കോവിഡ് കാലം, ആസ്ത്മ പോലുള്ള മറ്റു ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആകാംഷാ കാലം കൂടിയാണ്. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ചുമ എന്നിവ ഉണ്ടായാല്‍ അത് ഇനി കോവിഡ് ആണോ? എങ്ങനെ വേര്‍തിരിച്ചറിയും? എന്ന സംശയങ്ങള്‍, ഇനി അഥാവാ കൊറോണ വൈറസ് ബാധിച്ചാല്‍ ഗുരുതരാവസ്ഥ ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ഉണ്ടോ എന്നിങ്ങനെ ഒരു പിടി ചോദ്യങ്ങള്‍ ഉണ്ട് പലരുടെയും മനസ്സില്‍.

ഇതിനും പുറമെ ആസ്തമയുടെ ഭാഗമായുള്ള ലക്ഷണങ്ങളെ മറ്റുള്ളവര്‍ വിവേചനത്തോടെ കാണുമോ എന്നുള്ള ഭയവും ഉണ്ടായേക്കാം.

മെയ് 5 ലോക ആസ്തമ ദിനം ആണ്. എന്നാല്‍ ഇത്തവണത്തെ ആസ്ത്മാ ദിനാചരണങ്ങള്‍ വേണ്ടാ എന്ന് തീരുമാനിക്കുക ആണുണ്ടായത്. കോവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടി ആയിരുന്നു അത്.

കോവിഡ് കാലത്ത് ആസ്ത്മ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ GINA (ഗ്ലോബല്‍ ഇനിഷ്യേറ്റിവ് ഫോര്‍ ആസ്ത്മ) മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ പുറത്തിറക്കിയിട്ടുണ്ട്

എന്തൊക്കെയാണവ ?

ആസ്ത്മയുള്ള ആളുകള്‍ അവരുടെ ഡോക്ടര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരിക്കുന്നതു പോലെ തന്നെ കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്‍ഹേലര്‍ (അഥവാ വലിക്കുന്ന/ ശ്വസിക്കുന്ന ) മരുന്നുകളും തുടരണം.

പെട്ടന്നുണ്ടാവുന്ന കൂടിയ ആസ്ത്മ അറ്റാക്കുകളുള്ളവരില്‍ ഗുരുതരാവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ കോര്‍ട്ടികോസ്റ്റീറോയിഡു ഗുളികകള്‍ ഹ്രസ്വകാലത്തേക്ക് കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അത് പാലിക്കണം.

അപൂര്‍വ സന്ദര്‍ഭങ്ങളില്‍, കടുത്ത ആസ്ത്മയുള്ള രോഗികള്‍ക്ക് അവരുടെ ശ്വസിക്കുന്ന മരുന്നുകളുടെ കൂടെ തന്നെ കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ ഗുളികകളായി ഉപയോഗിച്ച് ദീര്‍ഘകാല ചികിത്സ ആവശ്യമായി വന്നേക്കാം. കഠിനമായ അറ്റാക്കുകള്‍ / തീവ്രത ഉണ്ടാകാന്‍ സാധ്യതയുള്ള ഈ രോഗികളില്‍ സാധ്യമായ ഏറ്റവും കുറഞ്ഞ ഡോസില്‍ ഈ ചികിത്സ തുടരേണ്ടി വന്നേക്കാം.

COVID19 മറ്റ് രോഗികള്‍ക്കും ഫിസിഷ്യന്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റും പകര്‍ത്താനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ നെബുലൈസറുകള്‍ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പകരം ഇന്‍ഹേലറുകള്‍ സ്‌പേസര്‍ എന്ന ഉപകാരണത്തോടൊപ്പം ഘടിപ്പിച്ചു ഉപയോഗിക്കാം.

എന്നാല്‍ സ്‌പെയ്‌സറുകള്‍ പങ്കിടരുത്.

അലര്‍ജിക് റൈനറ്റിസ് രോഗികള്‍ അവരുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂക്കില്‍ അടിക്കുന്ന സ്‌പ്രേ മരുന്നുകള്‍ തുടരണം.

കൊറോണ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി പതിവ് സ്‌പൈറോമെട്രി പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം, ആവശ്യമെങ്കില്‍ മാത്രം ആവശ്യത്തിന് അണുബാധ നിയന്ത്രണ നടപടികള്‍ കൈക്കൊണ്ടു കൊണ്ട് ചെയ്യാവുന്നന്നതാണ്.

ആസ്ത്മ രോഗം ഉള്ളവര്‍ക്ക് കോവിഡ് രോഗ ബാധ ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലുണ്ടോ?

ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ ഇനിയും പരിമിതമാണ്, എന്നാല്‍ ഗുരുതരാവസ്ഥകള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആയതിനാല്‍ കരുതലോടെ ഇരിക്കാം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍?

ആസ്ത്മ രോഗികള്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ആസ്തമ അറ്റാക്ക് ഉണ്ടാവാന്‍ കാരണമായേക്കാവുന്ന കാര്യങ്ങള്‍ (പുക, തണുപ്പ്, പൊടി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കണം. മരുന്നുകളും നിര്‍ദ്ദിഷ്ട ചികിത്സാ രീതികളും കര്‍ശനമായി പാലിക്കണം.

മഹാമാരി പടരും അവസരത്തില്‍ ആശുപത്രി സന്ദര്‍ശനം കഴിയുന്നതും ഒഴിവാക്കണം. ഏവരും പാലിക്കേണ്ടുന്ന സാമൂഹിക അകലം പാലിക്കല്‍, കൈകളുടെ ശുചിത്വം പോലുള്ളവയും കൃത്യമായി പാലിക്കണം.

Content Highlights: COVID-19 and Asthma What Patients Need to Know