കോട്ടയം: ''കൊറോണയുടെ പരിശോധനാഫലം നെഗറ്റീവ് എന്നറിഞ്ഞപ്പോള്‍ മനസ്സ് ശരിക്കും പോസിറ്റീവായി. എന്റെയും ഭാര്യയുടെയും ഫലം നെഗറ്റീവായതിനൊപ്പം മറ്റൊരു സന്തോഷവാര്‍ത്തകൂടിയുണ്ട്. ചെങ്ങളത്ത് നേരിട്ടല്ലാതെ ഇടപഴകിയ 38 കുടുംബങ്ങളിലെ 446 പേരും 14 ദിവസം കഴിഞ്ഞിട്ടും രോഗബാധിതരല്ലെന്നറിഞ്ഞു''- കൊറോണ ബാധിച്ച ചെങ്ങളം സ്വദേശി 'മാതൃഭൂമി'യോട് ഫോണില്‍ സന്തോഷം തുറന്നുപറഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് റാന്നിയിലേക്കു വാഹനത്തില്‍ കൊണ്ടുപോയ റാന്നി സ്വദേശിയായ ബന്ധുവിന്റെ സഹോദരി ഭര്‍ത്താവാണ് അദ്ദേഹം.

''ഇനി നേരിട്ട് ബന്ധമുണ്ടായിരുന്ന 67 പേരുടെ 28 ദിവസ നിരീക്ഷണകാലംകൂടി കഴിഞ്ഞാലേ സമാധാനമാകൂ. അത് ഏപ്രില്‍ അഞ്ചിനാണ് അവസാനിക്കുക''-അദ്ദേഹം പറഞ്ഞു.

നിലവില്‍ നെഗറ്റീവായെങ്കിലും 14 ദിവസംകൂടി ക്വാറന്റൈന്‍ ആയിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, 14-നു പകരം ഒരു മാസം വേണമെങ്കിലും കഴിഞ്ഞോളാമെന്ന് ദമ്പതിമാര്‍ പറയുന്നു. ആ ക്വാറന്റൈന്‍കാലം കൂടി ആശുപത്രിയില്‍ കഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ഇരുവരും. ഇവിടെ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അച്ഛന്റെ അച്ഛനും അമ്മയ്ക്കും താങ്ങായി നീക്കിവെക്കുകയാണ് ആ ദിനങ്ങള്‍. ''അവര്‍ക്കു പ്രായമുള്ളതിനാല്‍ ക്ഷീണം കൂടുതലാണ്. ബന്ധുക്കളാരും അടുത്തില്ലാത്തതിനാല്‍ നിര്‍ബന്ധ ബുദ്ധിയുണ്ട്. അതിനാല്‍ അവരെ ഒന്ന് ശ്രദ്ധിക്കാന്‍ പറ്റുമോയെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍ താമസിയാതെ അവരെ ഞങ്ങളുടെ മുറിയോടു ചേര്‍ന്ന് കൊണ്ടുവരും. അപ്പോള്‍ ഞങ്ങളുടെ ശ്രദ്ധകൂടി കിട്ടുമല്ലോ''- അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

മാര്‍ച്ച് എട്ടിനാണ് ചെങ്ങളം സ്വദേശികള്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്. അത്രയുംനാള്‍ ഒപ്പമുണ്ടായിരുന്ന മകളെയും ആശുപത്രിയില്‍ ഒപ്പംകൂട്ടി. രണ്ടു ദിവസത്തിനകം പരിശോധനാഫലം വരുമ്പോള്‍ മകള്‍ക്ക് മാത്രം നെഗറ്റീവ്. ഇത്രയും ദിവസം കഴിഞ്ഞിട്ടും മകള്‍ക്ക് വരാത്തതിനാല്‍ മകളെയും ഒപ്പംകൂട്ടാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കി. അന്നുമുതല്‍ വിദഗ്ധ പരിശോധനയിലൂടെയാണ് കടന്നുപോയത്. ഓരോ മണിക്കൂര്‍ ഇടവിട്ടും ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടായിരുന്നു. മൂന്നാമത്തെ ഫലം മുതല്‍ നെഗറ്റീവായെങ്കിലും വീണ്ടും പരിശോധന നടത്തിയാണ് ഫലം ഉറപ്പാക്കിയത്.

Content Highlight: CoronaVirus test report is negative people says We are positive