'മാറി നില്‍ക്കരുത്... ആരോഗ്യത്തിന്റെ കാര്യത്തില്‍ കേരളം പൊളിയാണ്. വുഹാനില്‍നിന്ന് എത്തിയെങ്കിലും ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. അതാണ് എന്നെ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാക്കിയത്.'- കേരളം ഞെട്ടലോടെ കാണുന്ന കോവിഡ് 19 ബാധിച്ച ആലപ്പുഴയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ മെഡിക്കല്‍ വിദ്യാര്‍ഥി പറയുന്നു.

കേരളം കൊറോണയില്‍നിന്ന് പൂര്‍ണമായും ഒഴിവായതാണെങ്കിലും തിരിച്ചുവരവ് ഏറെ സങ്കടപ്പെടുത്തുന്നു.- വിദ്യാര്‍ഥിയുടെ വാക്കുകള്‍. കൊറോണ കാലത്തെ അനുഭവങ്ങളിലൂടെ...

ചൈനയില്‍നിന്നുള്ള വരവ്

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലായിരുന്നു മെഡിക്കല്‍ പഠനം. ജനുവരി 23ന് പെട്ടെന്നുള്ള അറിയിപ്പായിരുന്നു. അടുത്തദിവസം മുതല്‍ നഗരം നിശ്ചലമായിരിക്കും. ബസ്, കാര്‍, ഫ്‌ലൈറ്റ്, മെട്രോ, ട്രെയിന്‍ അങ്ങനെ എല്ലാം നിശ്ചലമാകുന്നു.

എന്തുചെയ്യണമെന്നറിയാതെ 10 പേരടങ്ങുന്ന സംഘം രാത്രിതന്നെയുള്ള ട്രെയിനില്‍ തിരിച്ച് 1,800 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തി. അവിടുന്നായിരുന്നു നാട്ടിലേക്ക് മടക്കം.

മുന്‍കരുതലുകള്‍

അച്ഛന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു. അമ്മയുടെ പിതാവാണ് എന്നെ എയര്‍പോര്‍ട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നത്. മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നു.

അച്ഛന്റെ വൃദ്ധയായ മാതാവിനെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. വീട്ടിലെത്തിയ ദിവസം ഹോം ഐസൊലേഷന്‍ സ്വീകരിച്ചു. വന്നതിനുശേഷവും ഒരുരോഗലക്ഷണവും ഉണ്ടായിരുന്നില്ല. എന്നിട്ടും വീടിനുള്ളില്‍ത്തന്നെ ഇരുന്നു.

പിന്നീടാണ് എന്റെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂരിലെ കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത കണ്ടത്. അടുത്തദിവസം രാവിലെ വള്ളികുന്നത്തെ പ്രാഥമാകാരോഗ്യ കേന്ദ്രത്തിലെത്തി വുഹാനില്‍നിന്ന് എത്തിയതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറുകയായിരുന്നു. (ഇതിനിടെ പല പ്രചാരണങ്ങളും നടന്നു. വുഹാനില്‍നിന്ന് എത്തിയശേഷം കറങ്ങി നടക്കുന്നു. കല്യാണം കൂടാന്‍ പോയി. പ്രാഥമാകാരോഗ്യ കേന്ദ്രത്തില്‍ പലതവണ കറങ്ങി നടന്നു. എന്നിങ്ങനെ പലതും. ഇത് വളരെ വേദനിപ്പിച്ചു. ഇത്രയധികം കരുതലോടെ നോക്കിയിട്ടും ആക്ഷേപങ്ങള്‍. ഇതില്‍ പരാതിയും നല്‍കി.)

ലക്ഷണങ്ങള്‍

ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഐസൊലേറ്റഡ് ആകുന്നതിന് തലേദിവസം ചൂട് കൂടി. പനി പോലെ. എന്നാല്‍, പനിയുടെ തോന്നലുകളും ഇല്ല. പക്ഷേ, ഫലം വന്നപ്പോള്‍ പോസിറ്റീവ്.

ഐസൊലേഷന്‍ അനുഭവം

പൊളിയാണ്. ആരോഗ്യവകുപ്പും ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം സൂപ്പര്‍. ജീവിതത്തിലാദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കുന്നത്. മനസില്‍ ഉണ്ടായിരുന്ന ചിത്രമേ അല്ല അവിടെ ചെന്നപ്പോള്‍.

നാല് മണിക്കൂര്‍ ഇടവിട്ട് നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ഷിഫ്റ്റ് മാറും. അപ്പോഴെല്ലാംവന്ന് എല്ലാം പരിശോധിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. ഒരു തടസ്സവുമില്ല. ആ സമയം അച്ഛനും അമ്മയും ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഫോണ്‍ മറ്റ് സംവിധാനങ്ങള്‍ എല്ലാം ഉപയോഗിക്കാം. വീട്ടില്‍ കഴിയുന്നതുപോലെ തന്നെ. എന്തിനും എപ്പോഴും പരിചരിക്കാന്‍ ആളുണ്ട്.

ഭയം വേണ്ട, കരുതല്‍ വേണം

നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ഇത് പകരരുത്. അങ്ങനെയുണ്ടായാല്‍ ജീവിതത്തിലൊരിക്കലും മനസ്സമാധാനമുണ്ടാകില്ല. പലരും പറയാന്‍ മടിക്കുന്നതാണ് ഇത്രയേറെ വ്യാപനത്തിന് കാരണമായത്. ഐസൊലേഷനില്‍ കഴിയുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുകയേ ഉള്ളൂ. ഒരു വെക്കേഷന്‍ അനുഭവമാണ് തോന്നിയത്. ആ അനുഭവം മാതൃഭൂമി ക്ലബ്ബ് എഫ്.എം. കലക്കന്‍ റീച്ചാര്‍ജിലൂടെയും പങ്കുവെച്ചു.

ഇനിയുള്ള പഠനം

മൂന്നാംവര്‍ഷം വിദ്യാര്‍ഥിയാണ്. ഫെബ്രുവരി 16 വരെ വെക്കേഷന്‍ ആയിരുന്നു. പ്രതിസന്ധിമൂലം ക്ലാസ് നടക്കാതെ പോയി. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ദിവസവും വീഡിയോ കോള്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. ആവശ്യമായ നോട്ടുകളും മറ്റ് പഠന സാമഗ്രികളും ഓണ്‍ലൈന്‍ വഴി തന്നെ. മടക്കത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

എന്നിരുന്നാലും പഠനവും അവധിക്കാലവുമൊക്കെയായി വീട്ടില്‍ത്തന്നെ സന്തോഷമായി കൂടുകയാണ്. ഒന്നുമില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും ഒപ്പം കുറച്ചുനാള്‍ ചെലവഴിക്കാമല്ലോ...

Content Highlights: coronavirus survivor from kerala speakes