കൊല്ലം: സെപ്റ്റംബറിലാണ് വുഹാനില്‍ പഠനത്തിനെത്തിയത്. ചൈനക്കാര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ് പുതുവത്സരാഘോഷങ്ങള്‍. അതിനിടയിലായിരുന്നു കൊറോണ. കടകളും സ്ഥാപനങ്ങളും ഭക്ഷണശാലകളും എല്ലാം അടച്ചു. ജീവിതമാര്‍ഗം അടഞ്ഞെങ്കിലും എല്ലാവരും പ്രതിരോധ നടപടികളോട് സഹകരിച്ചു.

അപ്പാര്‍ട്ട്‌മെന്റിലെ ഏകാന്തവാസത്തിനിടയിലും സാമൂഹികമാധ്യമങ്ങളിലൂടെ ശുഭകരമായ വാര്‍ത്തകള്‍ പങ്കിടാനും പരസ്പരം ആശ്വസിപ്പിക്കാനുമായിരുന്നു ഭൂരിഭാഗംപേരും ശ്രമിച്ചത്. ആംബുലന്‍സുകള്‍ പോകുന്ന ശബ്ദംമാത്രം കേട്ട്, ഒറ്റപ്പെട്ട് കഴിയേണ്ടിവന്നു ഏറെ ദിവസം. ഒരാഴ്ചത്തെ ഭക്ഷണത്തിനുള്ള വകമാത്രം കരുതിയിരുന്നു. കടകളെല്ലാം പൂട്ടിയിടുന്ന സാഹചര്യം എത്തിയപ്പോള്‍ പാകിസ്താന്‍കാരായ കച്ചവടക്കാര്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കി. ഭക്ഷണസാധനങ്ങളുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളെപ്പറ്റി അറിയിപ്പ് കിട്ടിയതും സഹായകരമായി. മാധ്യമങ്ങളൊന്നും മരിച്ചവരുടെ കണക്ക് ഭയപ്പെടുത്തുംവിധം അവതരിപ്പിച്ചില്ല. ചൈനീസ് റേഡിയോവഴി ബോധവത്കരണസന്ദേശങ്ങള്‍ നിരന്തരം വന്നു. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍നിന്ന് വുഹാന്‍ ജനത പിന്തിരിഞ്ഞില്ല.

ദുരന്തഭൂമി പോലെയായ വുഹാന്‍ ഇപ്പോഴും പതിവുജീവിതത്തിലേക്ക് എത്തിയിട്ടില്ല. ശുചീകരണം, അണുനശീകരണം എന്നിവ മുടങ്ങാതെ നടക്കുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

കഴിഞ്ഞ മൂന്നുമാസമായി വുഹാനിലെ ജീവിതമാറ്റങ്ങള്‍ തിരിച്ചറിയുകയും നിശ്ശബ്ദമാക്കപ്പെട്ട, പൂട്ടിയിടപ്പെട്ട നഗരത്തില്‍ കഴിഞ്ഞതുമാണ്. എന്നാല്‍ അതിലേറെ ഭയപ്പെടുത്തുന്നത് കൊറോണ പ്രതിരോധ നടപടികളോട് ഒരു വിഭാഗം കേരളീയരുടെ നിസ്സംഗതയാണ്. നമുക്ക് വിദ്യാഭ്യാസമുണ്ട്, ശാസ്ത്രത്തെപ്പറ്റി നന്നായി അറിയാം, എന്നിട്ടും വിലക്കുകള്‍ ലംഘിച്ച് മലയാളികള്‍ ഒത്തുകൂടുന്നു. അധികൃതരുടെ വിലക്കുകള്‍ അവഗണിക്കുന്നു. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ വലിയ വില കൊടുക്കേണ്ടിവരും.

കൊറോണ ആദ്യമായി റിപ്പോര്‍ട്ടുചെയ്ത വുഹാനിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുന്ന പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനില പി.അജയന്‍ വ്യക്തമാക്കുന്നു.

Content Highlight: Coronavirus Malayalee student sharing her experiences in Wuhan