr MV Pillai speaks about the CoronaVirus and Vaccine