കോവിഡ് ഭേദമായാലും ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധിക്കാനുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി പോഷകാഹാരങ്ങൾ മതിയായ അളവിൽ ശരീരത്തിന് ലഭിക്കണം. പലപ്പോഴും നാം ഭക്ഷണക്രമത്തിൽ അനാസ്ഥ കാണിക്കാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നതാണ്.

നല്ല ഭക്ഷണരീതി ശീലമാക്കാം

ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, നാരുള്ള ഭക്ഷണം എന്നിവ ധാരാളം ഉൾപ്പെടുത്തുക. ഇവിടെ കൊഴുപ്പ് കുറയ്ക്കാനും വില കുറഞ്ഞ അന്നജങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും പ്രത്യേകം ഊന്നൽ കൊടുക്കേണ്ടതാണ്.

പ്രാദേശികമായി ലഭിക്കുന്നതും വീടുകളിൽ കൃഷി ചെയ്യുന്നതുമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വെള്ളത്തിന് പുറമേ രണ്ടു മുതൽ അഞ്ച് ലിറ്റർ വെള്ളമെങ്കിലും പ്രതിദിനം കുടിക്കേണ്ടതാണ്. പ്രാദേശികമായി വളരെ ലഭ്യമായ മുരിങ്ങ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, നെല്ലിക്ക, മാങ്ങ, കപ്പ, മറ്റു കിഴങ്ങു വർഗങ്ങൾ, തവിട് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ശീലമാക്കാം.

അതോടൊപ്പം മാംസ്യാഹാരങ്ങളിൽ ഏറ്റവും പ്രധാനം മത്സ്യമാണ്. ചെറിയ ഇനം മത്സ്യങ്ങളായ അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി ഉപയോഗിക്കാം. കറിവച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രൈ ചെയ്തു കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. അതോടൊപ്പം ചുവന്ന മാംസത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ഭക്ഷണത്തിൽ ആവശ്യത്തിനു കലോറി അടങ്ങിയിരിക്കണം.
 • അന്നജം, മാസ്യം, കൊഴുപ്പ് എന്നിവയുടെ അനുപാതം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 • പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
 • നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
 • പൊട്ടാസ്യം, സോഡിയം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ലവണങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടതാണ്.
 • ഭക്ഷണം എളുപ്പത്തിൽ ദാഹിക്കാവുന്നതായിരിക്കണം
 • വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്താം. ഉദാ : നെല്ലിക്ക, പേരയ്ക്ക.
 • ആരോഗ്യമുള്ള വ്യക്തി രണ്ടു മുതൽ അഞ്ച് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.
 • തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
 • രോഗപ്രതിരോധ ശേഷി കൂട്ടുന്ന തരത്തിലുള്ള ഭക്ഷണക്രമം നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതാണ്
 • ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ, മറ്റു രോഗികൾ എന്നിവരുടെ ഭക്ഷണ ക്രമം നിർദേശിക്കുന്ന മാതൃകയിൽ തന്നെ നൽകേണ്ടതാണ്.
 • ഇടവിട്ടുള്ള നേരങ്ങളിൽ ഭക്ഷണം കഴിക്കുക.
 • വിശന്നിരിക്കാതെയു വയർ പൂർണമായും നിറയാതിരിക്കുകയും ചെയ്യുക.
 • മിതമായ ആഹാരരീതി പിന്തുടരുക
 • വ്യക്തിശുചിത്വത്തിനും പ്രാധാന്യം കൊടുക്കാം.
 • ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനും മുൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതാണ്.
 • പുറത്ത് പോയി വന്നാൽ കുളിച്ചതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ
 • ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ പുറംതള്ളാൻ സാധിക്കും.

സ്പെഷ്യൽ ഡയറ്റ്

ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ അവർക്ക് നിർദേശിച്ചിട്ടുള്ള രീതിയിലുള്ള ഭക്ഷണശൈലി മാത്രമേ പിന്തുടരാവൂ.

ഒഴിവാക്കാം

 • പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
 • ജീവിതശൈലീ രോഗങ്ങൾക്കായി മരുന്നുകൾ കഴിക്കുന്നവർ അതു മുടക്കരുത്.
 • അമിതമായി കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണം ഒഴിവാക്കാം
 • പഴകിയ ഭക്ഷണം കഴിക്കരുത്.
 • ജങ്ക് ഫുഡ്/ ടിൻ ഫുഡുകൾ എന്നിവ ഒഴിവാക്കാം.

Content Highlights:Covid19, Corona Virus outbreak, Special Diet for Covid19 survivors