കൊച്ചി : ഗുരുദ്വാരയിലെ 'ലംഗറി'ല്‍ക്കയറി പാത്രങ്ങളും മറ്റും പരിശോധിക്കുന്നതിനിടെ സുരേന്ദര്‍പാല്‍ സിങ് പറഞ്ഞു...''നമ്മള്‍ സജ്ജമായിരിക്കണം, എന്തുവന്നാലും പതിവുപോലെ കൂട്ടായി നേരിടാം''. അരികിലുണ്ടായിരുന്ന മനീന്ദര്‍സിങ്ങും ഗുര്‍പ്രീത് സിങ്ങും തലയാട്ടി, ഇതൊക്കെ നമ്മള്‍ പണ്ടേ ചെയ്യുന്നതല്ലേയെന്ന മട്ടില്‍. ഗുരുദ്വാരയിലെ ഈ 'ലംഗര്‍' കൊറോണക്കാലത്ത് കേരളം ചര്‍ച്ചചെയ്യുന്ന സമൂഹ അടുക്കളയുടെ എത്രയോ കാലംമുമ്പുള്ള സാക്ഷ്യപത്രമാണ്. 'വന്ദ് ചകോ' (പങ്കിടൂ...) എന്ന മുദ്രാവാക്യവുമായി സിഖ് സമൂഹം നടപ്പാക്കുന്ന സമൂഹ അടുക്കള കൊറോണക്കാലത്തും നാടിനു കൈത്താങ്ങാകാന്‍ സജ്ജമാണ്.

കൊച്ചിയിലെ ഗുരുദ്വാരയില്‍ സമൂഹ അടുക്കള സ്ഥാപിച്ചത് ഗുരുവചനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് ഗുരുദ്വാര സിങ് സഭ കൊച്ചി പ്രസിഡന്റ് സുരേന്ദര്‍ പാല്‍ സിങ് പറഞ്ഞു. ''ഈ ആശയത്തിന്റെ വിത്തുവിതച്ചത് സിഖ് മതസ്ഥാപകനും ആദ്യ ഗുരുവുമായ ഗുരുനാനാക്കായിരുന്നു. എന്നാല്‍, അത് വിപുലമായ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂന്നാമത്തെ ഗുരുവായ അമര്‍ ദാസാണ്. തന്നെ കാണാനെത്തുന്നവരോട് അദ്ദേഹം ആദ്യം പറഞ്ഞത് അവിടെയുള്ള ഭക്ഷണം കഴിക്കാനായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന സങ്കല്പത്തിലാണ് അദ്ദേഹം സമൂഹ അടുക്കള സ്ഥാപിച്ചത്'' -സുരേന്ദര്‍ പാല്‍ സിങ്ങിന്റെ വാക്കുകളില്‍ 'ലാംഗറി'ന്റെ തുടക്കംതെളിഞ്ഞു.

എല്ലാ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും സിഖ് കുടുംബങ്ങള്‍ ഒത്തുചേരുമ്പോഴാണ് ലംഗറിലെ സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്. ചോറ്, ചപ്പാത്തി, പരിപ്പ്, സാലഡ്, പച്ചക്കറികൊണ്ടുള്ള കറി, മധുരം എന്നിവയാണ് ലംഗറില്‍ വിളമ്പുന്നത്. പാചകവും വിളമ്പലും പാത്രം കഴുകലുമൊക്കെ സേവനസന്നദ്ധരായി ചെയ്യുന്നതാണ് ഇവിടത്തെ രീതി. കിരത്ത് കരോ (അധ്വാനിക്കൂ), വന്ദ് ചകോ (പങ്കിടൂ), നാം ജപോ (വിശുദ്ധനാമം ഉരുവിടൂ) എന്നീ മൂന്ന് തത്ത്വങ്ങളാണ് ഗുരുദ്വാര മുറുകെപ്പിടിക്കുന്നത്. ഇതില്‍ 'വന്ദ് ചകോ' എന്ന തത്ത്വവുമായി സമൂഹ അടുക്കള ഈ കൊറോണക്കാലത്ത് പൊതുജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടിവന്നാല്‍ അതിന് സജ്ജമാണെന്നും സുരേന്ദര്‍ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിന് 10,000 പേര്‍ക്കെന്ന കണക്കില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് ലംഗറില്‍നിന്ന് ഭക്ഷണം തയ്യാറാക്കിനല്‍കിയിരുന്നു.

Content Highlights: CoronaVirus kerala Sikh people community kitchen