ത്ര വേഗമാണ് ഒരു വര്‍ഷം കടന്നുപോയത്!!! കോവിഡിന്റെ ഭീതി വിതച്ച 2020 അതിവേഗം അവസാനിച്ച് ലോകം പഴയ രീതിയില്‍ മുഖം മൂടികളില്ലാതെ സ്വതന്ത്രമായി തിരിച്ചുവരുമെന്നായിരുന്നു എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ 2021 ന്റെ നാല് മാസം പിന്നിടുമ്പോള്‍ ലോകം കൂടുതല്‍ ഭീതിയിലേക്ക് നീങ്ങുന്ന കാഴ്ചകളാണ് എങ്ങും. ഒരു പക്ഷെ ഇന്ത്യയും കേരളവും കൂടുതലായി നടുങ്ങുന്നുവെന്നും പറയാം. പ്രാണവായു കിട്ടാതെ ഉത്തരേന്ത്യന്‍ ആസ്പത്രികളില്‍ നിരവധി പേര്‍ മരണപ്പെടുന്നതിന്റെ വാര്‍ത്തകളാകട്ടെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.  കൊറോണ വൈറസിന്റെ ആക്രമണത്തിന് മു്ന്നില്‍ കീഴടങ്ങേണ്ടി വന്ന ഒരാളെന്ന നിലയില്‍ അതിന്റെ തീവ്രത തിരിച്ചറിയാവുന്നതേയുള്ളൂ. 
 
മെയ് ഒന്ന്- ലോക തൊഴിലാളി ദിനം എന്ന പേരിലാണ് ഈ ദിനത്തെ എന്നും ഓര്‍ത്തിരുന്നത്. ഓര്‍ക്കേണ്ടതും.  പക്ഷെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എനിക്ക് മെയ് ഒന്ന് ഇപ്പോള്‍ ശരീരത്തെ പിടിച്ചുലച്ച, ജീവിതത്തെക്കുറിച്ച് പുതിയ ബോധ്യങ്ങള്‍ നല്‍കിയ  ഒരു ദിവസം കൂടിയാണ്.  മൂന്നാഴ്ചയിലേറെ നീണ്ട ആസ്പത്രി വാസവും ഒരാഴ്ചത്തെ ഏകാന്തവാസവും നല്‍കിയ മഹാമാരി എന്നെ പിടികൂടിയത് ആ ദിവസമായിരുന്നു. ആ ദിവസത്തിന്റെ ഒന്നാം വാര്‍ഷികമായ ഈ മെയ് ഒന്നിന് മുന്നോട്ടുനോക്കുമ്പോള്‍ ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍ എവിടെയുമില്ല, ലോകം കൂടുതല്‍ കൂടുതല്‍ പരിഭ്രാന്തിയിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നു.
 
ഇപ്പോഴും ഓര്‍മ്മയിലുണ്ട് ആ ദിവസങ്ങള്‍. ചൈനയിലെ വുഹാനില്‍ നിന്ന് പുറപ്പെട്ട മാരക വൈറസായ കോവിഡ്-19 ലോകമെങ്ങും പടര്‍ന്നുതുടങ്ങിയിരുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവരും വന്നിറങ്ങുന്ന വിമാനത്താവളമുള്ള ദുബായിലും പെട്ടെന്ന് തന്നെ കോവിഡ് രോഗികളെ കണ്ടെത്തി. ആസ്പത്രികള്‍ പതിയെ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദുബായ് നൈഫ്, ദേര ഭാഗങ്ങളിലെ രോഗാവസ്ഥകള്‍ നാട്ടിലും പരിഭ്രാന്തി സൃഷ്ടിച്ച ദിനങ്ങള്‍. തെരുവുകളും അങ്ങാടികളുമെല്ലാം അണുനശീകരണം നടത്താന്‍ ദുബായ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. പൊതുഗതാഗതങ്ങളെല്ലാം നിലച്ചു. പോലീസിന്റെ അനുമതിയോടെ മാത്രം പുറത്തിറങ്ങുന്ന വാഹനങ്ങള്‍. അത്യാവശ്യം ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ തുറന്നുവെച്ച സുപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമായിരുന്നു ഈ ദിവസങ്ങളെ സജീവമാക്കിയത്. ഓഫീസുകളെല്ലാം തനിയെ അടഞ്ഞു. ജീവനക്കാരെല്ലാം ഫ്‌ലാറ്റുകളില്‍ നിന്ന് പ്രവര്‍ത്തിച്ചു. പലരുടെയും തൊഴില്‍ നഷ്ടമായി. ശമ്പളം വെട്ടിക്കുറച്ചുവെന്ന വാര്‍ത്ത നാട്ടിലുള്ള പ്രവാസികുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി. ഗള്‍ഫ് നാടുകളില്‍ നിന്നെല്ലാം കോവിഡിന്റെ ദു:ഖവാര്‍ത്തകള്‍ മാത്രം. ആസ്പത്രികളില്‍ സ്ഥലമില്ലാതെ വിഷമിക്കുന്ന രോഗികള്‍, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആവശ്യമായ സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് നാട്ടില്‍ നി്ന്ന് നിരന്തരം വരുന്ന ഫോണ്‍ വിളികള്‍,  രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, ജോലിയും വേതനവുമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ എല്ലാം ത്യജിച്ച് രംഗത്തിറങ്ങിയ സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ -  ആ ദിവസങ്ങളില്‍ ഇതായിരുന്നു ദുബായ് എന്ന സ്വര്‍ണ്ണ നഗരം. ഇരുപത്തിനാല് മണിക്കൂറും വാഹനങ്ങള്‍ ചീറിപ്പാഞ്ഞ ദുബായിയുടെ രാജപാതകള്‍ വിജനമായി.  ജനം ഭീതിയോടെ നാലുചുമരുകള്‍ക്കുള്ളില്‍ ആധിയോടെ ദിവസങ്ങള്‍ തള്ളിനീക്കി. ദുബായിയും യു.എ.ഇയും കൊവിഡിന് എതിരായുള്ള പോരാട്ടത്തിലായിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാവണം ആ വൈറസ് എന്നെയും പിടികൂടിയത്.
 
ഒരാഴ്ചയോളം നീണ്ട വരണ്ട ചുമയിലായിരുന്നു തുടക്കം. ആദ്യദിനത്തില്‍ ചെറിയൊരു പനി പാരസറ്റമോള്‍ പ്രയോഗത്തില്‍ വിട്ടകന്നു. കോവിഡ് ഭീതി കാരണം ഒറ്റക്ക് താമസിക്കുകയായിരുന്ന ഫ്‌ളാറ്റ് വിട്ട് സുഹൃത്ത് ഹരികൃഷ്ണനൊപ്പമായി വാസം.  ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെല്ലിക്ക ജ്യൂസും മഞ്ഞള്‍ പൊടിയും ഉള്‍പ്പെടെയുള്ള നാട്ടുവൈദ്യങ്ങള്‍ മുറ തെറ്റാതെ പ്രയോഗിച്ചു. പക്ഷെ ചുമയുടെ ശക്തി നിത്യവും കൂടിവരുന്നോ എന്നൊരു ശങ്ക. ഫോണില്‍ ശബ്ദം കേട്ടവരുടെ കൂടി  ഉപദേശം ആയതോടെ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.  ദുബായ് മങ്കൂളിലെ ആസ്‌ററര്‍ ഹോസ്പിറ്റലിലേക്കായിരുന്നു യാത്ര. ഏപ്രില്‍ 31 ന് വൈകീട്ട് ഡോക്ടറെ കണ്ടു, രക്തം പരിശോധിച്ചു. ഏതാനും മരുന്നുകള്‍ തന്നുവിട്ടു. രാത്രി മുറിയിലെത്തി വിശ്രമിക്കുന്നതിനിടയില്‍ പിറ്റേന്ന് കാലത്ത് വീണ്ടും ആസ്പത്രിയിലെത്താന്‍ നിര്‍ദ്ദേശം. പരിശോധനക്കായി കുറച്ചുകൂടി രക്തം വേണമെന്നായിരുന്നു ആവശ്യം. അധികം വൈകാതെ വീണ്ടുമൊരു ഫോണ്‍. കാലത്ത് ഡോക്ടറെ വീണ്ടും കാണണമെന്നായിരുന്നു നിര്‍ദ്ദേശം. അപ്പോഴും പരിഭ്രമമൊന്നും ഉണ്ടായില്ല. ആസ്പത്രികളിലെ പതിവ് രീതിയാണെന്ന് ആശ്വസിച്ചു. മെയ് ഒന്നിന്റെ അവധി നഷ്ടമായല്ലോ എന്ന പരിഭവത്തോടെ കാലത്ത് തന്നെ ആസ്പത്രിയിലെത്തി. വൈകാതെ സി.ടി.സ്‌കാനിങ്ങിന് വിധേയനായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രക്ത പരിശോധനയില്‍ കോവിഡ് പോസിറ്റീവ്. ന്യൂമോണിയയുമുണ്ട്. ഇപ്പോള്‍ തന്നെ അഡ്മിറ്റാവണം. കൈയും വീശി ഒറ്റക്ക് വന്നൊരാള്‍ അതുപോലെ ആസ്പത്രിയില്‍. കൂട്ടുകാരെയും ഓഫീസ് മേധാവികളെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴേക്കും കോവിഡിന്റെ ആക്രമണം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു.  ആഹാരങ്ങള്‍ക്ക് മണവും രുചിയുമില്ല. ശരീരമാകെ കടുത്ത വേദന. ചുമയും പനിയും. വീട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു ആശങ്ക അത്രയും. പനി കൂടിയതിനാല്‍ ഒബ്‌സര്‍വേഷന് വേണ്ടി അഡ്മിറ്റായി എന്ന വിശദീകരണം അവരെ തൃപ്തിപ്പെടുത്തിയിരിക്കണം.
 
സമയം പിന്നിടുന്തോറും കോവിഡിന്റെ വിളയാട്ടം കൂടിക്കൂടി വരികയായിരുന്നു. ചുമ ശ്വാസം മുട്ടലിലേക്ക് വളര്‍ന്നു. ഓക്‌സിജന്‍ ട്യൂബ്  മൂക്കിനകത്ത് സ്ഥിരമായി. മനുഷ്യമുഖം കാണാനേയില്ല. മുറിയില്‍ വരുന്നവരെല്ലാം പി.പി.ഇ കിറ്റിനകത്താണ്. കൃത്യസമയത്ത് ആസ്പത്രിക്കാര്‍ തന്നെ ഭക്ഷണം എത്തിച്ചു. പക്ഷെ ഒന്നിനോടും താല്‍പ്പര്യമില്ല. ഉറക്കമില്ല. ഏകാന്തത വിഷാദരോഗത്തിലേക്ക് നയിക്കുമെന്ന ഘട്ടമായി. കാണുന്നതെല്ലാം ദുസ്വപ്‌നങ്ങള്‍. മൂന്നാം ദിനം മുതല്‍ വയറ്റിളക്കം.  ഫോണ്‍ നിരന്തരം മണിയടിക്കുന്നു.  വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ വന്നു നിറയുന്നു.  ആരോടും സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിധം വിരക്തി. വിഷാദവും ഏകാന്തതയും വിട്ടുമാറാതെ നില്‍ക്കുന്നു. വീട്ടുകാരെയും കൂട്ടുകാരെയും അവസാനമായൊന്ന് കാണാതെ ഈ മരുഭൂമിയില്‍ എവിടെയോ അടക്കം ചെയ്യപ്പെടുമോ എന്നതായിരുന്നു രാത്രിവേളകളില്‍ മനസ്സിനെ മഥിച്ച ചിന്ത. അങ്ങിനെ ഒരാഴ്ചയിലേറെ. പതിയെ രോഗത്തിന്റെ തീവ്രത കുറഞ്ഞുവന്നു. പക്ഷെ  ആര്‍.ടി പി.സി.ആര്‍ പരിശോധനയില്‍ രണ്ട് നെഗറ്റീവ് കിട്ടാനുള്ള കാത്തിരിപ്പ് മൂന്നാഴ്ച നീണ്ടു. ഒരു നെഗറ്റീവ് കിട്ടിയാല്‍ രണ്ട് പോസിറ്റീവ്. ആസ്പത്രി മുറിയില്‍ നിന്ന് ഇറങ്ങിയാല്‍ ചിലപ്പോള്‍ മനസ്സ് കുറെക്കൂടി ശാന്തമാകുമെന്ന ഡോക്ടറുടെ ഉപദേശമനുസരിച്ച് ഒരു ഹോട്ടലിലേക്ക്. അവിടെയും ഒരാഴ്ചത്തെ ഏകാന്തവാസം. എന്നിട്ടും നെഗറ്റീവ് റിപ്പോര്‍ട്ട് മാത്രം കിട്ടിയില്ല. ഇതിനിടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ മാറിയതിനാല്‍ വീട്ടിലേക്ക് മാറാമെന്നായി. 28-ാം ദിവസത്തെ പരിശോധനയും പോസിറ്റീവ്. എങ്കിലും രോഗവാഹകനല്ലെന്നും പുറത്തേക്ക് പോകാമെന്നുമായി വൈദ്യോപദേശം.  സുഹൃത്തിന്റെ വീട്ടില്‍  ഒറ്റക്ക് മുറിയടച്ചിരുന്ന് വീണ്ടും രണ്ടാഴ്ച. പിന്നീടുള്ള  പരിശോധനയില്‍ നെഗറ്റീവായി. ഒരാഴ്ചക്ക് ശേഷം  വീണ്ടും പരിശോധന. അതും നെഗറ്റീവ്.  പൂര്‍ണ്ണ മുക്തി ആയെന്ന വിശ്വാസത്തില്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റിനായുള്ള കാത്തിരിപ്പായി പിന്നെ. ഒടുവില്‍ ഒരു വിമാനത്തില്‍ സീറ്റ് ഒപ്പിച്ചെടുത്തു. പി.പി.ഇ കിറ്റും ഫെയ്‌സ് ഷീല്‍ഡും ഗ്ലൗസുമെല്ലാമായി വിമാനയാത്ര. വീട്ടില്‍ വീണ്ടും രണ്ടാഴ്ച ക്വാറന്റീൻ. വീട്ടുകാരും തടവിലെന്ന പോലെ. മുകള്‍ നിലയില്‍ ഒരു മുറിയില്‍ 14 ദിവസത്തെ ഏകാന്തവാസം വീണ്ടും. വീട്ടിന്റെ ഗേറ്റിന് പുറത്ത് പോലീസിന്റെ പോസ്റ്റര്‍. ഈ വീട്ടില്‍ ഒരാള്‍ ക്വാറന്റീനിലുണ്ടെന്നും അയാള്‍ പുറത്തിറങ്ങുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ പോലീസിന്റെ ഫോണ്‍നമ്പറും അടങ്ങിയതാണ് പോസ്റ്റര്‍.  ക്വാറന്റീനിൽ ഉള്ളയാള്‍ പുറത്ത് കറങ്ങുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ നിത്യവും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വരവ്. ആരോഗ്യവകുപ്പുകാരുടെ അന്വേഷണം വേറെയും. പതിനാല് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഉപദേശം. വീട്ടില്‍ എല്ലാവരുമായി പെരുമാറാം. പക്ഷെ പുറത്തേക്കിറങ്ങരുത്!!! 
 
അങ്ങിനെ ഏതാണ്ട് രണ്ട് മാസത്തോളം നീണ്ട ഏകാന്തവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ചുറ്റിലും വലിയ തിളക്കം പോലെ. ജനങ്ങളെ കാണുമ്പോള്‍ സന്തോഷം. പക്ഷെ അപ്പോഴും സ്വയം ഉള്‍വലിയല്‍ ഉണ്ടോ എന്നൊരു ആശങ്ക. ചുമയും പൂര്‍ണ്ണമായി വിട്ടുപോയില്ല. അത് മൂന്ന് മാസം വരെ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പില്‍ ആശ്വസിച്ചു. പതിയെ ഓഫീസ് ജോലികളില്‍ മുഴുകിത്തുടങ്ങി. കോവിഡിന്റെ ശക്തി ചെറുതായി കുറഞ്ഞുവരുന്നെന്ന തോന്നല്‍ ലോകം വീണ്ടും പഴയ നിലയിലേക്ക് മാറുന്നുവെന്ന തോന്നല്‍ ഉണ്ടാക്കി. പക്ഷെ ഇപ്പോള്‍ വരുന്ന വാര്‍ത്തകളെല്ലാം പഴയ ഓര്‍മ്മകളെയും ആധികളെയും തിരിച്ചുകൊണ്ടുവരുന്നു. ഇതിനിടയില്‍ നമ്മളും കുറെ മാറിയോ? കോവിഡിന് എതിരായുള്ള പഴയകാലത്തെ മുന്‍കരുതലുകളൊന്നും ആരും ഗൗരവമായെടുത്തില്ല. പലര്‍ക്കും കോവിഡ് വന്നുപോയത്രെ. അവര്‍ പോലും അറിഞ്ഞില്ല. ഇത് ഇത്രയേ ഉള്ളോ എന്നൊരു ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നു. കോവിഡ് കാലത്തെ കുറിച്ച്  2020 ജൂണ്‍ ആദ്യവാരത്തില്‍ മാതൃഭൂമിയില്‍ ഞാന്‍ എഴുതിയ കാര്യങ്ങള്‍ പലര്‍ക്കും ഇതിനെക്കുറിച്ചൊരു അവബോധം നല്‍കിയിരുന്നു. പക്ഷെ പലരും ഇത് അത്രക്കൊക്കെ ഉണ്ടോ ഇത് എന്ന ചോദ്യം ഉന്നയിച്ചത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ചിലര്‍ക്ക്  പോസിറ്റീവ് ആയെങ്കിലും ഒരു പ്രശ്‌നവും ഉണ്ടായില്ലെന്ന പ്രചാരണം കോവിഡിനെ കുറിച്ചുള്ള ഭയം നഷ്ടമാക്കി എന്നതായിരുന്നു യാഥാര്‍ത്ഥ്യം. അപ്പോഴും അവരോട് അത് അനുഭവിച്ചാലേ അറിയൂ എന്ന് പറഞ്ഞ് കാര്യത്തിന്റെ ഗൗരവം വിശദീകരിക്കാനായിരുന്നു ശ്രമം.
 
ഇപ്പോള്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓരോ ദിവസവും ഭയപ്പെടുത്തുന്ന കണക്കുകളാണ് വരുന്നത്.  നിത്യവും കൂടി വരുന്ന കണക്കുകളും പ്രിയപ്പെട്ടവരുടെ മരണങ്ങളും  ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. അതേസമം ആദ്യഘട്ടത്തിലേതുപോലുളള രോഗിയുടെ റൂട്ട് മാപ്പിംഗും കര്‍ശനമായ ക്വാറന്റീനുമൊന്നും ഇപ്പോഴില്ല. പകരം എല്ലാവരുടെയും ആകാംക്ഷ വാക്‌സിന്റെ ലഭ്യതയെ കുറിച്ചാണ്. കൃത്യമായി മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ ഇടക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യുക എന്നീ പ്രാഥമിക മുന്‍കരുതല്‍ എപ്പോഴും ഓര്‍മ്മയിലുണ്ടായാല്‍ കോവിഡിനെ ഒരു പരിധി വരെ അകറ്റിനിര്‍ത്താം എന്ന  അടിസ്ഥാന തത്വങ്ങളിലേക്ക്  മടങ്ങാനാണ് ഇപ്പോഴത്തെ ആഹ്വാനം. 
 
ഒരു വര്‍ഷം പിന്നിടുമ്പോള്‍ കോവിഡ് ലോകത്തെ മാറ്റി മറിച്ചതാകട്ടെ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത വിധത്തിലാണ്. സ്വതന്ത്രമായി ജനം ഒത്തുചേര്‍ന്ന കാലം മറന്നു. വിവാഹവേദിയിലും മരണ വീട്ടിലുമെല്ലാം ആളെണ്ണത്തിന് നിയന്ത്രണമുണ്ട്. വിപണിയും നിര്‍മ്മാണ മേഖലയുമെല്ലാം കിതക്കുന്നു. വിനോദ സഞ്ചാര മേഖല പാടെ തകര്‍ന്നടിഞ്ഞു. എല്ലാം പെട്ടെന്ന് തീര്‍ന്ന് ലോകം പഴയ പടിയിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചവരാണ് എല്ലാവരും. പക്ഷെ മുഖത്തണിയുന്ന മാസ്‌കിന്റെ എണ്ണം ഒന്നില്‍ നിന്ന് രണ്ടിലെത്തി എന്നതൊഴിച്ചാല്‍ മുന്‍ കാലത്തേക്കാള്‍ ഭീകരമാണ് വരാനിരിക്കുന്ന നാളുകള്‍ എന്ന സൂചനയാണ് ബന്ധപ്പെട്ടവരെല്ലാം നല്‍കുന്നത്. എല്ലാറ്റിനും പരിഹാരമായി വാക്‌സിന്‍ വരുമെന്നും എല്ലാവര്‍ക്കും അത് ലഭിച്ചുകഴിഞ്ഞാല്‍ ലോകം പഴയതുപോലെയായി വരുമെന്നുമുള്ള പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ബാക്കി. പക്ഷെ  അതിനും ഇനിയെത്ര കാലം എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആരും സന്നദ്ധമാവുന്നില്ല. അല്ലെങ്കില്‍ ആര്‍ക്കും അതിലൊരു ഉറപ്പുമില്ല.
 
Content Highlights: Covid 19 treatment experience Covid Secong Wave Oxygen