ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽനിന്ന്‌ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ്‌ രോഗം ആഗോളവ്യാപകമായി ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌.  മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പടരുന്ന വൈറസിന്റെ സ്വഭാവം, അതിഗുരുതര ന്യുമോണിയബാധയ്ക്കുള്ള സാധ്യത, ഫലപ്രദമായ ആന്റിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ലാത്ത സാഹചര്യം തുടങ്ങിയവ പ്രശ്നം  സങ്കീർണമാക്കുന്നു.

കൊറോണ വൈറസ്‌

മനുഷ്യരിൽമാത്രമല്ല, കന്നുകാലികളിലും വളർത്തുമൃഗങ്ങളിലും വൈറസ്‌ ബാധയുണ്ടാവും. സാധാരണ ജലദോഷപ്പനിമുതൽ മാരകമായ ന്യുമോണിയയ്ക്കുവരെ കാരണമാകാവുന്ന ആർ.എൻ.എ. വൈറസുകളാണ്‌ കൊറോണ വൈറസുകൾ. ഇലക്‌ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടാകൃതിയുള്ളതുകൊണ്ടാണ്‌ ഇവയ്ക്ക്‌ കിരീടം എന്നർഥംവരുന്ന ലാറ്റിൻ പദമായ കൊറോണ എന്ന പേരിട്ടത്‌. 1960-കളിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസുകൾ സാധാരണ ജലദോഷപ്പനിക്കുമാത്രമേ കാരണമാകൂവെന്നാണ്‌ ആദ്യം കരുതിയിരുന്നത്‌. 2002-ൽ ചൈനയിലും തുടർന്ന്‌ ഇരുപത്താറിലേറെ രാജ്യങ്ങളിലും പടർന്നുപിടിച്ച സാർസ്‌ (സിവിയർ അക്യൂട്ട്‌ റെസ്പിറേറ്ററി സിൻഡ്രോം), 2012-ൽ സൗദി അറേബ്യയിലും തുടർന്ന്‌ യു.എ.ഇ., കൊറിയ തുടങ്ങിയ രാജ്യങ്ങളിലും പടർന്നുപിടിച്ച മെർസ്‌ (മിഡിൽ ഈസ്റ്റ്‌ റെസ്പിറേറ്ററി സിൻഡ്രോം) തുടങ്ങിയ പകർച്ചവ്യാധികളുടെയും പിറകിൽ കൊറോണ വൈറസുകളാണെന്ന്‌ കണ്ടെത്തുകയായിരുന്നു.
 
2019 ഡിസംബറിലാണ്‌ ചൈനയിലെ വുഹാനിൽ പുതിയ കൊറോണ വൈറസ്‌ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്‌. വുഹാനിലെ സമുദ്രോത്‌പന്ന മാർക്കറ്റാണ്‌ രോഗത്തിന്റെ പ്രഭവകേന്ദ്രം എന്നാണ്‌ കരുതുന്നത്‌. പൊതുവേ കൊറോണ വൈറസുകൾ രോഗാണുവാഹകരായ ജന്തുക്കളിൽനിന്ന്‌ മനുഷ്യരിലേക്കും സാധാരണ ജലദോഷപ്പനി പടരുന്നതുപോലെ രോഗിയുടെ ശ്വാസകോശസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും പകരുന്നുണ്ട്‌. പുതിയ കൊറോണ വൈറസും മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.
 
പുതിയ കൊറോണ വൈറസ്‌ രോഗം: സംശയിക്കേണ്ടത്‌ എപ്പോൾ
 
രോഗബാധിതനായ വ്യക്തിക്ക്‌ കൃത്യസമയത്തുതന്നെ അടിയന്തര ചികിത്സ ഉറപ്പാക്കാനായി ലോകാരോഗ്യസംഘടന കൃത്യമായ കേസ്‌നിർവചനം നടത്തിയിട്ടുണ്ട്‌. രോഗലക്ഷണങ്ങൾ, രോഗമുണ്ടായ സാഹചര്യം, യാത്രാചരിത്രം, തൊഴിൽ എന്നിവയെ അടിസ്ഥാനമാക്കി ലബോറട്ടറി പരിശോധനഫലം വരുന്നതിനുമുമ്പുതന്നെ രോഗനിർണയം നടത്താനും ചികിത്സ തീരുമാനിക്കാനും ഈ കേസ്‌ നിർവചനം സഹായിക്കുന്നു.
 
പ്രധാന രോഗലക്ഷണങ്ങൾ: പനി (ശരീരതാപനില 38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) ചുമ. കടുത്ത രോഗലക്ഷണങ്ങളെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കാൻ വരുന്ന രോഗിക്ക്‌ താഴെപറയുന്നവയിൽ ഏതെങ്കിലും സാഹചര്യമുണ്ടായിരിക്കുക.
 
ചൈനയിലെ ഹുബൈ പ്രവിശ്യയിലുള്ള വുഹാനിലേക്ക്‌ രോഗലക്ഷണങ്ങൾ തുടങ്ങുന്നതിനുമുമ്പുള്ള 14 ദിവസങ്ങളിൽ യാത്രചെയ്യുക.ഗുരുതരമായ ശ്വാസകോശ രോഗാണുബാധയുള്ള രോഗികളെ ശുശ്രൂഷിക്കേണ്ടിവന്ന ആരോഗ്യപ്രവർത്തകൻ. ഇങ്ങനെയുള്ള വ്യക്തിക്ക്‌ യാത്രാചരിത്രം വേണമെന്നില്ല.
 
ഗുരുതരമായ ശ്വാസകോശ രോഗാണുബാധയുണ്ടായ രോഗിക്ക്‌ കൃത്യമായ പരിചരണം നൽകിയിട്ടും ആരോഗ്യസ്ഥിതി വഷളാവുക. ഇങ്ങനെയുള്ളവർക്ക്‌ യാത്രാചരിത്രം വേണമെന്നില്ല. മറ്റു ഗുരുതര ശ്വാസകോശപ്രശ്നങ്ങൾ സ്ഥിരീകരിച്ചാൽപ്പോലും പുതിയ കൊറോണ വൈറസ്‌ രോഗസാധ്യത കണക്കിലെടുക്കണമെന്ന്‌ ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
പനി, ചുമ തുടങ്ങിയ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുള്ള വ്യക്തിക്ക് രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനുമുമ്പുള്ള 14 ദിവസങ്ങളിൽ താഴെപ്പറയുന്ന എന്തെങ്കിലും സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും പുതിയ കൊറോണ വൈറസ് രോഗം സംശയിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ. പറയുന്നു. 
 
 • പുതിയ കൊറോണ വൈറസ് രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകുക (ഒരുമിച്ച് യാത്ര ചെയ്യുക, ഒരു വീട്ടിൽ കഴിയുക, ഒരുമിച്ച് തൊഴിൽ ചെയ്യുക)
 • പുതിയ കൊറോണവൈറസ് രോഗബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ സന്ദർശനം നടത്തുക, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക.
 • രോഗത്തിന്റെ തീവ്രതയനുസരിച്ച് രോഗാണുബാധിതരെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.സാധാരണ രോഗബാധിതർ-ചെറിയപനി, ജലദോഷം, ആശുപത്രി ചികിത്സ ആവശ്യമില്ല, ഗൃഹചികിത്സയും വിശ്രമവവും അല്പം കടുത്ത രോഗബാധിതർ-ഗൃഹ ചികിത്സമതി, എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ ആശുപത്രിയിലെത്തിക്കണം.
 • ഗുരുതര രോഗബാധിതർ- ന്യുമോണിയ, സെപ്‌സിസ്, സെപ്റ്റിക്‌ഷോക്ക് ഉണ്ടായവർ. ആശുപത്രിയിൽ കിടത്തി തീവ്രപരിചരണം ആവശ്യം.
 •  
 പൊതുജനങ്ങൾ
 
 • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ഇരുപത് സെക്കൻഡോളം കൈകൾ കഴുകണം.
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
 • കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
 • പനിയുള്ളവരുമായി അടുത്തിടപഴകാതിരിക്കുക
 • പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
 • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
 • രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
 • പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയംചികിത്സ ചെയ്യാതെ വൈദ്യസഹായം തേടുക.
 •  രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ
 • രോഗിയെ ശുശ്രൂഷിക്കുന്നവർ മാസ്ക്‌, കണ്ണിന്‌ സംരക്ഷണംനൽകുന്ന ഐ ഗോഗിൾസ്‌, ഫെയ്‌സ്‌ മാസ്ക്‌ എന്നിവ ധരിക്കണം.
 • രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടാകാതിരിക്കാൻ കൈയുറകൾ, കാലുറകൾ, ശരീരം മുഴുവൻ പൊതിയുന്ന ഏപ്രണുകൾ എന്നിവ ധരിച്ചിരിക്കണം.
 • ഗ്ലൗസിട്ട കൈകൾകൊണ്ടോ അല്ലാതെയോ കണ്ണുകൾ, മൂക്ക്‌, വായ എന്നീഭാഗങ്ങൾ സ്പർശിക്കരുത്‌.
 • രോഗിയെ ശുശ്രൂഷിക്കുന്ന മുറിയിൽ ആവശ്യത്തിന്‌ വായുസഞ്ചാരമുണ്ടായിരിക്കണം. 
 • രോഗിയുമായി കഴിയുന്നത്ര അകലം പാലിച്ചുകൊണ്ടായിരിക്കണം പരിചരിക്കേണ്ടത്‌. ഒരു മീറ്റർ അകലം പാലിച്ചാൽ വായുവിലൂടെ പകരുന്ന സൂക്ഷ്മകണികകളെ തടയാൻ സാധിക്കും.
 • രോഗിയെ ശുശ്രൂഷിക്കുന്നവർ പനിയോ മറ്റ്‌ അസ്വസ്ഥതകളോ ഉണ്ടായാൽ വൈദ്യസഹായം തേടണം.
അന്താരാഷ്ട്ര യാത്രികർക്കുള്ള മുന്നറിയിപ്പ്‌ (ഡബ്ള്യു.എച്ച്‌.ഒ.) 
 
 • പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരുമായി അടുത്തിടപഴകരുത്‌.
 • രോഗബാധിത പ്രദേശങ്ങളിൽക്കൂടി യാത്രചെയ്യേണ്ടിവരികയാണെങ്കിൽ  ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച്‌ വൃത്തിയാക്കുക.
 • ചത്തതോ ജീവനുള്ളതോ ആയ വളർത്തുമൃഗങ്ങളുമായോ മറ്റുജന്തുക്കളുമായോ അടുത്തിടപഴകരുത്‌.
 • പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ വൈദ്യസഹായം തേടണം
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ, മുക്ക്‌ പൊത്തിപ്പിടിക്കുക.
 
ആശങ്കയല്ല, വേണ്ടത് ജാഗ്രത
ലോകത്തെവിടെയും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികൾ അതിർത്തികൾകടന്ന്‌ നമ്മുടെ നാട്ടിലുമെത്താം. നിപ പഠിപ്പിച്ച പാഠമതാണ്‌. വാക്സിനും മരുന്നുമില്ലാത്ത പുതിയ കൊറോണ വൈറസ്‌ രോഗം അയൽരാജ്യങ്ങളിൽ പടർന്നുപിടിക്കുമ്പോൾ  നമുക്കും ജാഗ്രതയുണ്ടാകണം. പനി പടരുമ്പോൾ കിംവദന്തികളും അസത്യപ്രചാരണങ്ങളും ഉണ്ടാകാറുണ്ട്‌. അതിൽ പരിഭ്രാന്തരാകാതെ  ഉത്തരവാദപ്പെട്ട സ്രോതസ്സുകളിൽനിന്ന്‌  വിവരങ്ങളറിയണം. കിംവദന്തികളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിലൂടെ  പ്രചരിപ്പിക്കരുത്‌. അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കണം.  അന്താരാഷ്ട്രയാത്രകൾ ചെയ്യുന്നതിനുമുമ്പ്‌  അവിടത്തെ ആരോഗ്യാന്തരീക്ഷത്തെക്കുറിച്ച്‌ വ്യക്തമായ  ധാരണവേണം.
വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. മൃഗങ്ങളെ കൈകാര്യംചെയ്തശേഷം കൈകാലുകൾ വൃത്തിയായി സോപ്പുപയോഗിച്ച്‌ കഴുകണം. ചെറിയ പനിവന്നാൽ ഉടനെ പരിഭ്രാന്തരായി മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്കോ സൂപ്പർസ്പെഷ്യാലിറ്റി  ആശുപത്രിയിലേക്കോ ചികിത്സതേടിപ്പോകേണ്ട. അടുത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലോ  ക്ലിനിക്കിലോ കുടുംബ ഡോക്ടറെയോ സമീപിച്ച്‌ ചികിത്സിക്കുക. പനിവന്നാൽ ഒരു കാരണവശാലും സ്വയം ചികിത്സിക്കരുത്‌.
ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും അശ്രാന്തപരിശ്രമത്തിലൂടെയും പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയിലൂടെയും  നിപയെ പിടിച്ചുകെട്ടാൻ നമുക്ക്‌ സാധിച്ചു. പുതിയ കൊറോണ രോഗത്തിന്റെ കാര്യത്തിൽ  നിപനിയന്ത്രണം നമുക്ക്‌ ആത്മവിശ്വാസം നൽകുന്നുണ്ട്‌.
 
പുതിയ കൊറോണ വൈറസ് രോഗം
 
ആരോഗ്യപ്രശ്നങ്ങൾ
സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്റ്റിക് ഷോക്ക്‌വരെ പുതിയ കൊറോണവൈറസ് ബാധകാരണം ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ചാണ് 
ചികിത്സ നിശ്ചയിക്കുന്നത്.
 
ജലദോഷപ്പനി
ചെറിയപനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം, തലവേദന, പേശിവേദന.
 
ന്യുമോണിയ 
പനി, ചുമ, ശ്വാസതടസ്സം, ഉയർന്നശ്വസന നിരക്ക്‌ (മിനിറ്റിൽ 30-ലേറെ), കുട്ടികൾക്ക്‌ ബോധംമറയാം, അപസ്മാരമുണ്ടാകാം.
 
സെപ്റ്റിക് ഷോക്ക്
രക്തസമ്മർദം ഗണ്യമായി താഴുന്ന ഗുരുതരാവസ്ഥ, വിവിധ ആന്തരാവയവങ്ങളുടെ പ്രവർത്തനം സ്തംഭിക്കുന്നു.
 
എ.ആർ.ഡി.എസ്.
അക്യൂട്ട്‌ റസ്പിറേറ്ററി ഡിസ്ട്രസ്സ് സിൻഡ്രോംഗുരുതരമായ ശ്വാസകോശരോഗം, ശ്വാസകോശ അറകളിൽ ദ്രാവകംനിറയുന്ന അവസ്ഥ, കടുത്ത ശ്വാസതടസ്സം, ഉയർന്ന ശ്വസനനിരക്ക്, രക്തസമ്മർദം ഗണ്യമായി താഴുക, അബോധാവസ്ഥ.
 
സെപ്‌സിസ് 
വൈറസുകൾ രക്തപ്രവാഹത്തിലൂടെ ശരീരത്തിലെ വിവിധ ആന്തരാവയവങ്ങളിലെത്തുന്നു, വൃക്കസ്തംഭനം, ശ്വസനസ്തംഭനം, ഹൃദയസ്തംഭനം, രക്തസ്രാവം തുടങ്ങിയ സങ്കീർണതകൾ രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു.
 
രോഗം പടരുന്ന വഴികൾ
രോഗാണുകണികകൾ: രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ദശലക്ഷക്കണക്കിന്‌ വൈറസുകളാണ്‌ പുറന്തള്ളപ്പെടുന്നത്‌. രോഗാണുക്കളടങ്ങിയ കണികകൾ ശ്വസിക്കുന്നതിലൂടെയാണ്‌ മറ്റൊരു വ്യക്തി രോഗബാധിതനാകുന്നത്‌.

അടുത്തിടപഴകുന്നതിലൂടെ: രോഗിയെ പരിചരിക്കുമ്പോഴുംമറ്റും ചർമത്തിലൂടെയും ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.
ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെ: രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യംചെയ്യുന്നതിലൂടെയും രോഗാണുസംക്രമണമുണ്ടാകാം.
മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌: വളർത്തുമൃഗങ്ങളിലും കന്നുകാലികളിലും പക്ഷികൾ, പാമ്പ്‌, വവ്വാൽ തുടങ്ങിയ ജന്തുക്കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. സാർസും മെർസുംപോലെ പുതിയ കൊറോണ വൈറസും മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പടരാൻ സാധ്യതയേറെയാണ്‌.
 
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ 
മെഡിസിൻ വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ
Content Highlight: Coronavirus Symptoms, Causes, Treatments,