ല്ലാ ആശുപത്രികളിലും തിരക്ക് കുറഞ്ഞപ്പോള്‍ അപകടകരമായ തിരക്കിലമരുകയാണ് കേരളത്തിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍. രോഗമുണ്ടെന്നോ ഇല്ലെന്നോ പറയാനറിയാത്ത, റൂട്ട് മാപ്പ് വ്യക്തമല്ലാത്ത രോഗികളെ പ്രവേശിക്കേണ്ടിവരുന്നുണ്ട് ഇവിടെ. അതേസമയം, രോഗംമാറി വിടുതല്‍ നല്‍കിയവരെപ്പോലും വീടുകളിലേക്ക് പറഞ്ഞയയ്ക്കാനുമാവുന്നില്ല. ഉള്ള രോഗികളില്‍ പലര്‍ക്കും കോവിഡ് എന്തെന്ന് അറിയുകയുമില്ല.

തിരുവനന്തപുരം, തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളിലാണ് കേരളത്തിലെ മൂന്നു സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുള്ളത്. മൂന്നിടത്തും സുരക്ഷാക്രമീകരണങ്ങളോടെ ഒ.പി. പ്രവര്‍ത്തിക്കുന്നുണ്ട്. കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ പ്രവേശിക്കുമ്പോള്‍ മറ്റുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ 14 ദിവസം നിരീക്ഷണത്തില്‍ നിര്‍ത്തിയശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ. കൂട്ടിരിപ്പുകാരനെയും ക്വാറന്റയിനിലാക്കും. എന്നാല്‍, ഇതൊന്നുമല്ലാതെ തെരുവില്‍നിന്ന് പോലീസ് കോടതി ഉത്തരവോടെ കൊണ്ടുവരുന്ന രോഗികളാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

തിരുവനന്തപുരത്ത് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ഇത്തരത്തില്‍ 20 രോഗികളുണ്ട്. ''എവിടെയായിരുന്നെന്നോ, ആരോടൊക്കെ ഇടപെട്ടുവെന്നോ പറഞ്ഞുതരാന്‍ അവര്‍ക്കറിയില്ല. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷമേ ഇവരെ മറ്റ് രോഗികളുടെ കൂടെ ചേര്‍ക്കൂ''- സൂപ്രണ്ട് ഡോ. എല്‍. അനില്‍കുമാര്‍ പറയുന്നു. വിവിധ ആശുപത്രികളില്‍നിന്ന് കൊറോണ ഐസൊലേഷനില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യമുള്ള ഏഴുപേരെയും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ ഇവിടെയും ഐസൊലേഷനിലാണ്. 531 കിടക്കകളുള്ള ആശുപത്രിയില്‍ 611 രോഗികളുള്ളപ്പോഴാണ് നിരീക്ഷണത്തിലുള്ളവര്‍ക്കായി അധിക സ്ഥലംകൂടി കണ്ടെത്തേണ്ടിവരുന്നത്.

കോഴിക്കോട് കുതിരവട്ടത്തെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ 21 ഐസൊലേഷന്‍ റൂമുകളും നിറഞ്ഞു. ഈ കാലയളവില്‍ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിക്കപ്പെട്ട 32 പേരില്‍ മിക്കവരെയും നിരീക്ഷണത്തിലാക്കി. തൃശ്ശൂര്‍ ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ 30 പേരെ തെരുവില്‍നിന്ന് പോലീസ് കൊണ്ടുവന്നവരാണ്. ഒരാള്‍ക്കുള്ള സെല്ലില്‍ രണ്ടും മൂന്നുംപേരെ കിടത്തേണ്ടിവരുന്നു. മദ്യവിമുക്തി ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണവും കൂടി. തിരുവനന്തപുരത്ത് 19-ഉം തൃശ്ശൂരില്‍ അഞ്ചും പേരെ ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രോഗവിമുക്തരായവരെ പറഞ്ഞുവിടാനാവില്ല

ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ അസുഖം ഭേദമായാല്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തുകൊടുത്ത് പറഞ്ഞുവിടുകയാണ് പതിവ്. അത് മുടങ്ങി. സാമൂഹികക്ഷേമ വകുപ്പിനുകീഴിലുള്ള വിവിധ ഹോമുകളില്‍നിന്നെത്തിയ രോഗികളെ അസുഖം ഭേദമായാലും ഇപ്പോള്‍ തിരിച്ചുകൊണ്ടുപോവുന്നില്ല.

ഇതരജില്ലകളില്‍നിന്നുള്ളവരെ വാഹനവുമായി വന്ന് കഷ്ടപ്പെട്ട് കൊണ്ടുപോവാന്‍ ബന്ധുക്കളും തയ്യാറല്ല. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആംബുലന്‍സില്‍ എത്തിക്കാവുന്ന ദൂരത്തിലുള്ളവരെ വീട്ടിലാക്കും. അല്ലാത്തവര്‍ രോഗവിമുക്തരായിട്ടും ബന്ധുക്കളെ കാത്തിരിക്കുന്നു; അധികൃതര്‍ക്ക് ആശങ്കകൂട്ടിക്കൊണ്ട്.

ഏറ്റവും സുരക്ഷിതര്‍

സ്ഥിരമായി ഐസൊലേഷനിലുള്ള ഒരു വിഭാഗമുണ്ട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍. കാലങ്ങളായി അസുഖം ഭേദമാവാതെ ചികിത്സയില്‍ തുടരുന്നവരാണ് ഇവര്‍. തിരുവനന്തപുരത്ത് 93 പേരും തൃശ്ശൂരില്‍ 218-ഉം രോഗികള്‍ ഈ വിഭാഗത്തിലുണ്ട്.

മരുന്ന് മുടക്കുന്നില്ല

തുടര്‍ചികിത്സ ആവശ്യമുള്ള പലര്‍ക്കും അതിനെത്താന്‍ പറ്റുന്നില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ക്ലിനിക്കുകള്‍ വഴി മരുന്ന് എത്തിച്ചുകൊടുക്കുന്നുണ്ട്. ക്ലിനിക് ഇല്ലാത്തിടത്ത് പ്രാഥമികാരോഗ്യകേന്ദ്രം, കമ്യൂണിറ്റി ഹെല്‍ത്ത് െസന്റര്‍ എന്നിവ വഴിയും
- ഡോ. സുബ്രഹ്മണ്യന്‍
ഗവ. മാനസികാരോഗ്യ കേന്ദ്രം, തൃശ്ശൂര്‍

Content Highlights: Covid19 Crowded Mental Health Centres in Kerala