വാക്‌സിനേഷനും ആന്റിബയോട്ടിക്കുകളും ഇല്ലാതിരുന്ന പഴയ രോഗസംക്രമണ കാലത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കോവിഡ്-19 എത്തിയിരിക്കുന്നു. രോഗത്തിന് കാരണമാകുന്ന സൂക്ഷ്മജീവികളെ മൈക്രോസ്‌കോപ്പിലൂടെ നേരിട്ട് കാണുന്നതിനും എത്രയോ മുന്‍പ്,  അനുഭവങ്ങളെയും യുക്തിയെയും അടിസ്ഥാനമാക്കി മനുഷ്യര്‍ കണ്ടെത്തിയ രോഗപ്രതിരോധ മാര്‍ഗങ്ങളായിരുന്ന ഐസൊലേഷ'നും (isolation), 'ക്വാറന്റൈ'നും (Quarantine), കൈകഴുകലു (Hand Washing) മൊക്കെ വീണ്ടും രക്ഷാകവചങ്ങളായി തിരിച്ചുവരുന്നു.

പക്ഷേ പഴയ കാലത്തെപ്പോലെയല്ല നാം ഇന്നവയെ ഉപയോഗിക്കുന്നത്. ആധുനിക രോഗാണു ശാസ്ത്രത്തിലെയും, എപ്പിഡെമിയോളജിയിലെയും അറിവുകള്‍ ഉപയോഗിച്ച് ഈ സങ്കേതങ്ങളെ കൃത്യതയോടെ നമുക്ക് ഇന്ന് പ്രയോഗിക്കാന്‍ കഴിയും. രോഗാണുവിന്റെ തീവ്രതയും പകര്‍ച്ചരീതികളും ശരീരത്തിനകത്തും പുറത്തുമുള്ള അതിന്റെ പെരുമാറ്റവും അതിവേഗം നമുക്ക് ഇപ്പോള്‍ മനസ്സിലാകാന്‍ കഴിയും. മനുഷ്യശരീരത്തിന്റെ സൂക്ഷ്മഘടനയെക്കുറിച്ചുള്ള അവഗാഹം പുതിയ വൈറസിനെതിരായ സമരത്തില്‍ നമുക്ക് പരിധിയില്ലാത്ത കരുത്ത് നല്‍കുന്നു. അതിനാല്‍ വാക്‌സിന്റെ അഭാവവും യുക്തമായ ഒരു ആന്റി-വൈറല്‍ ഔഷധം ലഭ്യമല്ലാത്തതും പഴയ കാലത്തെപ്പോലെ അത്യന്തം പ്രതീക്ഷയറ്റ ഒരവസ്ഥയിലേക്ക് നമ്മെ തള്ളിയിടുന്നില്ല. കരുത്തുറ്റ വൈദ്യവിജ്ഞാനവും ഉയര്‍ന്ന സാങ്കേതിക ജ്ഞാനവും ചികിത്‌സാസംവിധാനവും ഇന്ന് നമുക്കുണ്ട്. പക്ഷേ അവയ്ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ രോഗപ്രതിരോധം ശക്തമാകണം. കൊറോണയുടെ കാര്യത്തില്‍ പഴയ രക്ഷാകവചങ്ങളെ പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിനുക്കിയെടുക്കേണ്ടി വരും. അവയുമേന്തി ഡോക്ടര്‍മാരും നഴ്‌സുമാരും ചികിത്സയിലേയ്ക്കും പരിചരണത്തിലേയ്ക്കും പോകുമ്പോള്‍, സമൂഹം ഒന്നടങ്കം രോഗപ്രതിരോധം ഏറ്റെടുക്കണം.  

കൊറോണയുടെ കാര്യത്തില്‍ സമൂഹം ഒറ്റക്കെട്ടായി ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. 

1. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗാണുവിന് സഞ്ചരിക്കാന്‍ തടസ്സം ഉണ്ടാക്കും വിധം പരസ്പരം ഓരോരുത്തരും അകലം പാലിക്കുക. 

ഈ അകലം മനുഷ്യര്‍ തമ്മില്‍ ഉണ്ടാകേണ്ട അകലമല്ല. രോഗാണുവില്‍ നിന്ന് മനുഷ്യര്‍ സ്വീകരിക്കേണ്ട അകലമാണ്. രോഗാണുവിന് ഒരു വ്യക്തിയില്‍ നിന്ന് മറ്റോരു വ്യക്തിയിലേക്ക് സഞ്ചരിച്ചെത്താന്‍ കഴിയുന്ന ദൂരമാണ്. ആ പരിധിക്ക് വെളിയില്‍ നില്‍ക്കുക എന്നതാണ് പ്രാഥമികമായ പ്രതിരോധം. 

അതുകൊണ്ട്, കൊറോണയുടെ കാലത്ത്  കാമുകനായ ഒരു ബഷീര്‍ തന്റെ കാമുകിയോട് പറയുന്നതിങ്ങനെയാവും. 

''പ്രിയമുള്ളവളെ, നിന്നെ ഞാന്‍ അഗാധമായി സ്‌നേഹിക്കുന്നതിനാല്‍ എന്നില്‍ നിന്നും നീ ഒരു മീറ്റര്‍ അകലം പാലിക്കുക. 
കാമുകി: പ്രാണനാഥാ, ഞാനും അങ്ങയെ അത്യഗാധമായി പ്രണയിക്കുന്നതിനാല്‍ കൂട്ടുകാരികള്‍ക്കൊപ്പം ചുറ്റിക്കറക്കങ്ങള്‍ മതിയാക്കി വീട്ടിലിരിക്കുന്നു. 
ബഷീര്‍: മതിലിന് മുകളില്‍ പതിവ് പോലെ എന്റെ ഹൃദയപുഷ്പം വെച്ചിട്ടുണ്ട്. വെറുതെ കണ്ടാല്‍ മതി. കൈകൊണ്ട് തൊടരുത്. തൊട്ടാല്‍ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണം. 
കാമുകി: എന്റെ പ്രേമസാഗരമേ, അകലുന്തോറും നമ്മള്‍ ഒന്നാവുകയാണ്. 
ബഷീര്‍: എനിക്ക് കരയാന്‍ തോന്നുന്നു. 
കാമുകി: എനിക്കും.

സ്‌നേഹം കൂടുതലുള്ളതുകൊണ്ടാണ് ബഷീര്‍ തന്റെ പ്രിയതമയോട് അകന്നു നില്‍ക്കാന്‍ പറയുന്നത്.  മനുഷ്യരുടെ സ്‌നേഹത്തിനുള്ളിലൂടെ നുഴഞ്ഞുകയറാന്‍ പഠിച്ച വൈറസാണ് കൊറോണയെന്ന് ബഷീറിനറിയാം. അതുകൊണ്ട് മനസ്സും മനസ്സും കൂട്ടിയിണക്കുകയും ശരീരങ്ങളെ മതിലിനപ്പുറവും ഇപ്പുറവുമായി നിറുത്തി വൈറസ്സിന്റെ വഴിയടയ്ക്കുകയും ചെയ്യുകയാണ് കമിതാക്കള്‍.  

2. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് സമയം കൈകള്‍ കഴുകുക 

എന്തിന് കൈകഴുകണം? നിസ്സാരമാണ് കാര്യം. നമ്മുടെ ശരീരത്തിലെ സ്വതന്ത്ര പൗരന്മാരാണ് കൈകള്‍. അവ നമ്മുടെ നിയന്ത്രണത്തിലാണെങ്കിലും കണ്ണുവെട്ടിച്ച് എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് നമുക്ക് മുന്‍കൂട്ടി കാണാനാവില്ല. ഒരു ദിവസം ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം. ഒട്ടും അടങ്ങിയിരിക്കാത്ത കുസൃതിക്കുട്ടികളെ പോലെയാണവ. നമ്മള്‍ അറിയാതെ അടുത്തു നില്‍ക്കുന്നയാളിന്റെ മുതുകിലേയ്ക്ക് ചെന്ന് തോണ്ടും. സ്വന്തം ശരീരത്തിലെ മൂക്കിനുള്ളില്‍ കൈ കടത്തും. കറക്കും. കണ്ണില്‍ ചൊറിയും. മേശയിലും കസേരയിലും കൈയ്യും കുത്തി നില്‍ക്കും. നമ്മുടെ ശരീരത്തില്‍ നിന്ന് ചുറ്റുപാടിലേക്ക് നീണ്ടുകിടക്കുന്ന പാലമാണ് കൈകള്‍. പക്ഷേ ചിലപ്പോള്‍ രോഗാണുക്കള്‍ ഈ പാലം കയറിവരും. കൈകള്‍ ഉണ്ടാവുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് അപ്പോഴാണ് നാം ഓര്‍ക്കുന്നത്. 

ലോകത്ത് തുമ്മലും ചുമയും നിലനില്‍ക്കുന്നിടത്തോളം ആരുടേയും കൈകള്‍ പരിശുദ്ധമാണെന്ന് നാം കരുതരുത്. മനുഷ്യര്‍ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നതിന് കാരണം ഈ ലോകത്ത് സ്ഥിതിചെയ്യുന്ന സൂക്ഷ്മ ജീവികള്‍ ശ്വാസക്കുഴലുകളിലൂടെ നമ്മുടെ ശരീരത്തിനുള്ളില്‍ കയറുന്നതുകൊണ്ടാണ്. അവ രക്തത്തില്‍ പ്രവേശിച്ച് വളര്‍ന്നു പെരുകി നമ്മുടെ ശരീരത്തിലെ സ്രവങ്ങളില്‍ എത്തും. കഫത്തില്‍ കലരും. നാം ചുമയ്ക്കുകയും തുമ്മുകയും മൂക്ക് ചീറ്റുകയും ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് തെറിക്കുന്ന കഫ കണികകളിലൂടെ ചുറ്റുപാടും തെറിക്കും. ഏതാണ്ട് ഒരു മീറ്റര്‍ അകലം വരെ. ഈ ഒരു മീറ്ററിനുള്ളില്‍ എന്തൊക്കെയാണോ സ്ഥിതിചെയ്യുന്നത് അവിടെയൊക്കെ രോഗാണുക്കള്‍ പതിക്കും. അത് മനുഷ്യരാവാം. സ്ഥാവരജംഗമവസ്തുക്കളാവാം. കഫകണികകള്‍ മനുഷ്യരുടെ മേല്‍ വീഴുകയാണെങ്കില്‍ നേരെ അവരുടെ ശ്വാസകോശങ്ങളിലേക്ക് പോവും. ഏതെങ്കിലും വസ്തുക്കളുടെ മീതെ വീഴുകയാണെങ്കില്‍ അതിന്‍ മേല്‍ സ്പര്‍ശിക്കുന്ന മനുഷ്യരുടെ കൈകളിലൂടെ മറ്റുള്ളവരുടെ ശരീരത്തില്‍ പ്രവേശിക്കും. 

ഉദാഹരണമായി, ചുമയും പനിയുമുള്ള ഒരാള്‍ പത്രം വായിക്കാനായി വായനശാലയില്‍ പോയെന്ന് കരുതുക. അയാള്‍ അര മണിക്കൂര്‍ അവിടെ ചെലവഴിക്കുന്നു. അതിനിടയില്‍ 10 പ്രാവശ്യം ചുമയ്ക്കുകയും 15 പ്രാവശ്യം തുമ്മുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും അയാള്‍ പുറത്തേക്ക് വമിപ്പിക്കുന്ന കഫ/സ്രവ കണികകള്‍ അയാളുടെ മുന്നില്‍ ഒരു മീറ്റര്‍ പരിധിയില്‍ തെറിച്ചു വീഴുന്നതായി കരുതുക. ഈ കണികകളില്‍ കോടാനുകോടി വൈറസുകള്‍ ഉണ്ടായിരിക്കും. അയാള്‍ വായനശാല വിട്ടുപോയാലും അവ കഫകണികകളില്‍ ജീവനോടെ നിലനില്‍ക്കും. അയാള്‍ ഇരുന്ന കസേര, അയാളുടെ മുന്നില്‍ ഉണ്ടായിരുന്ന മേശ, കടലാസ്, ഡെസ്‌ക് എന്നിവയിലൊക്കെ മറ്റൊരാളിലേക്ക് പകരാന്‍ പാകത്തില്‍ അവയുണ്ടാവും. എത്ര നേരം അവ കാത്തിരിക്കും? സ്റ്റീല്‍ കസേരയിലും സ്റ്റീല്‍ മേശകളിലും 10 മുതല്‍  12 മണിക്കൂര്‍ വരെ. ചിലപ്പോള്‍ ഒരു ദിവസം മുഴുവനും. തടി മേശകളില്‍ ആറു മണിക്കൂറോളം. അതായത്, രാവിലെ 10.30 ന് ചുമയും തുമ്മലും കഴിഞ്ഞ് സ്ഥലംവിട്ട ആ മനുഷ്യന്‍ ഇരുന്ന കസേരയില്‍, ഉച്ചതിരിഞ്ഞ് 3.30 ന് നാം ചെന്നിരിക്കുന്നു എന്ന് കരുതുക. നേരത്തെ പോയ മനുഷ്യന്റെ  മുന്നിലുണ്ടായിരുന്ന മേശപ്പുറത്ത് ഇപ്പോള്‍ കൈകള്‍ കയറ്റിവെച്ച് നാം വായിക്കുകയാണ്. അയാളെക്കുറിച്ച്  നമുക്ക് അറിവൊന്നുമില്ല. പക്ഷേ അഞ്ചു മണിക്കൂറിന് മുന്നേ അയാളുടെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വന്ന കൊറോണ രോഗാണുക്കള്‍ അവിടെ ജീവനോടെ ഇരിപ്പുണ്ട്. അവ നമ്മുടെ കൈകളില്‍ കയറിക്കൂടും. വായനയ്ക്കിടയില്‍ അനുസരണയില്ലാത്ത നമ്മുടെ കൈകള്‍ നാം പോലുമറിയാതെ നമ്മുടെ മൂക്കിനുള്ളില്‍ കയറിക്കറങ്ങും. കണ്ണില്‍ ഉഴവും. അതാ, അജ്ഞാതനായ രോഗിയില്‍ നിന്നുള്ള ആ  രോഗാണുക്കള്‍ നമ്മുടെ ശീരീരത്തില്‍ കയറിക്കഴിഞ്ഞിരിക്കുന്നു! വായനശാലയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു പരിചയക്കാരന് നാം ഹസ്തദാനം നല്‍കുക കൂടി ചെയ്തു. നമ്മുടെ കൈയ്യില്‍നിന്ന് രോഗാണു ഒരു പാപവും ചെയ്യാത്ത ആ മനുഷ്യന്റെ ശരീരത്തിലുമെത്തി! 

രാവിലെ 10.30 ന് വായനശാലയില്‍ നിന്ന് പോയ മനുഷ്യര്‍ അപ്പോള്‍ ടൗണില്‍ ചുറ്റിത്തിരിയുകയായിരുന്നു. അയാളില്‍ നിന്ന് നൂറോളം പേരുടെ ശരീരത്തിലേക്ക് രോഗാണു ഇപ്പോള്‍ കയറിക്കഴിഞ്ഞു. വായനശാലയില്‍ നിന്നയാള്‍ പലചരക്ക് കടയിലേക്ക് പോയി. പിന്നെ റോഡരികിലെ തിരക്കുള്ള കോഫീഷോപ്പില്‍ നിന്ന് ചായകുടിച്ചു. ബസ്സില്‍ കയറി റെയിവേ സ്റ്റേഷനില്‍ എത്തി. റിസര്‍വേഷന്‍ കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തു. അയാളില്‍ നിന്ന് ചുറ്റുമുണ്ടായിരുന്നവരിലേക്ക് രോഗാണു നേരിട്ട് കടന്നു എന്ന് മാത്രമല്ല, അയാളുടെ കഫത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച വൈറസ് കൈവരികളിലും ബസ്സിന്റെ സീറ്റിലും കോഫീഷോപ്പിന്റെ തട്ടുകളിലും ടിക്കറ്റ് കൗണ്ടറിലെ പലകകളിലും മണിക്കൂറുകളോളം പറ്റിച്ചേര്‍ന്നിരുന്ന് മറ്റുള്ളവരിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയും  ചെയ്യും. 

ഇത് എങ്ങനെ തടയും? 

ചുമയും പനിയുമുള്ളവര്‍ വീട്ടില്‍ തന്നെയിരിക്കണം. അവര്‍ പൊതുസ്ഥലത്തേക്ക് വരരുത്. ഹെല്‍പ്പ്‌ലൈന്‍ വഴി വൈദ്യസഹായം തേടുക. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പോകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കഫം പുറത്തേക്ക് തെറിക്കാതിരിക്കാന്‍ മാസ്‌ക്/തൂവാല ഉപയോഗിക്കുക. മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക. കുട്ടികളുടെയും പ്രായമായവരുടെയും അടുത്ത് പോകാതിരിക്കുക 

രണ്ടാമത് 3.30 ന് വായനശാലയില്‍ പോയ വ്യക്തി എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? വായനശാലയില്‍ നിന്ന് ഇറങ്ങുന്നതിന് മുന്നേ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ വേണം. അതിന് മുന്നേ കൈകള്‍ സ്വന്തം മുഖത്തേക്ക് കൊണ്ടുവരരുത്.  ഹസ്തദാനം പൂര്‍ണ്ണമായും ഒഴിവാക്കണം. 

ലൈബ്രേറിയന്‍ എന്താണ് ചെയ്യേണ്ടത്? സന്ദര്‍ശകര്‍ക്ക് കൈ കഴുകാനുള്ള സോപ്പും വെള്ളവും കൊടുക്കുക. സന്ദര്‍ശകര്‍ വരുമ്പോഴും പോകുമ്പോഴും കൈകള്‍ അണുവിമുക്തമാക്കാനുള്ള ലായനി നല്‍കുക. വായനശാലയിലെ കസേരകളും മേശയും ഭിത്തിയും പ്രതലങ്ങളും ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് തുടയ്ക്കുക. 
  
മുകളില്‍ പറഞ്ഞ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍- പരസ്പരം അകലം പാലിക്കുന്നതും, കൈ കഴുകുന്നതും നമ്മുടെ ശീലങ്ങളാക്കി മാറ്റുക എന്നതാണ് വേണ്ടത്. കൊറോണയെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഭാവിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള മറ്റു പകര്‍ച്ചവ്യാധികള്‍ക്കും ഇവ ആവശ്യം വരും. 

ഈ രണ്ട് കാര്യങ്ങള്‍ സമൂഹത്തിന് ഒന്നാകെ ചെയ്യാന്‍ കഴിഞ്ഞാല്‍ രോഗസംക്രമണത്തിന്റെ നിരക്കിനെ വലിയ തോതില്‍ നമുക്ക് കുറയ്ക്കാന്‍ കഴിയും. ആ അര്‍ഥത്തില്‍ കൊറോണയ്‌ക്കെതിരെ നാം പ്രയോഗിക്കേണ്ടത് സാമൂഹികമായ ഒരു പ്രതിരോധമാണ്. പുതിയ രണ്ട് പെരുമാറ്റങ്ങള്‍ നമ്മുടെ ആരോഗ്യശീലങ്ങളാക്കി മാറ്റിക്കൊണ്ടുള്ള ഒരു പ്രതിരോധം. ഇതൊരു പുതിയ ആരോഗ്യ പരിശീലനം കൂടിയാണ്. ഒരു പക്ഷേ ഇവ ഇത് ദീര്‍ഘനാള്‍ തുടരേണ്ട ഒരു പെരുമാറ്റ രീതിയുമായിത്തീരാം. 

രോഗസംക്രമണത്തെ തടയുന്ന വിധത്തില്‍ സാമൂഹികമായ അകലം പരസ്പരം പാലിക്കുന്നതും വ്യക്തി ശുചിത്വം സൂക്ഷിക്കുന്നതും പ്രയോഗത്തില്‍ വരുത്തുക അത്ര എളുപ്പമുള്ള പണിയല്ല എന്ന് നാം ആദ്യം തന്നെ തിരിച്ചറിയണം. ഇന്ത്യയിലെ ആദ്യത്തെ ജനകീയ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ എന്ന് വിളിക്കാവുന്ന ഗാന്ധിജി തന്റെ ജീവിതം മുഴുവന്‍ ശുചിത്വത്തെക്കുറിച്ച് സംസാരിക്കുകയും അതിനനുസരിച്ച് ജീവിച്ചു കാണിക്കുകയും ചെയ്തത് നമ്മള്‍ ഓര്‍ക്കുമല്ലോ. രോഗപ്രതിരോധം സമൂഹം പരിശീലിച്ചു സ്വായത്തമാക്കേണ്ട ഒരു അതിജീവന ജീവിതതത്വമാണ്. പ്രതിരോധത്തിന്റെ ഈ വഴി സമൂഹം ഒന്നിച്ച് ഏറ്റെടുക്കുകയാണെങ്കില്‍  ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സയിലും രോഗപരിചരണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫലപ്രദമായി രോഗശമനം കണ്ടെത്താനും കഴിയും. അത് നമ്മുടെ ആശുപത്രികളെയും ആരോഗ്യസംവിധാനത്തെയും കൂടുതല്‍ ശക്തിപ്പെടുത്തും. മറിച്ചായാല്‍ അവ ദുര്‍ബ്ബലമാവുകയും രോഗസംക്രമണത്തിന്റെ ഭാരത്താല്‍ തളര്‍ന്നു വീഴുകയും ചെയ്യും. 

ചുരുക്കത്തില്‍, ദൃഡമായ സാമൂഹിക പ്രതിരോധവും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്താല്‍ സമ്പുഷ്ടമായ ആരോഗ്യസംവിധാനവും കോവിഡ്-19 നെ നേരിടാന്‍ നമുക്ക് ആവശ്യമാണ്. അത് ഒരേസമയം ശാസ്ത്രവും ദര്‍ശനവുമാണ്.

Content Highlights: CoronaVirus Dr G R Santhoshkumar writes