കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ രണ്ടുലക്ഷത്തോട് അടുക്കുന്നു. മരണസംഖ്യ പതിനായിരം പിന്നിട്ടു. ഇന്ത്യ കോവിഡ്-19  മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍ നിന്ന് (Local transmission) മൂന്നാംഘട്ടത്തിലേക്ക് (Community Spread) പ്രവേശിച്ചിരിക്കുന്നു. ജനങ്ങളില്‍ ഭീതി നിറയ്ക്കുന്ന വാര്‍ത്തകളാണ് ഓരോ മണിക്കൂറിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു പകര്‍ച്ചവ്യാധിയെ നേരിടുന്ന സമൂഹമെന്ന നിലയില്‍ നമ്മുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും അതിപ്രധാനമാണ്. കൊറോണക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് ലോകാരോഗ്യസംഘടന വിശദമായൊരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ സംസ്ഥാനത്ത് മാനസികാരോഗ്യപരിപാലനത്തിന് സ്വീകരിക്കേണ്ട ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

ഒരു പകര്‍ച്ചവ്യാധി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തെത്തുമ്പോള്‍ സംഭവിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് സ്റ്റിഗ്മ (stigma) അഥവാ വിവേചനപരമായ നിലപാട്. മറ്റൊന്ന് സ്വീനോഫോബിയ (Xenophobia) അഥവാ അപരനോടുള്ള ഭയം. കോവിഡ്-19 ആരംഭിച്ചത് ചൈനയില്‍ നിന്നാണെങ്കിലും ഇപ്പോള്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രം യൂറോപ്പിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. കൊറോണ വൈറസ് രോഗത്തെ ഒരു പ്രത്യേക രാജ്യത്തിന്റേയോ വംശത്തിന്റേയോ സംഭാവനയായി കാണുന്ന പ്രവണത അവസാനിപ്പിച്ചേ തീരൂ. യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ ഈ മഹാമാരിയുടെ നാലാം ഘട്ടത്തിലാണ്. ഇറ്റലിയൊക്കെ നാലാം ഘട്ടത്തിലാണ്.

കൊറോണ വൈസ് രോഗം ബാധിച്ചവരെ കോവിഡ്-19 കേസുകള്‍, ഇരകള്‍, കോവിഡ്-19 കുടുംബം എന്നീ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുന്നത് ശരിയല്ല. അവര്‍ യഥാര്‍ഥത്തില്‍ കോവിഡ്-19 ബാധിച്ച, നമ്മളെപ്പോലുള്ള വ്യക്തികളാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. ചികിത്സാ കാലയളവോ ക്വാറന്റൈന്‍ കാലമോ കഴിയുമ്പോള്‍ അവര്‍ രോഗിവിമുക്തരായി തങ്ങളുടെ കുടുംബങ്ങളിലേക്കും സ്‌നേഹിക്കുന്നവരുടെ ഇടയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും മടങ്ങണ്ടവരാണ് എന്ന ബോധ്യത്തോടെ മാത്രമേ അവരേക്കുറിച്ച് പരാമര്‍ശിക്കാന്‍ പാടുള്ളൂ.

'കൊറോണ' വാര്‍ത്തകള്‍ നിങ്ങളുടെ മനസ്സിനെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

നിങ്ങളുടെ ജോലിയിലും ദിനചര്യങ്ങളിലും ശ്രദ്ധിക്കാനാവാത്ത വിധം കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങളുടെ മനസ്സിനെ മഥിക്കുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം. നിങ്ങള്‍ വിഷാദത്തിലേക്കോ അമിത ഉത്കണ്ഠാരോഗത്തിലേക്കോ വഴുതിപ്പോകാന്‍ സാധ്യതയുണ്ട്. എന്താണ് പരിഹാരം?

 • അടിക്കടി സോഷ്യല്‍ മീഡിയ നോക്കുന്നതും ന്യൂസ് ചാനലുകള്‍ കാണുന്നതും ഒഴിവാക്കാം. മീഡിയയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാം. നിശ്ചിത ഇടവേളകളില്‍ മാത്രം ന്യൂസും സോഷ്യല്‍ മീഡിയയും നോക്കിയാല്‍ മതി. രാവിലെ കുറച്ചുനേരം വാര്‍ത്തകള്‍ നോക്കിയിട്ട് ദിനചര്യകളിലേക്കും ജോലിയിലേക്കും കടക്കാം. പിന്നെ ഉച്ചഭക്ഷണത്തിനുശേഷം മാത്രം വാര്‍ത്തകള്‍ നോക്കിയാല്‍ മതി എന്നു തീരുമാനിക്കാം. ദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ പലരിലും ഭയം നിറയും. ദിവസങ്ങളോളം ഇതാവര്‍ത്തിക്കുമ്പോള്‍ അതൊരു പാനിക് അറ്റാക്കിന്റെയോ ലഘുവിഷാദരോഗത്തിന്റെയോ (Mild depressive episode) അമിത ഉത്കണ്ഠാരോഗത്തിന്റെയോ (Anxiety disoder) രൂപമാര്‍ജ്ജിച്ചേക്കാം.
 • വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുമാത്രം ലഭ്യമാകുന്ന വിവരങ്ങളെ ആശ്രയിക്കുക. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ്, ആരോഗ്യവകുപ്പുകളില്‍ നിന്നും ഗവണ്‍മെന്റ് അതോറിറ്റികളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍, ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന വിവരങ്ങള്‍ എന്നിവയെ ആശ്രയിക്കാം. വസ്തുതകളാണ് പരിഗണിക്കേണ്ടത് അല്ലാതെ കിംവദന്തികളോ കേട്ടുകേള്‍വികളോ അല്ല. യഥാര്‍ഥ വസ്തുതകള്‍ പലപ്പോഴും ആശങ്കകളെ അകറ്റും.
 • പ്രചോദിപ്പിക്കുന്ന വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കണം. കോവിഡ്-19 നെ നേരിട്ടവരുടെ അതിജീവനത്തിന്റെ അനുഭവങ്ങള്‍, ക്വാറന്റൈനിലിരിക്കുന്നവരുടെ ആവേശകരമായ അനുഭവക്കുറിപ്പുകള്‍ ഇവയെല്ലാം പങ്കുവെയ്ക്കാം. തൊടുപുഴ സ്വദേശിയായ ലിനോ എന്ന യുവാവിന്റെ അനുഭവക്കുറിപ്പ് ഉദാഹരണമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവന്നതുകൊണ്ട് സ്വന്തം പിതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലിനോയ്ക്ക് കഴിഞ്ഞില്ല. ക്വാറന്റൈന്‍ പിരീഡ് പൂര്‍ത്തിയാക്കിയ ലിനോ, പിതാവിന്റെ ശവസംസ്‌കാരത്തിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് കല്ലറയിലെത്തി മെഴുകുതിരികള്‍ തെളിച്ച് അന്തിമോപചാരമര്‍പ്പിച്ചു. ഇത്തരം അനുഭവക്കുറിപ്പുകള്‍ ക്വാറന്റൈനില്‍ കഴിച്ചുകൂട്ടുന്നവരേയും സമൂഹത്തെ പൊതുവായും സ്വാധീനിക്കും. മനസ്സിലെ ഭയത്തിനുപകരം അതിജീവനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറയും.

മാനസികാരോഗ്യ സംബന്ധമായി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

 • ഒരു കാരണവശാലും മരുന്നുകള്‍ മുടക്കരുത്. കൃത്യമായ ഉറക്കവും പോഷകാഹാരവും ഉറപ്പാക്കണം.
 • ദീര്‍ഘകാലത്തേക്ക് മരുന്നുകള്‍ ആവശ്യമായി വരുന്ന വിഷാദരോഗം (ഡിപ്രഷന്‍), ചിത്തഭ്രമരോഗം (സ്‌കീസോഫ്രീനിയ), ഉന്മാദവിഷാദരോഗം (ബൈപോളാര്‍ ഡിസോര്‍ഡര്‍), ഒബ്‌സസ്സീവ് കംപല്‍സിവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി.) എന്നീ രോഗങ്ങളെല്ലാം പൊതുവായി ടെന്‍ഷനും ഉറക്കക്കുറവും ഉണ്ടായാല്‍ ഗുരുതരമാകാനും പുതിയൊരു എപ്പിസോഡിലേക്കു പോകാനുമുള്ള സാധ്യത ഏറെയാണ്. അതിനാല്‍ മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം കൃത്യമായ ഉറക്കവും ഉറപ്പുവരുത്തണം.
 • ക്വാറന്റൈനിലുള്ള വ്യക്തികളാരെങ്കിലും മാനസികരോഗങ്ങള്‍ക്കു മരുന്നുകഴിക്കുന്നുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ജില്ലാ മാനസികാരോഗ്യ പദ്ധതി (DMHP) വഴിയായി മരുന്നുകള്‍ നിങ്ങള്‍ക്ക് ലഭ്യമാകും.
 • പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ ലഹരിവസ്തുക്കളുടെ ഉപയോഗം കൂട്ടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മദ്യപാനശീലമാണ് ഇതില്‍ എടുത്തുപറയേണ്ടത്. മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ ലഹരിയുപയോഗത്തിലേക്കു നീങ്ങിയാല്‍ ഉടന്‍തന്നെ സൈക്യാട്രിസ്റ്റിന്റെ ഉപദേശം തേടണ്ടേതാണ്.
 • സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (withdrawal symptoms) പ്രധാനപ്പെട്ടൊരു ആരോഗ്യപ്രശ്‌നമാണ്. ഉടനടി ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടണം. അല്ലെങ്കില്‍ പെട്ടെന്നു മദ്യം നിര്‍ത്തിയാലുണ്ടാകുന്ന ഡെലീറിയം ട്രെമെന്‍സ് (Delirium Tremens) പോലുള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ മരണകാരണം വരെ ആയേക്കാം.

ക്വാറന്റൈനിലിരിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

 • ക്വാറന്റൈന്‍ അഥവാ സമ്പര്‍ക്കവിലക്കിലിരിക്കുന്ന വ്യക്തികള്‍ക്ക് ലഘുവിഷാദം, അമിത ഉത്കണ്ഠ, പാനിക് അറ്റാക്ക്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, കുറ്റബോധം, കടുത്ത മുഷിപ്പ്, അമിത കോപം, ലഹരി വസ്തുക്കളോടുള്ള അടിമത്തം ഇവയെല്ലാം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം.
 • ക്വാറന്റൈന്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വലിയൊരു തടസ്സമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ നമ്മുടെ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ചുള്ള ഭാവാത്മകമായ ചിന്തകള്‍കൊണ്ട് ഈ നിരാശാബോധത്തെ മറികടക്കാം.
 • വായിക്കാതെ മാറ്റിവെച്ച പുസ്തകങ്ങള്‍, പിന്നീട് കാണാന്‍ ബാക്കിവെച്ച സിനിമകള്‍, ഇഷ്ടപ്പെട്ട ചെറിയ ചെറിയ കരകൗശലപ്പണികള്‍, ചിത്രത്തുന്നല്‍ ഇവയ്‌ക്കെല്ലാം ഹോം ക്വാറന്റൈനിലിരിക്കുന്നവര്‍ക്ക് സമയം കണ്ടെത്താം. ഈ ചുമതലാബോധം നമ്മെ മാനസികമായി ശാന്തരാക്കും.

(കല്‍പ്പറ്റ ഗവ. ജനറല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Content Highlights: CoronaVirus you needs mental health support