ര്‍ഭസ്ഥശിശുക്കളെ കോവിഡ്-19 ബാധിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളെ രോഗം ബാധിച്ചിട്ടില്ലെന്നാണ്. അടുത്തിടെ ബ്രിട്ടനില്‍ നവജാതശിശുവിന് രോഗം പകര്‍ന്നതായുള്ള ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ അത് അമ്മയില്‍ നിന്ന് അല്ലെന്നും ജനനശേഷം പുറത്തുനിന്നുള്ള അണുബാധയേറ്റാണെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. 

ഗര്‍ഭകാലത്ത് സാധാരണ പനി വരുകയാണെങ്കില്‍ മാസം തികയാതെയുള്ള പ്രസവം, വളര്‍ച്ചക്കുറവ്, കുഞ്ഞ് മഷിയിറക്കല്‍ (മെക്കോണിയം), വെള്ളം പൊട്ടിപ്പോകല്‍ എന്നിവ ചിലരില്‍ ഉണ്ടാകാറുണ്ട്. അത് ഈ കാലത്തും ഉണ്ടാകാം. അതിന് കൃത്യമായ ചികിത്സയും പരിചരണങ്ങളും ലഭ്യമാണ്. 

കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളില്‍ പില്‍ക്കാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നും വ്യക്തമായിട്ടില്ല. അതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

കോവിഡ്-19 മഹാമാരിയായി ലോകമാകെ പടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഗര്‍ഭധാരണം, വന്ധ്യതാ ചികിത്സ എന്നിവ മാറ്റിവെക്കുന്നതാണ് പൊതുവേ നല്ലതെന്നാണ് അന്താരാഷ്ട തലത്തിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

അമ്മയില്‍ നിന്ന് കുഞ്ഞിന് രോഗം പകരുമോ

അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന് രോഗം പകരുന്നതിനെ വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ അമ്മയില്‍ നിന്നും കുഞ്ഞിന് രോഗം പകരുന്നില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. നിലവില്‍ കോവിഡ് 19 ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആ സമയത്ത് രോഗം പകര്‍ന്നതായി കണ്ടെത്തിയിട്ടില്ല. അമ്മയുടെ മുലപ്പാലിലോ അമ്നിയോട്ടിക് ദ്രാവകത്തിലോ പൊക്കിള്‍ക്കൊടിയിലെ രക്തത്തിലോ ഇതുവരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്

 • ഗര്‍ഭിണികള്‍ യാത്ര ഒഴിവാക്കുക. രോഗം ബാധിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ചും ഒഴിവാക്കുക. 
 • രോഗം ബാധിച്ച സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത ഗര്‍ഭിണികള്‍ക്കും രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും പരിശോധനകള്‍ നടത്തുക.
 • പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യരുത്.
 • ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മാറിനില്‍ക്കണം. (സോഷ്യല്‍ ഡിസ്റ്റന്‍സിങ്).
 • രോഗങ്ങള്‍ ഉള്ളവരില്‍ നിന്ന് അകലം പാലിക്കുക.
 • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
 • ഗര്‍ഭകാലത്ത് നടത്തേണ്ട പരിശോധനകള്‍ തത്കാലം ഒഴിവാക്കാം. ഡോക്ടറുമായി ഫോണില്‍ സംസാരിച്ച് അത്യാവശ്യമല്ലാത്ത പരിശോധനകളും റെഗുലര്‍ ചെക്കപ്പുകളും തത്ക്കാലം മാറ്റിവെക്കാം. 
 • ഫോണിലൂടെ ഡോക്ടറുടെ ഉപദേശം തേടാം. പ്രമേഹം, രക്തസമ്മര്‍ദ പ്രശ്നങ്ങള്‍ തുടങ്ങിയ അപകടഘടകങ്ങള്‍ ഉള്ളവര്‍ മാത്രം അത്യാവശ്യമായി ഡോക്ടറെ കണ്ടാല്‍ മതി. 
 • അത്യാവശ്യമുള്ള ടെസ്റ്റുകള്‍ ചെയ്യാന്‍ പോകണമെങ്കില്‍ മാസ്‌ക് ധരിക്കണം. ടെസ്റ്റുകള്‍ ചെയ്യുന്ന സെന്ററുകളിലെയോ ആശുപത്രിയിലെയോ വാതില്‍പ്പിടികളിലോ അണുക്കളുണ്ടാകാന്‍ സാധ്യതയുള്ള മറ്റ് ഇടങ്ങളിലോ സ്പര്‍ശിക്കരുത്.
 • പനിയും ചുമയും തൊണ്ട വേദനയുമൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈകാതെ ചികിത്സ തേടുക.
 • ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്.
 • രോഗം കണ്ടെത്തിയ ഗര്‍ഭിണികളെ വളരെ വേഗം തന്നെ ഐസൊലേറ്റ് ചെയ്ത് പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കണം.
 • രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് 19 ന്റെ ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കുക.
 • പ്രസവസമയത്ത് അണുബാധയുണ്ടാകാതിരിക്കാനും മറ്റുമുള്ള മുന്‍കരുതലുകള്‍ ആശുപത്രി അധികൃതര്‍ സ്വീകരിക്കും. അതിനോട് പൂര്‍ണമായും സഹകരിക്കണം. അവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുക.
 • പ്രസവസമയത്ത് അടുത്ത ബന്ധുവോ മറ്റോ കൂട്ടിന് നില്‍ക്കുന്നുണ്ടെങ്കില്‍ അവരും അധികൃതരുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
 • പ്രസവം കഴിഞ്ഞാലുടന്‍ നവജാതശിശുവിന് കോവിഡ് 19 ബാധയുണ്ടോയെന്നറിയാനുള്ള പരിശോധനകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.
 • കോവിഡ് 19 രോഗം ബാധിച്ച് സുഖപ്പെട്ട ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തി ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം. 

മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • പ്രസവിച്ചതുമുതല്‍ ആറുമാസം മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. എക്സ്‌ക്ലുസീവ് ബ്രെസ്റ്റ്ഫീഡിങ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുമൂലം കുഞ്ഞിന് പ്രതിരോധശേഷി, മികച്ച പോഷണം എന്നിവ ലഭിക്കും.
 • കോവിഡ് 19 ബാധിച്ച അമ്മമാര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അതിലൂടെ പുറത്തുവരുന്ന വൈറസുകള്‍ കുഞ്ഞിനെ ബാധിച്ചേക്കാം. അതിനാല്‍ മുലയൂട്ടുമ്പോള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.
 • മുലയൂട്ടുന്ന സമയത്ത് അമ്മ മാസ്‌ക് ധരിക്കണം.
 • മുലയൂട്ടുന്നതിന് മുന്‍പ് അമ്മ കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം.
 • പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിക്കുന്നവരാണെങ്കില്‍ അത് അണുവിമുക്തമാക്കിയ കുപ്പിയില്‍ മാത്രം സൂക്ഷിക്കുക.
 • ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ അത് എടുക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. മഞ്ജു വി.കെ. 
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റല്‍
കൊല്ലം

Content Highlights: CoronaVirus pregnant breast feeding mothers need to know