ലോകം മുഴുവന്‍ ഒരു പകര്‍ച്ചവ്യാധിയുടെ പേരില്‍ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ഇതു പറയുമ്പോള്‍ പറയുന്നയാള്‍ ഉദ്ദേശിക്കുന്നതും വായിക്കുന്നയാള്‍ മനസ്സിലാക്കുന്നതും ഭൂമിയുടെ ഉപരിതലത്തില്‍ ചിതറിക്കിടക്കുന്ന, എഴുന്നൂറു കോടിയിലധികം അംഗങ്ങളുള്ള മനുഷ്യന്‍ എന്ന ജീവിയുടെ ഒരു പ്രശ്നത്തെയാണല്ലോ. ശരാശരി ഒന്നര മീറ്റര്‍ ഉയരവും അറുപത് കിലോഗ്രാമോളം ഭാരവുമുള്ള ഈ ജീവിയെ വശംകെടുത്തുന്നതാരാണ്? ഒരു സെന്റീമീറ്ററിന്റെ ലക്ഷത്തിലൊരംശംപോലും വലുപ്പമില്ലാത്ത വൈറസ്! കൊറോണ പകര്‍ച്ചവ്യാധി എന്നപേരില്‍ നാലുപാടും നമ്മളതേപ്പറ്റി പറയുകയും കേള്‍ക്കുകയും ചെയ്യുന്നു.

ആരാണ് രോഗാണു?

രോഗങ്ങളുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ അവതരിച്ചിരിക്കുന്ന 'അസുരവംശ'മായി രോഗാണുക്കളെ മനസ്സിലാക്കുന്നത് തെറ്റാണ്. മനുഷ്യനും ഇപ്പറഞ്ഞ സൂക്ഷ്മാണുക്കളുമെല്ലാംതന്നെ ഭൂമിയുടെ ഉപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ജീവിവര്‍ഗങ്ങളാണ്. അവരും നമ്മളും ചെയ്യുന്നത് ഒരു വര്‍ഗമെന്ന നിലയില്‍ ഇവിടെ അതിജീവിക്കുന്നതിനു വേണ്ടിയുള്ള പരാക്രമങ്ങള്‍ തന്നെ. ഭൂമിയിലെ ജീവിവര്‍ഗങ്ങളുടെ ബഹുഭൂരിപക്ഷവും വര്‍ഗങ്ങളുടെ എണ്ണത്തിലായാലും, അംഗങ്ങളുടെ എണ്ണത്തിലായാലും സൂക്ഷ്മജീവികളാണ്. അവരില്‍ ചില വര്‍ഗങ്ങള്‍ ജീവിക്കുന്നത് മറ്റു വലിയജീവികളുടെ ശരീരത്തിലുമാണ്. അവരില്‍ത്തന്നെ ഒരുവിഭാഗം സ്വന്തം പ്രത്യുത്പാദനത്തിനും അതിജീവനത്തിനുമായി ചെയ്യുന്ന പ്രവൃത്തികള്‍ ആതിഥേയജീവിയുടെ ശരീരത്തിന്റെ സ്വാഭാവികപ്രക്രിയകളെ ദോഷമായി ബാധിക്കുമ്പോഴാണ് അവയെ നാം രോഗാണുക്കള്‍ എന്നു വിളിക്കുന്നത്. അല്ലാതെ രോഗമുണ്ടാക്കുക എന്നൊരു 'ലക്ഷ്യബോധ'മൊന്നും അവയ്ക്കില്ല. അത്തരം സൂക്ഷ്മജീവികളില്‍ത്തന്നെ ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ എന്നിങ്ങനെ പല തരക്കാരുണ്ട്. അതില്‍ത്തന്നെ അവയോരോന്നും പല തരത്തിലുണ്ടുതാനും.

അതായത്, നമുക്ക് ജീവനുതന്നെ ഭീഷണിയാകുന്ന ബാക്ടീരിയകള്‍, നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ സഹായംചെയ്യുന്ന ബാക്ടീരിയകള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത സ്വഭാവങ്ങള്‍.ശരീരത്തിനകത്തേക്ക് കയറിപ്പറ്റിയ അന്യവസ്തുക്കളെ പുറത്താക്കാന്‍ ശരീരം നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍. കൗതുകകരമായ കാര്യം ഇതില്‍ പലതും രോഗാണുക്കള്‍ക്ക് സഹായകമാണ് എന്നതാണ്. തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തേക്ക് തെറിക്കുന്ന സൂക്ഷ്മകണികകളിലൂടെ രോഗാണുക്കള്‍ക്ക് മറ്റ് ആതിഥേയശരീരങ്ങളിലേക്ക് എത്താനും അവിടെയും പ്രത്യുത്പാദനം നടത്താനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍ അവ അങ്ങനെയാണ് അതിജീവനം സാധ്യമാക്കുന്നത്.

ഈ വൈറസുകള്‍ എവിടെനിന്ന്?

കൊറോണഭീതി പരന്നപ്പോള്‍ ഒപ്പംതന്നെ ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. ജൈവായുധ യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഉണ്ടാക്കിവിട്ട വൈറസാണ്, ചൈനയിലെ ലാബില്‍ നിന്ന് പുറത്തുവന്ന ദുഷ്ടവൈറസാണ് എന്നിങ്ങനെ ഒട്ടേറെ കഥകള്‍ പ്രചാരത്തിലുണ്ട്. വെറും ഊഹാപോഹമെന്നതിനപ്പുറം ഇപ്പറഞ്ഞതിനൊന്നും ഇതുവരെ തെളിവൊന്നും ലഭ്യമല്ല. സത്യം പറഞ്ഞാല്‍ ഇത്തരം വൈറസ് പകര്‍ച്ചകള്‍ ആരുടെയും ഇടപെടലില്ലാതെതന്നെ സ്വാഭാവികമായി സംഭവിക്കാവുന്നതേയുള്ളൂ.

പലതരം രോഗാണുക്കളെക്കുറിച്ച് പറയുമെങ്കിലും വൈറസ് മറ്റുള്ളവയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു വിഭാഗമാണ്. അവയെ ഒരു 'ജീവി' ആയിട്ടുപോലും ശാസ്ത്രലോകം കണക്കാക്കാറില്ല. കാരണം, ജീവന്റെ ലക്ഷണമായ പ്രത്യുത്പാദനം അത് പ്രകടിപ്പിക്കണമെങ്കില്‍ വൈറസിന് മറ്റൊരു അന്യകോശം കിട്ടിയാലേ പറ്റൂ. ഒരു കുഞ്ഞു പ്രോട്ടീന്‍ വലയത്തിനകത്ത് അടക്കംചെയ്ത ഒരു ഡി.എന്‍.എ. തന്മാത്ര. അതുമാത്രമാണ് വൈറസ്. നിര്‍ജീവമായ ഒരു കെമിക്കല്‍ പെട്ടി! എന്നാല്‍, മറ്റൊരു ജീവകോശത്തിനുള്ളില്‍ കയറിപ്പറ്റാനായാല്‍ അതിന് സ്വയം ഇരട്ടിക്കാനുള്ള കഴിവുകിട്ടും. മിക്കവാറും കൂട്ടത്തില്‍ ആ കോശത്തെ നശിപ്പിക്കുകയും ചെയ്യും. ഇതില്‍ പലതരം വൈറസുകള്‍ക്ക് പലതരം കോശങ്ങളാകും യോജ്യമായത്. ചിലവയ്ക്ക് ബാക്ടീരിയാ കോശങ്ങള്‍, ചിലതിന് മൃഗങ്ങളിലെ ശരീരകോശങ്ങള്‍, ചിലതിന് മനുഷ്യശരീരത്തിലെ കോശങ്ങള്‍ എന്നിങ്ങനെ പഥ്യങ്ങള്‍ മാറും. ഇനി കയറിപ്പറ്റിയാല്‍തന്നെ കാര്യമായ ദോഷമൊന്നും ഉണ്ടാക്കാത്തവമുതല്‍ മരണകാരണമായേക്കാവുന്നവവരെ പലതരം പ്രഭാവങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന വൈറസുകളുണ്ട്. പ്രോട്ടീന്‍ പെട്ടിയിലുള്ള മുള്ളുകള്‍പോലുള്ള ഭാഗങ്ങള്‍ ഉപയോഗിച്ച് കോശത്തോട് ഒട്ടുകയും പതിയെ അകത്തേക്ക് നുഴഞ്ഞുകയറുകയുമാണ് പൊതുവായ രീതി.

earth mask

ഇനി അതിന്റെ ജീവപരിണാമംകൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം പകര്‍പ്പുകളുണ്ടാക്കുന്ന അവസരത്തില്‍ ഡി.എന്‍.എ.യില്‍ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങള്‍ (ഉള്‍പ്പരിവര്‍ത്തനം അഥവാ-മ്യൂട്ടേഷന്‍) കാരണം ചില വൈറസുകളുടെ പുതുതലമുറയ്ക്ക് വ്യത്യസ്തമായ സ്വഭാവമായിരിക്കും. ഒരുപക്ഷേ, അവയ്ക്ക് പഴയപോലെ കോശങ്ങളിലേക്ക് ഒട്ടിനില്‍ക്കാനുള്ള കഴിവ് നഷ്ടപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ പ്രത്യുത്പാദനം നടത്താനാകാതെ അത്തരം വൈറസുകള്‍ നശിച്ചുപോകും. മറ്റ് ചില ഉള്‍പ്പരിവര്‍ത്തനങ്ങള്‍ മറ്റൊരുതരം കോശത്തിലേക്ക് ഒട്ടിച്ചേരാന്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. അങ്ങനെവന്നാല്‍ അനുയോജ്യമായ സാഹചര്യം ഉണ്ടാകുന്നപക്ഷം പുതിയൊരുതരം വൈറസ് വംശമായി അവയ്ക്ക് മാറാനായേക്കും. ഉദാഹരണത്തിന്, മൃഗങ്ങളെമാത്രം ബാധിച്ചിരുന്ന ഒരു വൈറസിന് ഉള്‍പ്പരിവര്‍ത്തനത്തിലൂടെ മനുഷ്യനെ ബാധിക്കുന്ന വൈറസായി മാറാന്‍ അദ്ഭുതങ്ങളുടെയോ ഗൂഢാലോചനകളുടെയോ ഒന്നും ആവശ്യമില്ല. വൈറസുകള്‍ക്ക് പുതുതലമുറകളെ ഉണ്ടാക്കാന്‍ നിമിഷാര്‍ധങ്ങള്‍ മതിയെന്നതുകൊണ്ട് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ വളരെ സാധാരണമാണ്.

വൈറസ് വൈറലാകുന്ന വിധം

നവമാധ്യമങ്ങളിലെ ഒരു പോപ്പുലര്‍ പ്രയോഗമാണല്ലോ വൈറലാകല്‍. വൈറസുകളുടെ പെരുമാറ്റത്തോടുള്ള സാമ്യംകൊണ്ടാണ് ആ പ്രതിഭാസത്തിന് ആ പേരുവന്നത്. എന്താണ് വൈറലാകല്‍ എന്ന് മനസ്സിലാക്കാന്‍ ഒരു പഴയകഥ ഓര്‍ത്തെടുക്കാം.

ചതുരംഗക്കളി കണ്ടുപിടിച്ച ആള്‍ അത് രാജാവിന് മുന്നില്‍ അവതരിപ്പിച്ചു. അതില്‍ സന്തുഷ്ടനായ രാജാവ് എന്തു പ്രതിഫലം വേണമെങ്കിലും ചോദിച്ചോളാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആവശ്യപ്പെട്ടത് നെല്ലാണ്. ചതുരംഗപ്പലകയുടെ ആദ്യത്തെ കള്ളിയില്‍ ഒരു നെല്‍മണി, രണ്ടാമത്തേതില്‍ രണ്ടെണ്ണം, മൂന്നാമത്തേതില്‍ നാല്, എന്നിങ്ങനെ അറുപത്തിനാല് കള്ളികളിലും വെക്കാന്‍ പോന്ന നെല്ല് മതിയായിരുന്നു അയാള്‍ക്ക്. രാജാവിനത് വളരെ നിസ്സാരമായി തോന്നി. സ്വര്‍ണമോ ഭൂമിയോ പോലെ കാര്യമായിട്ടെന്തെങ്കിലും ചോദിക്കാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും അയാള്‍ നെല്‍മണികളില്‍ത്തന്നെ ഉറച്ചുനിന്നു. പക്ഷേ, കാര്യത്തോടടുത്തപ്പോഴാണ് രാജാവിന് കുരുക്ക് പിടികിട്ടിയത്. 1, 2, 4, ... എന്നിങ്ങനെ ഇരട്ടിപ്പിച്ചാല്‍ അറുപത്തിനാലാമത്തെ സംഖ്യയില്‍ പത്തൊമ്പത് അക്കമുണ്ടാകും. രാജ്യത്തെ മുഴുവന്‍ നെല്ലുമെടുത്താലും അത്രയും വരില്ല!

ഇതുതന്നെയാണ് വൈറസിന്റെ കാര്യവും. ഒന്നില്‍ നിന്ന് രണ്ട്, രണ്ടില്‍ നിന്ന് നാല്, എന്നിങ്ങനെ നിമിഷാര്‍ധങ്ങള്‍കൊണ്ട് കോടികളിലേക്ക് പെരുകാന്‍ അവയ്ക്കാകും. ഒരാളില്‍നിന്ന് വേറൊരാളിലേക്കുള്ള പകര്‍ച്ചയ്ക്കും ഇത് ബാധകമാണ്. ഒരാളില്‍നിന്ന് രണ്ടുപേരിലേക്കും അവരിലോരോരുത്തരില്‍നിന്നും മറ്റു രണ്ടുപേരിലേക്കും എന്ന മട്ടില്‍ പകരുന്നതായി സങ്കല്പിച്ചാല്‍തന്നെ, പതിനാറാമത്തെ ഘട്ടം പകര്‍ച്ചയില്‍ രോഗികളുടെ എണ്ണം ഏതാണ്ട് ഏഴുകോടിയോളമാവും. കേരള ജനസംഖ്യയുടെ ഇരട്ടിയാണത്! പുതുതായി രോഗം ബാധിക്കാനുള്ളവരുടെ എണ്ണം കുറയുക, ആളുകള്‍ മനഃപൂര്‍വം പകര്‍ച്ച തടയുന്നതിനുള്ള മാര്‍ഗം സ്വീകരിക്കുക, അങ്ങനെ പല കാരണങ്ങള്‍കൊണ്ട് ഈ വേഗം കുറഞ്ഞേക്കാം. പക്ഷേ, വൈറസ് പകര്‍ച്ചയുടെ ഈ സ്വഭാവം നമ്മള്‍ കരുതിയിരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് ആധുനികകാലത്ത് ആളുകള്‍ക്ക് വന്‍കരകള്‍ കടന്ന് വളരെ വേഗം സഞ്ചരിച്ചെത്താനാകുമെന്നത് ഈ വിഷയത്തെ കൂടുതല്‍ ഗൗരവകരമാക്കുന്നുണ്ട്. ഇവിടെ രോഗം പകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടന്നൊരാള്‍ ആ വൈറസിനെയും വഹിച്ച് മറ്റൊരു രാജ്യത്ത് ചെന്നാല്‍ അവിടെ സമാന്തരമായി മറ്റൊരു പകര്‍ച്ചശ്രേണി തന്നെ സൃഷ്ടിക്കാന്‍ അയാള്‍ക്കായേക്കും. അതുകൊണ്ടാണ് ചെറിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ്ബാധ പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകരാജ്യങ്ങളും ലോകാരോഗ്യ സംഘടനയുമൊക്കെ ഉടന്‍ ഇടപെടുന്നത്. അതിനുപിന്നില്‍ ആ രാജ്യത്തോടുള്ള കരുണ മാത്രമല്ല, നാളെ ലോകത്തെവിടേക്കും അത് പടര്‍ന്നെത്താമെന്ന തിരിച്ചറിവുകൂടിയാണ്.

എന്തിനു പേടിക്കണം?

കൊറോണപോലെ താരതമ്യേന ലഘുവായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതും എന്നാല്‍, പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളതുമായ വൈറസുകള്‍ നാം കരുതുന്നതിനെക്കാള്‍ അപകടകാരിയാണ്. എബോള പോലെ ബാധിച്ചാലുടന്‍ രോഗി കിടപ്പിലാകുകയും മൂന്നുദിവസംകൊണ്ട് മരിക്കുകയും ചെയ്യുന്ന വൈറസ് ബാധകളില്‍ അത് ഒരുപാട് ദൂരേക്ക് പകര്‍ന്നുപോകാനുള്ള സാധ്യതകള്‍ കുറയും. എന്നാല്‍, കൊറോണ ബാധയില്‍ ലക്ഷണങ്ങള്‍ താരതമ്യേന ഗൗരവം കുറഞ്ഞതായതുകൊണ്ട് അതും വഹിച്ചുകൊണ്ട് ആളുകള്‍ യാത്രചെയ്യാനും സമൂഹത്തില്‍ ഇടപെടാനും സാഹചര്യമുണ്ടാകും. നിന്നനില്‍പ്പില്‍ അത് പടര്‍ന്നുപിടിക്കും.

രോഗികളുടെ എണ്ണം ഒരുപരിധിക്കപ്പുറം കടന്നാല്‍, ഓരോ രോഗിക്കും വൈദ്യസഹായം കൊടുക്കാന്‍ കഴിയാതെ നമ്മുടെ ആരോഗ്യസംവിധാനങ്ങളെല്ലാം തീര്‍ത്തും നിസ്സഹായാവസ്ഥയിലേക്ക് ചെന്നെത്തും. അതിഗൗരവകരമായ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി അത് മാറും. അതുകൊണ്ട് രോഗം ബാധിക്കുന്ന ഓരോ ആളും അവിടെ ഒരു ഭീഷണിയാണ്. എന്നാല്‍, പകര്‍ച്ചസാധ്യതകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഈ അപകടം കൃത്യമായി ഒഴിവാക്കാനുമാകും. അതുകൊണ്ട് സര്‍ക്കാരുകളും വിദഗ്ധ ഏജന്‍സികളും മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സഹകരിക്കുക എന്നത് ലളിതമെങ്കിലും പരമപ്രധാനമായ കാര്യമാകുന്നു.

Content Highlights: CoronaVirus origin Covid19