ശാസ്ത്രസമൂഹം വളരെ ശക്തമായ ഒരു മുന്നറിയിപ്പു കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരുന്നു. രോഗശാസ്ത്ര (Epidemiology) പഠനത്തിന്റെയും രോഗാണു പഠനത്തിന്റെയും അടിസ്ഥാനത്തിലാണു വളരെ പ്രാധാന്യമേറിയ ആ പ്രസ്താവന ഇന്ത്യന്‍ വൈദ്യശാസ്ത്ര-രോഗാണുശാസ്ത്ര വിദഗ്ധര്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി, ആ പ്രസ്താവനയ്ക്ക് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ അടിവര ചാര്‍ത്തുകയുണ്ടായി. അടുത്ത മൂന്നാഴ്ചകള്‍ (21 ദിവസം) ഓരോ ഇന്ത്യക്കാരനും വളരെ ശ്രദ്ധിക്കണമെന്നും പുറത്തിറങ്ങാതെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എന്താണ് ഈ പ്രസ്താവനയുടെ പ്രസക്തിയും ശാസ്ത്രീയ അടിസ്ഥാനവും?

മൂന്നാഴ്ചയെന്നത് ഒരു മാന്ത്രികസംഖ്യയല്ല. ആ ദിവസത്തിനുശേഷം ഇന്ത്യയില്‍ ഒറ്റയടിക്ക് കൊറോണ വൈറസ് രാജ്യം വിട്ടോടുകയുമല്ല. മറിച്ചു രോഗാണുശാസ്ത്ര (Epidemiology) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നാഴ്ചക്കാലം നിര്‍ണായകമായൊരു കാലയളവാകുന്നത്. ആ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനു നാലു രാജ്യങ്ങളുടെ ഉദാഹരണമെടുത്താല്‍ മതി. ചൈന, ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലെ രോഗാണുബാധയുടെ രീതി നമുക്കൊന്നു പരിശോധിക്കാം. 

ദക്ഷിണ കൊറിയയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 21 നാണ്. ഫെബ്രുവരി 2ന് 30 കേസുകള്‍ മാത്രം. പക്ഷേ, ഫെബ്രുവരി 24ന് 1673 കേസുകളും 27 ന് 2491 കേസുകളുമായി ഒറ്റയടിക്ക് രോഗികളുടെ സംഖ്യ കുതിച്ചുയര്‍ന്നു. 

ഇറാനില്‍ ഫെബ്രുവരി 19ന് നാല് കേസുകള്‍. 24 ന് 92 കേസുകള്‍. 29ന് 779 കേസുകള്‍, മാര്‍ച്ച് 6ന് 5710 കേസുകള്‍ എന്നിങ്ങനെയായിരുന്നു രോഗവ്യാപനം. 
ഇറ്റലിയില്‍ ജനുവരി 31നു രണ്ട് കേസുകള്‍, ഫെബ്രുവരി 23നു 155 കേസുകള്‍, 28ന് 1087 കേസുകള്‍, മാര്‍ച്ച് 2ന് 2464 കേസുകള്‍ എന്നിങ്ങനെ രോഗം പടര്‍ന്നു. 

ചൈനയിലാവട്ടെ ഡിസംബര്‍ അവസാന വാരത്തിലാണു രോഗം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 21 ന് 333, 23ന് 1240, 28ന് 7513, ഫെബ്രുവരി അഞ്ചിന് 30350 എന്നിങ്ങനെ ആയിരുന്നു അവിടുത്തെ രോഗവ്യാപനം.

ദക്ഷിണ കൊറിയയില്‍ കൃത്യമായി മൂന്ന്-നാല് ആഴ്ചയിലാണു കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായത്. ഇറാനിലും അത് ആവര്‍ത്തിക്കുന്നു. ഇറ്റലിയില്‍ നാലാമത്തെ ആഴ്ചയിലാണു കേസുകള്‍ അനിയന്ത്രിതമാവുന്നത്. ചൈനയില്‍ ഡിസംബര്‍ രണ്ടാം വാരത്തിന്റെ ഒടുവില്‍ രോഗം വുഹാനില്‍ പടരുന്നു എന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത് ശരിയാണെങ്കില്‍ അവിടെയും രോഗം കാട്ടുതീ പോലെ പടരുന്നതു നാലാമത്തെ ആഴ്ചയിലാണ്. 

ഇന്ത്യയില്‍ ആദ്യകേസ് ജനുവരി 29ന് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഫെബ്രുവരി 23 വരെ മൂന്നു കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് 17ന് 126, 20ന് 206 കേസുകളായി അത് ഉയര്‍ന്നുവന്നു. മാര്‍ച്ച് 27 ന് രോഗികളുടെ എണ്ണം ഏകദേശം നാലിരട്ടിയായി 750 കടന്നു. ഫെബ്രുവരി 23 രോഗവ്യാപനത്തിന്റെ ആദ്യ ദശയായി എടുത്താല്‍ മാര്‍ച്ച് 24 - ന്റെ ചുറ്റുമുള്ള കാലയളവാണ് (മാര്‍ച്ച് 17- 31 )ഇന്ത്യയില്‍ നിര്‍ണായകമാകാവുന്ന ദിനങ്ങള്‍.

ദക്ഷിണ കൊറിയയിലും ഇറാനിലും ഇറ്റലിയിലും ചൈനയിലുമൊക്കെ രോഗം കാട്ടുതീ പോലെ പടര്‍ന്നതു  നാലാമത്തെ ആഴ്ചയ്ക്ക് തൊട്ടു മുന്‍പും ശേഷവുമാണ്. അതായതു സാമൂഹിക വ്യാപനം (Community spread) നടക്കുന്നതിന് ഏററവും സാധ്യതയുള്ള നിര്‍ണായകമായ ദിനങ്ങള്‍. ഈ നിര്‍ണായക കാലയളവില്‍ ഇന്ത്യയ്ക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ മിക്കവാറും സാമൂഹിക വ്യാപനം നടക്കാതെ രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ (Local spread) രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞു എന്നു നമുക്ക് നിശ്ചയമായും അഭിമാനിക്കാം. 

പക്ഷേ, ലോകപ്രശസ്ത വൈറോളജിസ്റ്റായ പ്രഫ. ജേക്കബ് ജോണ്‍ അടക്കമുള്ളവര്‍ അത്ര ശുഭാപ്തിവിശ്വാസക്കാരല്ല. അതാണ് ഒരു ജനത എന്ന നിലയില്‍ നമ്മുടെ ഉറക്കം കെടുത്തുന്ന പേടിസ്വപ്നം. 

'അമിതമായ ആത്മവിശ്വാസം ഒട്ടും നല്ലതല്ല എന്ന് നാം സ്വയം നിരന്തരം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ഇറ്റലി, സ്‌പെയിന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സാമൂഹിക വ്യാപനം തടയുന്നതില്‍ അവര്‍ കാണിച്ച ഗുരുതരമായ ഉദാസീനതക്കും താന്‍പോരിമക്കും വലിയ രീതിയില്‍ പിഴയടക്കുകയാണിപ്പോള്‍. ചൈനയെ പിന്നിലാക്കിക്കൊണ്ട് ഭീതിദമായ രീതിയില്‍ ഇറ്റലിയില്‍ മരണസംഖ്യ കുതിച്ചുയരുന്നത്, ഇപ്പോഴത് 8215 കടന്നു, സമൂഹവ്യാപനം തടയുന്നതില്‍ അവര്‍ കാണിച്ച വലിയ വീഴ്ച കൊണ്ടു മാത്രമാണ്. ഇറ്റാലിയന്‍ പത്രങ്ങളില്‍ പത്തു പേജിലധികമാണിപ്പോള്‍ ചരമക്കോളങ്ങള്‍. അത്തരമൊരു വിഢിത്തം നൂറ്റിനാല്പതു കോടി ജനസംഖ്യയുള്ള നമ്മുടെ രാഷ്ട്രത്തെ മിക്കവാറും നാമാവശേഷമാക്കിയേക്കും. 

കര്‍ശനമായ നിയന്ത്രണങ്ങള്‍ മാതമാണ് സാമൂഹിക അകലം പാലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയുള്ളൂ എന്ന് വരുന്നത് നിര്‍ഭാഗ്യകരമാണ്. ജനതാ കര്‍ഫ്യൂവിന് തൊട്ടു മുന്‍പ് മാര്‍ക്കറ്റുകളില്‍ കണ്ട ജനക്കൂട്ടവും സാമൂഹിക ബോധം തൊട്ടു തെറിച്ചിട്ടില്ലാത്ത കാസര്‍കോട്ടുകാരനും ഒട്ടും ആശാവഹമായ സന്ദേശമല്ല തരുന്നത്. ലോകത്തില്‍ ആകെ അഞ്ചര ലക്ഷംപേര്‍ക്ക് രോഗം പടര്‍ന്നുകഴിഞ്ഞു. മരണം ഇരുപത്തിഅയ്യായിരത്തിനോട് അടുക്കുകയുമാണ്. 

പക്ഷേ നമുക്ക് അതിജീവിച്ചേ തീരൂ.

അഞ്ചു കോടിയോളം ജനങ്ങള്‍ നിവസിക്കുന്ന ഹ്യൂബെ പ്രവിശ്യയില്‍, വുഹാന്‍ ഇതിലെ പ്രധാന നഗരമാണ്, പരിപൂര്‍ണമായ അടച്ചിടല്‍ (complete Lock down ) കൊണ്ടുവന്നപ്പോള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ കൊറോണ മരണങ്ങളുടെ എണ്ണം അത്ഭുതകരമായി കുറയ്ക്കുവാനും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഒറ്റ മരണം പോലും ഇല്ലാതാക്കുവാനും കഴിഞ്ഞ ചൈനീസ് ഉദാഹരണം ജനസാന്ദ്രതയില്‍ ആ രാജ്യത്തോടടുത്തു നില്‍ക്കുന്ന നാം ഗൗരവത്തോടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് (സാമൂഹിക അകലം പാലിക്കല്‍), ശാസ്ത്രീയമായ കൈകഴുകല്‍, മുഖാവരണങ്ങളുടെ കൃത്യമായ ഉപയോഗം, ഊര്‍ജസ്വലമായ ബോധവത്ക്കരണം-ഇവയൊക്കെയാണ് ഈ മഹത്തായ ആരോഗ്യയജ്ഞത്തിലെ നമ്മുടെ കരുത്തുറ്റ പിടിവള്ളികള്‍.

നാം അതിജീവിക്കുക തന്നെ ചെയ്യും

(ഐ.എം.എ. സംസ്ഥാന കൊറോണ കണ്‍ട്രോള്‍ സെല്‍ എക്സ്‌പേര്‍ട്ട് കമ്മിറ്റി അംഗമാണ് ലേഖകന്‍)

Content Highlights: CoronaVirus Why 21 days Lockdown period