പ്രായമായവരെ കൊറോണയിൽനിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് അപൂർവനേട്ടം. 93 വയസ്സുള്ള റാന്നി ഐത്തല പട്ടയിൽ തോമസ്‌ (93), ഭാര്യ മറിയാമ്മ (88) എന്നിവരുടെ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് ആയതോടെ ഇവർക്ക് ആശുപത്രി വിടാം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഉയർന്ന അപകടനിലയിലുള്ള രോഗികളെന്ന് ലോകംതന്നെ വിലയിരുത്തുമ്പോഴാണ് കേരളത്തിലെ ആരോഗ്യമേഖല ഇവരെ ജീവിതത്തിലേക്ക് കൈപിടിക്കുന്നത്.

ഇറ്റലിയിൽനിന്നുവന്ന മകന്റെ കുടുംബത്തിൽനിന്നാണ് ഇവർക്ക് രോഗബാധയുണ്ടായത്. മാർച്ച് എട്ടുമുതൽ ഇവർ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയ്ക്ക്‌ നേതൃത്വം നൽകിയ മെഡിക്കൽ കോളേജ് സംഘത്തെ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.

പ്രായാധിക്യംമൂലമുള്ള അസുഖങ്ങൾ മൂർച്ഛിച്ചതിനൊപ്പം ചുമയും പനിയും കൊറോണയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പ്രമേഹവും രക്തസമ്മർദവും ചികിത്സയിൽ വെല്ലുവിളിയായി. തോമസിന് ആദ്യ ദിവസങ്ങളിൽതന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസ്സിലാക്കി. ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാൽ ഇവരെ മെഡിക്കൽ ഐ.സി.യു.വിൽ വി.ഐ.പി. റൂമിലേക്ക് മാറ്റി.

രണ്ടുപേരെയും ഓരോ മുറികളിൽ തനിച്ചു പാർപ്പിച്ചിരുന്നതിനാൽ ഇവർ രണ്ടുപേരും അസ്വസ്ഥരായി. മാർച്ച് 11-ന് ഇവർ രണ്ടുപേർക്കും പരസ്പരം കാണാൻ കഴിയുന്നവിധം ട്രാൻസ്‌പ്ലാന്റ് ഐ.സി.യു.വിലേക്ക് മാറ്റി. ഇടയ്ക്കുവെച്ച് തോമസിന് ചുമയും കഫക്കെട്ടും കൂടുതൽ ആയി. തോമസിനെ വെന്റിലേറ്ററിലേക്കുമാറ്റി 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു. അതിനിടയ്ക്ക് ഹൃദയാഘാതം ഉണ്ടായി.

തോമസിനും മറിയാമ്മയ്‌ക്കും മൂത്രസംബന്ധമായ അണുബാധയും പ്രശ്നമായി. മറിയാമ്മയ്ക്ക് ബാക്ടീരിയൽ അണുബാധയുംകൂടി ഉണ്ടായിരുന്നു. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായി. അതിനുള്ള ചികിത്സയും ഇതിനിടയിൽ പ്രത്യേകം ചെയ്തു.

നാലു ദിവസം മുമ്പ് തോമസിന്റെ ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാൽ വെന്റിലേറ്ററിൽനിന്ന്‌ മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം ഒരിക്കൽക്കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോൾ രണ്ടുപേരുടെയുംനില പ്രായാധിക്യമുള്ള അവശതകൾ ഒഴിച്ചാൽ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാർജ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Content Highlights: Covid19 cured patients in Kerala