ർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി പടവുകൾ താണ്ടുകയാണ്. കൂടുതൽ പേർ പതിവ് ചികിത്സകൾക്കും മറ്റു വിദഗ്ധ നിർദേശങ്ങൾക്കുമായി ഇ- സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിനെ ദിനംപ്രതി ആശ്രയിച്ചുവരുന്നു. മഹാമാരിക്കാലത്തെ അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും അതിലൂടെ വീട്ടിലിരുന്നു തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും സാധിക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്കായുള്ള പതിവ് ചികിത്സകൾക്കു മുടക്കം വരാതിരിക്കാൻ ടെലി മെഡിസിൻ പ്ലാറ്റ്ഫോമുകൾ സഹായിക്കുന്നു. നാളിതുവരെ 53933 കൺസൾട്ടേഷനുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ പ്രവേശിച്ചശേഷം ഡോക്ടറെ കാണുന്നതിനായി എടുക്കുന്ന പരമാവധി സമയം 5 മിനിറ്റും 2 സെക്കന്റുമാണ്. ഒരു കൺസൾട്ടേഷൻ പൂർത്തീകരിക്കുന്നതിനായി 6 മിനിട്ടും 49 സെക്കന്റുവരെ എടുക്കുന്നു.

കോവിഡിനോടൊപ്പമുള്ള ജീവിതം ആശങ്കകളും പ്രയാസവും നിറഞ്ഞതാണ്. ജീവിതചര്യകൾ ക്രമീകരിക്കണം അതോടൊപ്പം കോവിഡ് വ്യാപനം തടയാൻ പുതിയൊരു ആരോഗ്യസംസ്കാരം കൂടി വളർത്തിയെടുക്കേണ്ടതുണ്ട്. പതിവ് പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഡോക്ടർമാരെ ആശുപത്രിയിൽ ചെന്നുകാണാതെ ടെലിമെഡിസിൻ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വെർച്വൽ കൺസൾട്ടേഷനുകളാണ് ഈ മഹാമാരി കാലത്ത് ഏറ്റവും ഉചിതമായിട്ടുള്ളത്. ആ ഒരു ലക്ഷ്യം മുൻനിറുത്തിയാണ് ഇ- സഞ്ജീവനി ടെലിമെഡിസിൻ സംവിധാനം ഇന്നു ആരംഭിച്ചിട്ടുള്ളത്. തികച്ചും സർക്കാർ സംരഭമായ ഇ- സഞ്ജീവനിയിൽ സമർപ്പിക്കുന്ന ഓരോ രേഖകളും സുരക്ഷിതമായിരിക്കും. സേവനങ്ങൾ തികച്ചും സൗജന്യമാണ്. ഇ- സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം കോവിഡുമായി ബന്ധപ്പെട്ടു കൂടുതൽ ഒ.പി. സേവനങ്ങളും അതോടൊപ്പം വിവിധ രോഗങ്ങൾക്കായുള്ള വിവിധ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ആരംഭിച്ചിരിക്കുന്നു.

കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ- സഞ്ജീവനിക്കും വളരെയധികം പ്രസക്തി ഉള്ളതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കോവിഡ് ആശുപത്രികളുമായി ഇ- സഞ്ജീവനി വഴി ബന്ധപ്പെടുത്തിക്കൊണ്ട് റഫറൽ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ ഇപ്പോൾ സാധിക്കുന്നു. അതിനു പുറമേ കേരളത്തിലെ ജയിൽ ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളും അന്തേവാസികൾക്കായി ഇ- സഞ്ജീവനി സേവനങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

കോവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിച്ചാൽ പോസ്റ്റ് കോവിഡ് സിൻഡ്രോം വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ലഘുവായ ലക്ഷണങ്ങൾ തൊട്ട് വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ചും സർക്കാർ തലത്തിൽ ഇപ്പോൾ പോസ്റ്റ് കോവിഡ് സിൻഡ്രോം ക്ലിനിക്കുകൾ ആശുപത്രികളിൽ ആരംഭിച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ ടെലിമെഡിസിൻ പ്ലാറ്റ്ഫോമായ ഇ- സഞ്ജീവനിവഴിയും കോവിഡ് ഒ.പി. ക്ലിനിക്കുകൾ ആരഭിച്ചിരിക്കുന്നു.

കോവിഡ് ബാധിതർക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് സിൻഡ്രോം ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിഡ് മുക്തരായവരിൽ അനുബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടുകഴിഞ്ഞാൽ നേരിട്ടോ അല്ലെങ്കിൽ ഇ- സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോം വഴിയോ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ സേവനങ്ങൾ ഇ- സഞ്ജീവനി ടെലിമെഡിസിൻ ഒ.പി.ഡി. വഴിയും ഇപ്പോൾ ലഭ്യമാണ്. കോവിഡ് മുക്തരായി വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ഇ- സഞ്ജീവനിയിൽ കൂടുതൽ ഒ.പി. സേവനങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ പൊതുമേഖല ആരോഗ്യരംഗത്തെ പ്രശസ്ത സ്ഥാപനങ്ങളായ മലബാർ കാൻസർ സെന്റർ തലശ്ശേരി, റീജണൽ കാൻസർ സെന്റർ തിരുവനന്തപുരം, കൊച്ചിൻ കാൻസർ സെന്റർ ഇപ്പോൾ ഒ.പി. സേവനങ്ങൾ ഇ- സഞ്ജീവനി വഴിയും ആരംഭിച്ചിരിക്കുന്നു. മാത്രമല്ല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം എൻ.സി.ഡി. ക്ലിനിക്കുകൾ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിരിക്കുന്നു. കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിദഗ്ധരായ ഡോക്ടർമാർ നയിക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളും ഇ- സഞ്ജീവനിവഴി നടത്തിവരുന്നു. മറ്റൊരു പ്രത്യേക കൗൺസിലിങ്ങ് സേവനങ്ങളാണ്. അതിനായി ജില്ലാതലത്തിൽ അഡോളസന്റ് ക്ലിനിക്കുകളും ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവേൻഷൻ ക്ലിനിക്കുകളും ഇ- സഞ്ജീവനി ഒ.പി. വഴി ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ജനറൽ ഒ.പി. സേവനങ്ങൾ ഇപ്പോൾ ഇ- സഞ്ജീവനി വഴിയും ലഭ്യമാണ്. ഇതൊരു ചരിത്ര മുഹൂർത്തമാണ്.

പ്രവർത്തന രീതി

ഇന്റർനെറ്റ് സൗകര്യമുള്ള ഒരു ലാപ്ടോപ്, സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ചു ആർക്കും ഇ- സഞ്ജീവനി സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി ആക്ടീവായ ഒരു മൊബൈൽ നമ്പർ അത്യാവശ്യമാണ്. രജിസ്ട്രേഷനുശേഷം പ്രസ്തുത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കുന്നു. തുടർന്ന് ഡോക്ടറെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ കാണാനും ചികിത്സ തേടാനും സാധിക്കുന്നു. ഇതിനായി esanjeevaniopd.in എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഇ- സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.

ഇ- സഞ്ജീവനി കോവിഡ് ഒ.പികൾ സേവനങ്ങൾ

പുതുതായി ആരംഭിച്ച ഇ- സഞ്ജീവനി കോവിഡ് ഒ.പികളിലൂടെ ചികിത്സയും നിർദേശങ്ങളും രോഗികൾക്കും രോഗം സംശയിക്കുന്നവർക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ലഭിച്ചുവരുന്നു. ഇതിലൂടെ വെർച്വലായിത്തന്നെ സ്ക്രീനിങ്ങ്, ചികിത്സ, റഫറൻസ് എന്നിവ സാധ്യമാകുന്നു.

  • പ്രവർത്തനം ആരംഭിച്ച കോവിഡ് 19 ഒ.പി. ക്ലിനിക്കുകൾ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഇ- സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
  • കോവിഡ് ബാധിച്ചവർക്കും രോഗം സംശയിക്കുന്നവർക്കും ഒരുപോലെ ഈ ഒ.പി. സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
  • പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഈ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
  • ഇതിലൂടെ സ്ക്രീനിങ്ങ്, ചികിത്സ, അതോടൊപ്പം റഫറൽ സംവിധാനം എന്നിവ കാര്യക്ഷമായി നടത്തുന്നതിനു സാധിക്കുന്നു.
  • പ്രത്യേകം പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടർമാരാണ് ഒ.പികൾ നടത്തുന്നത്. ഏവരും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

Content Highlights:Covid OP services are now available through e-Sanjeevani,Covid19, Corona Virus