തൃശ്ശൂര്‍: കൊറോണ വ്യാപനം തടയാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന നിങ്ങള്‍ ആരോരുമില്ലാത്ത തെരുവിന്റെ മക്കളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരെന്ത് കഴിക്കും? അവരെന്ത് ചെയ്യുമെന്ന്. എന്നാല്‍ കോര്‍പ്പറേഷനവരെ മറക്കാനാവില്ല. തെരുവിന്റെ മക്കള്‍ക്ക് കരുതലിന്റെ കൈകള്‍ നീട്ടുകയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍.

Salute the hero

നഗരപരിധിയിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ കിടപ്പാടമൊരുക്കുകയാണ് കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനൊപ്പം ജില്ലാ ആരോഗ്യവകുപ്പും പോലീസുമെല്ലാം ചേര്‍ന്നാണ് ഈ കരുതല്‍. ബുധനാഴ്ച ഉച്ചയോടെ പത്തിലധികം ക്ലാസ് മുറികള്‍ വൃത്തിയാക്കി. കോര്‍പ്പറേഷന്റെ അഞ്ചു വണ്ടികളും പോലീസിന്റെ രണ്ടു വണ്ടികളും പിങ്ക് പോലീസും ചേര്‍ന്നാണ് തെരുവിലുള്ളവരെ മോഡല്‍ ബോയ്‌സ് സ്‌കൂളിലെത്തിച്ചത്.

ഡി.എം.ഒ. യുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗവും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും പരിശോധന നടത്തി ബോധ്യപ്പെട്ടാണ് പ്രവേശനം നല്‍കിയത്.

tcr corporation
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവരെ പോലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നു

ഫോട്ടോ അടക്കമുള്ള ഇവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ പുസ്തകത്തിലാണ് രേഖപ്പെടുത്തുക. ഇവര്‍ക്ക് മൂന്നു നേരവും പൊതിച്ചോറാണ് നല്‍കുക. കിടക്കാന്‍ പായയും കിടക്കയും തലയണയും നല്‍കും. ഒരു മുറിയില്‍ പരമാവധി ആറുപേരെ താമസിപ്പിക്കും. സാനിറ്റൈസറും ഹാന്‍ഡ് വാഷും നല്‍കും. സ്‌കൂളില്‍ 250 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ പി. റാഫി ജോസ് പറഞ്ഞു. കൂടുതല്‍ പേരെത്തിയാല്‍ ബോയ്‌സില്‍ത്തന്നെ കൂടുതല്‍ ക്ലാസ് മുറികളും ആവശ്യമെങ്കില്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിലും താമസസൗകര്യമൊരുക്കും.

അഭയകേന്ദ്രത്തിലെത്തിയവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. ചൊവ്വാഴ്ച കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി തെരുവില്‍ കഴിയുന്ന 210 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദിവസവും ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തും.

Content Highlights: CoronaVirus people got shelter home