coronaതൃശ്ശൂർ: ‘ചൈനയിലെ വുഹാനിൽനിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂർ ജനറൽആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്’- റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു സന്ദേശംനൽകുമ്പോൾ തൃശ്ശൂർ ഡി.എം.ഒ. ഓഫീസും സന്ദേശം സ്വീകരിച്ച ആരോഗ്യസെക്രട്ടറിയുടെ ഒാഫീസും അവധിയാലസ്യത്തിലായിരുന്നില്ല. ചൈനയിൽ മഹാമാരിയായി പടരുന്ന കൊറോണ വൈറസിനെ ഇന്ത്യയിൽ പ്രതിരോധിക്കാൻ ഉണർന്നിരിക്കുകയായിരുന്നു. ‘നിപ’ നൽകിയ പാഠമായിരുന്നു ജാഗ്രതയ്ക്കുപിന്നിൽ. ഇപ്പോൾ, ഇന്ത്യയിലാദ്യമായി രോഗംസ്ഥിരീകരിച്ച തൃശ്ശൂരിലെ കുട്ടി രോഗംഭേദമായി ആശുപത്രി വിടാനൊരുങ്ങുകയാണ്. അതിനുപിന്നിൽ, ഒരു രാജ്യത്തെ ഒട്ടും ആശങ്കയിലാക്കാതെ രോഗംപടരാതിരിക്കാൻ കേരളത്തിൽ ഒരു സംവിധാനം ഉറങ്ങാതെ പ്രവർത്തിച്ചു.

രാജ്യത്തെ ആദ്യപോസിറ്റീവ്

തൃശ്ശൂർ ജനറൽആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള നാലിൽ മൂന്നുപേരുടെ പരിശോധനാഫലം ജനുവരി 30-ന് എത്തി. മൂന്നുംനെഗറ്റീവ്. ഫലമെത്താത്ത നാലാമത്തെയാൾ തൊണ്ടവേദനയുമായി എത്തിയ വിദ്യാർഥിനിയാണ്. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ്ചെയ്തു. ഫലംവരാത്ത വിദ്യാർഥിനിക്കും ഫലം നെഗറ്റീവായിരിക്കുമെന്ന വിശ്വാസത്തിൽ ഡിസ്ചാർജ് െചയ്താലോ എന്ന് ഡോക്ടർമാർ ആലോചിക്കവേയാണ് ആരോഗ്യമന്ത്രിയുടെ വിളിയെത്തുന്നത് -ആരെയും ഡിസ്ചാർജ് ചെയ്യരുത്. ഒരു ഫലം പോസിറ്റീവാണ്.

കേരളം ജാഗ്രതയിൽ

ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി, തൃശ്ശൂർ ജില്ലാ കളക്ടർ, തൃശ്ശൂർ ഡി.എം.ഒ., തൃശ്ശൂർ െമഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തനം തുടങ്ങി. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അവിടത്തെ പേവാർഡുകൾ ഒഴിപ്പിച്ച് 24 മുറികളുള്ള െഎസൊലേഷൻ വാർഡൊരുക്കി.

ആർ.എം.ഒ. ഡോ. സി.പി. മുരളി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. പി.വി. സന്തോഷ്, ഡോ. നിഷ എം.ദാസ് എന്നിവരും പിന്തുണനൽകി.

കോർ ടീം സജ്ജം

മെഡിക്കൽകോളേജ് സൂപ്രണ്ട് ഡോ. ബിജുകൃഷ്ണൻ, ഡോ. സി. രവീന്ദ്രൻ, ഇൻഫക്‌ഷനറി ഡിസീസ് ഇൻ ചാർജ് ഡോ. രാജേഷ്, മൈക്രോബയോളജിസ്റ്റ് ഡോ. സൂര്യകല, ഡോ. ബിനു, ഹെ‍ഡ്നഴ്സ് സിജി ജോസ് എന്നിവരുൾപ്പെട്ട കോർ ടീമുണ്ടാക്കി. അവധിയെടുക്കാതെ 30 നഴ്സുമാരും.

ആദ്യരോഗിയെത്തുന്നു

രോഗംസ്ഥിരീകരിച്ച വിദ്യാർഥിനിയെ എത്തിച്ചത് ജനുവരി 31-നു രാവിലെ 5.30-ന്. രോഗിയെ കൂട്ടിക്കൊണ്ടുവരാൻ പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസും ലെയ്സൺ ഒാഫീസർ ഡോ. സി. രവീന്ദ്രനുമെത്തി. ജനറൽമെഡിസിനിലെ യൂണിറ്റ് ചീഫ് ഡോ. ജിജിത് കൃഷ്ണനും ഡോ. എൽസയും രോഗിയെ പരിശോധിച്ചു.

ചികിത്സയില്ല, നിരീക്ഷണംമാത്രം

തൊണ്ടവേദനയ്ക്കുമാത്രമാണ് മരുന്നുനൽകിയത്. മറ്റു േരാഗങ്ങൾ ബാധിക്കാതെയും പകരാതെയും നോക്കാനായിരുന്നു ശ്രമം. ദിവസം രണ്ടുതവണ  രോഗിയെ സന്ദർശിച്ചു. ഒാരോതവണയും ഡോക്ടർമാരും നഴ്സുമാരും വസ്ത്രം കത്തിച്ചുകളഞ്ഞ് ആശുപത്രിയിലൊരുക്കിയ സ്ഥലത്ത് കുളിക്കണം.

ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലായിരുന്നു.

മികച്ചസംവിധാനം, വലിയനേട്ടം

ചൈനയിൽനിന്നെത്തിയവരെ കണ്ടെത്തി പരിശോധിച്ച ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡോ. സുമേഷ് കൃഷ്ണൻ, ഡോ. ബിനു, ഡോ. ജിജിത് കൃഷ്ണൻ, രോഗമറിഞ്ഞയുടൻ പാഞ്ഞെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്... പിന്നെ, പിന്തുണയുമായെത്തിയ കേരളജനത. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധിച്ച രോഗി രോഗമുക്തി നേടുമ്പോൾ പറയാനുള്ളതിതാണ്: ‘തോൽപ്പിക്കാനാകില്ല... ഇതു കേരളമാണ്’.

ഒപ്പമുണ്ട്, ഈ ഡി.എം.ഒ.

reenaതൃശ്ശൂർ: രാജ്യത്ത്‌ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ് ആയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഭീതിയകന്നെങ്കിലും തൃശ്ശൂർ ജില്ലാ മെഡിക്കൽ ഒാഫീസർ കെ.ജെ. റീനയ്ക്ക് വിശ്രമമില്ല. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരശേഖരണവും മറ്റുമായി കർമനിരതയാണ് അവർ. കേരളം നിപയോടും പ്രളയത്തോടും ഇപ്പോൾ കൊറോണയോടും പൊരുതുമ്പോൾ അതിന്റെ മുന്നണിപ്പോരാളിയാവുക എന്ന നിയോഗമാണ് റീനയ്ക്കുള്ളത്.

കൂട്ടായ മുന്നേറ്റങ്ങളുടെ സാക്ഷ്യമാണ് കൊറോണ കാലവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കാവശ്യമായ സഹായം എത്തിച്ച് ഒപ്പംനിന്ന ജനപ്രതിനിധികൾ. കല്യാണം മാറ്റിവെച്ച വീട്ടുകാർ. വാശിയൊന്നും കാണിക്കാതെ 28 ദിവസമെന്ന നീണ്ട കാലയളവിൽ ഒരു മുറിക്കകത്ത് മാത്രം കഴിഞ്ഞുകൂടിയവർ. അവരുടെ സമ്മർദത്തിന് പരിഹാരവുമായി എത്തിയ സൈക്കോളജിസ്റ്റുകൾ. ഇൗ ഒത്തൊരുമയുടെ കരുത്തുള്ളപ്പോൾ ആരോഗ്യകേരളത്തിന് പ്രതിസന്ധികൾ അനായാസം തരണംചെയ്യനാവും-ഡോ. റീനയുടെ നേതൃത്വത്തിലുള്ള സംഘം നൽകുന്ന സന്ദേശം വലുതാണ്. 24 വർഷമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ആത്മവിശ്വാസം നൽകുന്ന കരുത്താണ് പ്രധാന െകെമുതൽ.

തുടക്കംമുതൽത്തന്നെ തുടർന്ന സസൂക്ഷ്മനിരീക്ഷണവും ചൈനയിൽനിന്നെത്തിയവരെ ചിട്ടയായി പരിശോധിച്ചതുമാണ് കേരളത്തിൽ കൊറോണക്കെതിരേ നടന്ന ആദ്യ ‘സർജിക്കൽ സ്‌ട്രൈക്ക്’. രാജ്യത്തെ തന്നെ ആദ്യ കൊറോണ ബാധ തൃശ്ശൂരിലാണെന്നറിഞ്ഞപ്പോളും സമ്മർദങ്ങളെ അതിജീവിച്ച് ഏല്ലാവരെയും ഒരുമിപ്പിച്ച് ഒന്നിച്ചുനീങ്ങാൻ കഴിഞ്ഞു. കൺട്രോൾ റൂം പ്രവർത്തനങ്ങളിൽ ജോലിക്കാർക്കൊപ്പം രാപകലെന്ന വ്യത്യാസമില്ലാതെ ഒപ്പംചേർന്നു.

കൊറോണ വൈറസിന് ജനിതകമാറ്റം വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ മുൻഗണനകളിൽ ഒന്ന്. രോഗികളുമായി ഇടപെട്ടവർക്ക് നിരീക്ഷണമേർപ്പെടുത്താനുണ്ടായ പ്രധാന കാരണമിതാണ്. ആംബുലൻസ് ഡ്രൈവർമാർ മുതൽ ജില്ലാ കളക്ടർ വരെ നീളുന്ന വിവിധ തട്ടിലുള്ളവർ കൊറോണ പോരാട്ടത്തിൽ തോളോട്തോൾ ചേർന്നുനിന്നു. കൊറോണ സ്ഥിരീകരിച്ചശേഷം കൺട്രോൾറൂം തുടങ്ങാൻ മുൻെകെയെടുത്തത് റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 130-ലധികം പേരാണ് ആദ്യദിവസങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടത്.

കേരളത്തിൽ ആദ്യം നിപയെത്തിയപ്പോൾ പൊതുജനാരോഗ്യ വിഭാഗം അഡീഷണണൽ ഡയറക്ടറായിരുന്നു റീന. അന്ന് രോഗവിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു റീനയുടെ പ്രധാന ചുമതല. രോഗമുള്ളവരുമായി ബന്ധപ്പെട്ട 1200-ലധികം പേരുടെ വിവരങ്ങളാണ് അന്ന് ശേഖരിച്ചത്. പ്രളയകാലത്താവട്ടെ അമ്പത് ദിവസത്തിനുമേൽ അവധിയെടുക്കാതെ തുടർച്ചയായി ജോലിചെയ്തു.

തസ്‌നി സലിം