കോട്ടയം: കൊറോണയെത്തുടർന്ന് ചൈനയിൽനിന്ന് ഫെബ്രുവരി ആദ്യം കേരളത്തിലെത്തിയ തൃശ്ശൂർ സ്വദേശി സുധീർ ഊരളത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞത് 28 ദിവസം. കഴിഞ്ഞദിവസം ചൈനയിലെത്തിയ സുധീറിന് ഇവിടെ സ്വന്തം അപ്പാർട്ട്മെന്റിൽ വീണ്ടും കഴിയേണ്ടത് 14 ദിവസവും. സ്ട്രീറ്റ് ഫോട്ടോഗ്രാഫറും യോഗ പരിശീലകനുമായ സുധീറിന് രോഗത്തിനെതിരേ ചൈനയെടുത്ത ശക്തമായ നിലപാടുകളിൽ പൂർണവിശ്വാസമാണ്. ആ കർശനനിലപാടാണ് അവരെ രോഗത്തിൽനിന്ന് രക്ഷപ്പെടുത്തിയതെന്ന് സുധീർ.

ചൈന പഴയ ചൈനയാകുന്നു

‘‘ചൈനയിലെ നിരീക്ഷണത്തിൽക്കഴിയുന്ന എന്റെ അപ്പാർട്ട്മെന്റിന് പുറത്തിറങ്ങാതിരിക്കാൻ എല്ലാ മുൻകരുതലുമുണ്ട്. വാതിലിനുപുറത്ത് ആരോഗ്യപ്രവർത്തകർ ക്യു.ആർ. കോഡ് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ഈ സ്റ്റിക്കർ പൊട്ടിക്കാതെ ഇറങ്ങാൻ കഴിയില്ല. ഇറങ്ങിയെന്ന് അറിഞ്ഞാൽ കൂടുതൽ നിരീക്ഷണമുള്ള മറ്റൊരിടത്തേക്ക് മാറ്റും. അതുകൊണ്ട് ആരും ലംഘിക്കാറില്ല’’ -സുധീർ പറയുന്നു. ഭക്ഷണംപോലും ആരോഗ്യപ്രവർത്തകരാണ് എത്തിക്കുന്നത്. ഓൺലൈൻ പർച്ചേസ് വഴിയെത്തുന്ന സാധനങ്ങൾ അപ്പാർട്ട്മെന്റിലെ പൊതു ഇടത്ത് ഏൽപ്പിക്കണം. അവിടെനിന്ന് ആരോഗ്യപ്രവർത്തകർ എത്തിക്കും.

sudheer
സുധീര്‍ ചൈനയിലെ അപ്പാര്‍ട്ട്മെന്റില്‍
 

ചൈന വീണ്ടും സജീവമാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറികൾപോലും പ്രവർത്തിച്ചുതുടങ്ങി. മാളുകളും മറ്റു മാർക്കറ്റുകളും തുറന്നു. സ്കൂളുകളും സർവകലാശാലകളും തുറന്നിട്ടില്ല. തിയേറ്ററും ബാറും അടഞ്ഞുതന്നെ- സുധീർ പറയുന്നു.

നിരീക്ഷണം, അതിജീവനം

  • ചൈനയിൽ വിമാനമിറങ്ങുന്ന നിമിഷംമുതൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്. ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് പച്ചയും അല്ലാത്തവർക്ക് ചുവപ്പും ടാഗും നൽകും.
  • അവസാനത്തേത് ആപ് ഉപയോഗിച്ചുള്ള രജിസ്ട്രേഷനാണ്. ഈ 14 ദിവസവും ശരീര ഊഷ്മാവും മറ്റ് ശാരീരിക അവസ്ഥകളും രേഖപ്പെടുത്താനായി നമ്മുടെ വിവരങ്ങൾ രജിസ്റ്റർചെയ്ത ആപ്പാണിത്. എല്ലാദിവസവും ശരീരഊഷ്മാവ് അളന്ന് ആപ്പിൽ രജിസ്റ്റർചെയ്യണം. ഇതിനായി സൗജന്യ തെർമോമീറ്ററും നൽകും.

Content Highlight: CoronaVirus isolation experience