ക്രമസമാധാനപാലനം കൊറോണപ്രതിരോധമായി മാറിയ ദിനങ്ങള്‍. ഇവരാണ് ഈ കൊറോണക്കാലത്തെ പ്രധാനതാരങ്ങള്‍. നാലുദിവസമായി ഇവര്‍ നിരത്തിലാണ്, രാവും പകലും.... ഇവരുടെ അനുഭവങ്ങള്‍
യതീഷ് ചന്ദ്ര ജില്ലാ പോലീസ് മേധാവി കണ്ണൂര്‍
വിദ്യാസമ്പന്നരായിട്ടും ബോധവാന്മാരല്ലാത്ത 10 ശതമാനമാണ് പ്രശ്‌നം. ആദ്യദിവസം അഭ്യര്‍ഥിച്ചു. അധികമാരും ചെവിക്കൊണ്ടില്ല. പിന്നെ കര്‍ശനമാക്കി. എന്നിട്ടും 10 ശതമാനം പേര്‍ കബളിപ്പിക്കുകയാണ്. പരിശോധന നടത്തുന്നതിനിടെ അച്ഛനും അമ്മയും രണ്ട് മക്കളും കാറില്‍ വന്നു. എവിടെപ്പോകുന്നെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സുഖമില്ല, കാണാന്‍ പോകുന്നെന്ന് മറുപടി. പാടില്ലെന്നറിഞ്ഞുകൂടേ എന്നും ഭവിഷ്യത്തും പറഞ്ഞപ്പോള്‍ ശരി എന്നുപറഞ്ഞ് അവര്‍ മടങ്ങി. കാര്യമായ അസുഖമല്ല, അവധിയല്ലേ ഒന്നുപോയി കണ്ടുകളയാം എന്നതായിരുന്നു മനോഭാവം എന്നെനിക്ക് മനസ്സിലായി.
മറിയാമ്മ ജേക്കബ് എസ്.ഐ. വനിതാ പോലീസ് സ്റ്റേഷന്‍, കോട്ടയം
രാവിലെ എട്ടിന് സ്റ്റേഷനിലെത്തി. വാഹനപരിശോധനയ്ക്കിറങ്ങി. ഇതിനിടെ ആഹാരം കഴിക്കുന്നതിനുമാത്രമാണ് മാറിനിന്നത്. മുന്പ് പരിശോധന നിശ്ചിതസമയം മാത്രമായിരുന്നു. മുഴുവന്‍നേരവും പട്രോളിങ്ങിലാണ്. ബൈക്ക് യാത്രക്കാര്‍ വെറുതെ വരുന്നത് പ്രശ്‌നമായിട്ട് തുടക്കത്തില്‍ തോന്നിയിരുന്നു. വെള്ളിയാഴ്ച മുതല്‍ അനാവശ്യക്കാര്‍ ഒഴിഞ്ഞു പോയി. കറങ്ങിനടക്കുന്നവരെ കര്‍ശനമായി തിരിച്ചയയ്ക്കും. രാത്രി ഒന്‍പതിന് ജോലി അവസാനിക്കുംവരെയും വാഹനപരിശോധനതന്നെ.
ഒ.എസ്. സരിത പിങ്ക് പോലീസ് യൂണിറ്റ്, മലപ്പുറം
വെള്ളിയാഴ്ച രാവിലെ മലപ്പുറത്തുവെച്ചാണ് പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ ധനുഷ പടിയനെ കണ്ടത്. ജോലിക്കുപോകാനായി വാഹനമില്ലാതെ വിഷമിച്ചുനില്‍ക്കുകയായിരുന്നു അവര്‍. മലപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്നു ഞങ്ങള്‍. ഇവരെ ജോലിസ്ഥലത്തുകൊണ്ടുപോയി തിരികെയെത്തിച്ചു. ദൂരെസ്ഥലങ്ങളില്‍ വീടുള്ള ജീവനക്കാര്‍ ജോലികഴിഞ്ഞ് ഇറങ്ങിയാല്‍ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ്. പലരെയും വീട്ടിലെത്തിക്കും. അല്ലെങ്കില്‍ വാഹനം തരപ്പെടുത്തിക്കൊടുക്കും.
കെ.എസ്. അനില്‍കുമാര്‍ റൈറ്റര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍
പതിനാറുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇത് പുതിയ നിയോഗമാണ്. സ്റ്റേഷന്‍ ഡ്യൂട്ടിക്കൊപ്പം ജനങ്ങള്‍ക്കിടയിലേക്ക് സാനിറ്റൈസറും ബോധവത്കരണവുമായി ഇറങ്ങണം. ഒപ്പം ഫീല്‍ഡില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുഖാവരണങ്ങളും കൈയുറകളും സാനിറ്റൈസറും സംഭരിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ നിരത്തുകളിലെ നിയമലംഘനത്തിന്റെ കണക്കുകള്‍ അന്നന്നുതന്നെ ചേര്‍ക്കണം. ദിവസം മുഴുവന്‍ ചെയ്താലും തീരാത്ത ജോലിയുണ്ട്. എന്നാല്‍ പ്രതിരോധത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്.
എ.യു. ജയപ്രകാശ് തിരുനെല്ലി എസ്.ഐ.
ഹൈദരാബാദില്‍നിന്ന് പുലര്‍ച്ചെ തോല്‌പെട്ടി ചെക്‌പോസ്റ്റില്‍ എത്തിയ 13 പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചതാണ് തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന് മറക്കാനാവാത്തത്. ബാവലി, തോല്‌പെട്ടി ചെക്‌പോസ്റ്റുകളിലായിരുന്നു ഡ്യൂട്ടി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരി എം.ആര്‍. ആതിര എസ്.ഐ.യെ ഫോണില്‍വിളിച്ച് സഹായം ആവശ്യപ്പെട്ടത്. അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങുമോ എന്ന ഭയത്തോടെ വിളിച്ച പെണ്‍കുട്ടികളോട് ധൈര്യമായി ഇരിക്കാനും ചെക്‌പോസ്റ്റിലേക്ക് വരാനും പറഞ്ഞു.
മൂന്നരയോടെ അവരെത്തി. അപ്പോഴേക്കും മാനന്തവാടിയില്‍നിന്ന് ട്രാവലര്‍ എത്തിച്ചിരുന്നു. അവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയ കാര്യം പിന്നീടാണ് അറിയുന്നത്. അവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
കെ. ലാല്‍ജി സിറ്റി അസി. പോലീസ് കമ്മിഷണര്‍ എറണാകുളം
ജനതാ കര്‍ഫ്യൂവിന്റെ അന്ന് പോലീസ് പട്രോളിങ്ങിനിടെ തെരുവില്‍ കഴിയുന്ന ഒരാള്‍ 'സാറേ, കുറച്ചു വെള്ളം തരാമോ' എന്നുചോദിച്ച് എന്റെ മുന്നിലെത്തി. ജീപ്പില്‍നിന്ന് വെള്ളമെടുത്തു കൊടുക്കുമ്പോഴാണ് അയാള്‍ പട്ടിണിയിലാണെന്ന് എനിക്കു മനസ്സിലായത്. ഞങ്ങള്‍ക്കു കഴിക്കാന്‍ ജീപ്പിലുണ്ടായിരുന്ന ഒരു പാക്കറ്റ് ഭക്ഷണം അയാള്‍ക്കു കൊടുത്തു. അയാളെപ്പോലെ ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്ന സത്യം മനസ്സിലായ നിമിഷമായിരുന്നു അത്. അവര്‍ക്കു കഴിയുന്നത്ര ഭക്ഷണം എത്തിക്കാനാണ് ഞാനും കൂടെയുള്ള പോലീസുകാരും പരിശ്രമിക്കുന്നത്. ഒരുപാടുപേര്‍ക്ക് ഭക്ഷണം നല്‍കാനായത് ജീവിതത്തിലെ പുണ്യമാണെന്ന് കരുതുന്നു.
ജി. ഗോപകുമാര്‍ സി.ഐ., വെള്ളയില്‍ പോലീസ് സ്റ്റേഷന്‍, കോഴിക്കോട്
ഒരുകാര്യം ചെയ്യരുതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് കര്‍ശനനിര്‍ദേശം നല്‍കിയിട്ടും അത് ലംഘിച്ചേ അടങ്ങൂവെന്ന് എന്തോ വാശിയുള്ളതുപോലെയാണ് ചിലരുടെ പെരുമാറ്റരീതി. ആരാധനാലയത്തില്‍ കൂട്ടം കൂടരുതെന്ന് വിലക്കിയാല്‍ അതുചെയ്യും. കഴിഞ്ഞദിവസം തന്റെ സ്റ്റേഷന്‍ പരിധിയിലെ ഒരു ആരാധനാലയത്തില്‍ 20 പേരാണ് പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ പോലീസിനെക്കണ്ട് ജനല്‍ വഴി ചാടിയാണ് രക്ഷപ്പെട്ടത്.
എന്‍.എസ്. രാജീവ് സി.ഐ., കസബ പോലീസ് സ്റ്റേഷന്‍ പുതുശ്ശേരി പാലക്കാട്
വാളയാറില്‍ പാലം കടന്നാല്‍ തമിഴ്‌നാടായി. പക്ഷേ, കടത്തിവിടാനാവില്ല. തമിഴ്‌നാട് പോലീസും തിരിച്ചയയ്ക്കും. ആദ്യദിവസങ്ങളില്‍ കാലി ലോറികളിലായിരുന്നു ആളുകളെത്തിയിരുന്നത്. അടച്ചുപൂട്ടലായതോടെ 80 കിലോമീറ്ററകലെ പട്ടാമ്പിയില്‍നിന്നും മറ്റും നടന്നുവരുന്നവരുണ്ട്. പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ട പലായനം ജീവനോടെ മുന്നിലെത്തുകയായിരുന്നു. ചിലരുടെ കുട്ടികള്‍ അപ്പുറത്താണ്. മറ്റുചിലര്‍ക്ക് വൃദ്ധരായ മാതാപിതാക്കളാണ് അപ്പുറത്ത്. വന്നെത്തുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാനാണ് പ്രധാനമായും ശ്രമിച്ചത്. ഭക്ഷണം കഴിയുമ്പോള്‍ അവരുടെ തിളങ്ങുന്ന കണ്ണുകള്‍... അത് മനസ്സില്‍നിന്ന് മായില്ല.
മധു കാരക്കടവത്ത് സിവില്‍ പോലീസ് ഓഫീസര്‍, കാസര്‍കോട്
കൊറോണരോഗം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയെ കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ പരിഭ്രാന്തരായ നാട്ടുകാരെ ബോധവത്കരിക്കേണ്ടിയും വന്നു. ഇയാള്‍ക്കൊപ്പം നാലുദിവസം കറങ്ങിനടന്നയാളെയും കൊണ്ടുപോകണമെന്നായി അവര്‍. ആ വ്യക്തിയാണെങ്കില്‍ ആശുപത്രിയിലേക്ക് പോകാന്‍ സമ്മതിക്കുന്നുമില്ല. ഒടുവില്‍ അയാളെയും ആശുപത്രിയിലെത്തിച്ചു. ലക്ഷണമില്ലെന്ന് കണ്ട ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കിടക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരുടെ ആശങ്ക ആരോഗ്യവകുപ്പധികൃതരെ പറഞ്ഞു ബോധ്യപ്പെടുത്തി ആശുപത്രിയില്‍ അഡ്മിറ്റാക്കി.
എസ്. സവിരാജന്‍, പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.
രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വാഹനപരിശോധന മുതല്‍ ബോധവത്കരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ രാത്രി ഒന്പതുവരെ നീളും. റോഡില്‍ എത്തുന്നവര്‍ക്ക് ഒരായിരം കാരണങ്ങളാണ്. വലിയ ശതമാനം ആളുകള്‍ക്കും മരുന്ന് വാങ്ങണം. പക്ഷേ,‚ അതിന്റെ പ്രിസ്‌ക്രിപ്ഷന്‍ കാണില്ല. അവരോട് അല്പം കര്‍ശനമായി പെരുമാറിയാല്‍ അത് പോലീസ് അതിക്രമം എന്ന വ്യാഖ്യാനംവരും.
പറയുന്ന കാര്യങ്ങളില്‍ സത്യമേത് കള്ളമേത് എന്ന് ഗണിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കില്ല.
ആര്‍. ബിജു, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ.
ലോക് ഡൗണില്‍പ്പെട്ട് കൊല്ലത്ത് കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശികള്‍ രണ്ടുദിവസമായി ഭക്ഷണമൊന്നും കിട്ടാതെ അലയുന്നത് കണ്ടത്. ഒപ്പമുള്ള പോലീസുകാര്‍ക്കും കഴിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നെത്തിച്ച ഭക്ഷണപ്പൊതി അപ്പോള്‍ത്തന്നെ ഇവര്‍ക്ക് കൈമാറി. യുവാക്കളുടെ കണ്ണുകളിലുണ്ടായ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്. ബസിനകത്ത് താമസം തുടരുന്ന ഇവര്‍ക്ക് വരുംദിവസങ്ങളിലേക്ക് ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം കൂടിയൊരുക്കിയ ശേഷമാണ് മടങ്ങിയത്.
Content Highlight: CoronaVirus Police Action Heroes