നിപയെ പരാജയപ്പെടുത്തിയവരാണ് നമ്മള്‍. അന്നു പഠിച്ച പാഠം മറക്കാതിരിക്കാം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

2019 നോവല്‍ കൊറോണ വൈറസ് (2019-nCoV)

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ. ഡിസംബറില്‍ ചൈനയിലെ വുഹാനില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസുള്‍പ്പെടെ ഏഴുതരം കൊറോണ വൈറസുകളെയാണ് ഇതുവരെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സൂണോട്ടിക് വൈറസാണ് കൊറോണ. പ്രഭാവലയമെന്നര്‍ഥമുള്ള ലാറ്റിന്‍ വാക്കാണ് കൊറോണ. സൂര്യന്റെ പ്രഭാവലയത്തോട് രൂപസാദൃശ്യമുള്ളതിനാലാണ് ഈ വൈറസുകള്‍ക്ക് കൊറോണയെന്ന പേരുകിട്ടിയത്.

ഉറവിടം 

പുതിയയിനം വൈറസിന്റെ ഉറവിടം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. വവ്വാലില്‍ നിന്നാകാം വൈറസ് ബാധ തുടങ്ങിയതെന്നാണ് പ്രധാന സംശയം. പാമ്പാണ് വൈറസിന്റെ ഉറവിടമെന്ന് മറ്റൊരു പഠനം പറയുന്നു.

പടരുന്ന വഴി 
വൈറസ് ബാധിച്ചവരില്‍നിന്നും മറ്റുള്ളവരിലേക്ക്. ഒരാളില്‍നിന്ന് ശരാശരി നാലുപേര്‍ക്കുവരെ രോഗം പടരാം. (നിലവിലെ കണക്കുകള്‍ പ്രകാരം)

ലക്ഷണങ്ങള്‍ 

1) പനി
2) ചുമ
3) ശ്വാസതടസ്സം
4) കൂടിയ ഹൃദയമിടിപ്പ്
5) നെഞ്ചുവേദന
6) വിറയല്‍
7) ന്യുമോണിയ
8) വൃക്കസംബന്ധമായ തകരാര്‍ 

പ്രതിരോധ വാക്‌സിന്‍, ചികിത്സ 

ഇതുവരെ കണ്ടെത്തിയിട്ടില്ല

ആര്‍.എന്‍.എ. വൈറസ്

ജനിതകഘടകം ആര്‍.എന്‍.എ. (റൈബോന്യൂക്ലിക് ആസിഡ്) ആയ വൈറസാണ് കൊറോണ. ഡി.എന്‍.എയെപ്പോലെ ആര്‍.എന്‍.എയ്ക്ക് ഇരട്ട ഗോവണി രൂപമില്ല. ഇവയുടെ ഘടനയില്‍ ഒറ്റ ഇഴ മാത്രമേയുള്ളൂ

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

ചൈനയുള്‍പ്പടെ 18 രാജ്യങ്ങളിലാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ യാത്രചെയ്ത് തിരികെയെത്തിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • 28 ദിവസംവരെ നിര്‍ബന്ധമായും വീടിനുള്ളില്‍ത്തന്നെ ബാത്ത് അറ്റാച്ച്ഡ് മുറിയില്‍ കഴിയുക. വൈദ്യസഹായത്തിനൊഴികെ അനാവശ്യമായി വീടുവിട്ട് പുറത്തുപോകാതിരിക്കുക. ആളുകള്‍ കൂടുന്നയിടങ്ങളിലേക്ക് (മാളുകള്‍, തിയേറ്റര്‍,മാര്‍ക്കറ്റ്) പോകാതിരിക്കുക.
 • ഉപയോഗിക്കുന്ന പാത്രങ്ങള്‍, കപ്പ്, ബെഡ്ഷീറ്റ്, തുണികള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെക്കരുത്. കിടപ്പുമുറി, ടോയ്ലെറ്റ് ഉപയോഗിച്ച വസ്തുക്കള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
 • പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.
 • ഓരോ ജില്ലയിലും മെഡിക്കല്‍ കോ?േളജുള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷണം കണ്ടാല്‍ നിങ്ങളുടെ ജില്ലയിലെ ജില്ലാ സര്‍വൈലന്‍സ് ഓഫീസറെയോ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെയോ ഫോണിലൂടെ വിവരമറിയിക്കുക. (ഫോണ്‍ നമ്പര്‍ ലഭിക്കുവാനായി ദിശ നമ്പറായ 0471-2552056-ലോ അല്ലെങ്കില്‍ 1056-ലോ വിളിക്കുക). കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറായ 911123978046 നമ്പറില്‍ വിളിച്ചും വിവരങ്ങള്‍ അറിയാം
 • രോഗലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരോട് അടുത്തു പെരുമാറരുത്. സംസാരിക്കുമ്പോള്‍ മറ്റുള്ളവരില്‍നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
 • നന്നായി വിശ്രമിക്കുക. പോഷകാഹാരങ്ങളും പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക. വെള്ളം (കഞ്ഞിവെള്ളമുള്‍പ്പെടെ) കുടിക്കുക.

(അവലംബം: ലോകാരോഗ്യ സംഘടന, ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് കേരള)

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 • കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് വാഷുകളോ സോപ്പും വെള്ളവുമുപയോഗിച്ചോ പലതവണ കൈകള്‍ വൃത്തിയാക്കുക.
 • ചുമച്ചതിനും തുമ്മിയതിനും ശേഷം. ഭക്ഷണമുണ്ടാക്കുന്നതിനു മുന്‍പും ശേഷവും. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ശൗചാലയം ഉപയോഗിച്ചതിനു ശേഷം. 20 സെക്കന്‍ഡ് എങ്കിലും നന്നായി കഴുകുക.
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യൂപേപ്പറോ തുണി ഉപയോഗിച്ചോ മറയ്ക്കണം. ടിഷ്യൂ പേപ്പറാണെങ്കില്‍ അവ എത്രയും വേഗം നശിപ്പിക്കുക. തുണി അണുവിമുക്തമാക്കുക.
 • ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
 • പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍, അവ എത്ര ചെറുതാണെങ്കിലും ഉടന്‍ വൈദ്യസഹായം തേടുക. എവിടേക്കൊക്കെ യാത്ര ചെയ്തിരുന്നുവെന്ന വിവരം ആരോഗ്യവിദഗ്ധരുമായി പങ്കുവെക്കുക.
 • മത്സ്യം, മാംസം തുടങ്ങിയവ നന്നായി പാകം ചെയ്യാതെ കഴിക്കരുത്.
 • പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.

  Content Highlights: Coronavirus Symptoms, Causes, Treatments, china, corona virus, health