സ്വന്തം സുഖവും കുടുംബാംഗങ്ങളുടെ ദുഃഖങ്ങളും മറന്ന് ഈ കൊറോണക്കാലത്ത് സമൂഹത്തിനുവേണ്ടി ജീവിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളാണ് പെരുവനത്തെ ഈ കുടുംബം. 'ഹരിത' നിവാസില്‍ വിവേക് (32), ഭാര്യ സുനിഷ (31), വിവേകിന്റെ അമ്മ ഹേമലത എന്നിവര്‍ ആരോഗ്യവകുപ്പ് ജീവനക്കാരാണ്. വിവേകിന്റെ മൂന്നുവയസ്സുള്ള മകന്‍ ധ്യാന്‍, 93 വയസ്സുള്ള മുത്തശ്ശി കാര്‍ത്ത്യായനി അമ്മ, കാന്‍സര്‍ ചികിത്സയിലുള്ള അച്ഛന്‍ ഹരിദാസ് എന്നിവര്‍ വീട്ടില്‍ കഴിയുന്നു. ഏഴുമാസം ഗര്‍ഭിണിയായ സുനിഷയും വിവേകും അമ്മയും അവധിയെടുക്കാതെ രണ്ടാഴ്ചയിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്നു.

തൃശ്ശൂര്‍ ഡി.എം.ഒ. ഓഫീസിലെ ഫാമിലി വെല്‍ഫെയര്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റ് ആണ് വിവേക്. ഡി.എം.ഒ. ഓഫീസില്‍ 17 വര്‍ഷമായി ക്ലര്‍ക്ക് ആണ് അമ്മ ഹേമലത. പാറളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആണ് സുനിഷ. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമം വഴിയാണ് വിവേക് പൊതുജനങ്ങളോട് അഭ്യര്‍ഥന നടത്തിയത്.

corona
വിവേക് ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം

'ഏറ്റവും കൂടുതല്‍ പരിചരണം ആവശ്യമായ മൂന്നുപേര്‍ എന്റെ വീട്ടിലുണ്ട്. അതിനാല്‍ ഏറ്റവും കരുതലോടെയുള്ള ശുചിത്വവും മുന്‍കരുതലുകളും വീട്ടില്‍നിന്നുതന്നെ തുടങ്ങുന്നു. ഞങ്ങളെപ്പോലുള്ള വിവിധ വകുപ്പുകളിലെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനങ്ങളെ അവഗണിച്ച്, സര്‍ക്കാര്‍ അനുശാസനകളെ തള്ളിക്കൊണ്ടുള്ള ചിലരുടെ അലംഭാവം തീര്‍ത്തും നിരാശയുണ്ടാക്കുന്നു.' എന്ന അഭ്യര്‍ഥന ഇതിനോടകം വൈറലായിക്കഴിഞ്ഞു.

'ആരോഗ്യവകുപ്പിന്റെ ഉയര്‍ന്നതലം മുതല്‍ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ വരെ വിശ്രമമില്ലാതെയാണ് രംഗത്തുള്ളത്. ഈ സമയത്ത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം.

രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയ്ക്ക് പതിവായി മരുന്ന് വാങ്ങുന്ന വൃദ്ധര്‍ ഈ കാലയളവില്‍ വീട്ടില്‍ നിര്‍ബന്ധമായും വിശ്രമിക്കണം. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ വഴി മരുന്ന് വാങ്ങാന്‍ ശ്രമിക്കണം'- എന്നൊക്കെയാണ് ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ വിവേകിന് പറയാനുള്ളത്.

Content Highlights: CoronaVirus lockdown health department officer shares his experience