ലോകവ്യാപകമായി കോവിഡ്-19 പടര്‍ന്നുപിടിക്കുകയാണ്. മരണസംഖ്യ 24,000 പിന്നിട്ടു. ഓരോ മണിക്കൂറിലും മരണനിരക്ക് ഉയരുകയാണ്. കോവിഡ്-19 നെ മഹാമാരിയായി ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചു കഴിഞ്ഞു. ചൈനയില്‍ നിന്ന് തുടങ്ങിയ വൈറസ് ഇന്ന് ഏറ്റവും നാശം വിതയ്ക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമാണ്. കോവിഡ് 19 ന്റെ എപ്പിസെന്ററായി യു.എസ്.എ. മാറുകയാണെന്ന് ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചിരിക്കുകയാണ്. 

കോവിഡ്-19 കാലത്തെ ജീവിതത്തെക്കുറിച്ച്‌  യു.എസ്.എയിലെ നോര്‍ത്ത് കരോലിനയില്‍ താമസമാക്കിയ വയനാട് മീനങ്ങാടി സ്വദേശിനി സ്‌നേഹ കുര്യന്‍ സംസാരിക്കുന്നു. 

ഞാനും ഭര്‍ത്താവ് ലിയോയും മൂന്നു വര്‍ഷമായി നോര്‍ത്ത് കരോലിനയില്‍ താമസിക്കുന്നു. അഞ്ചു വയസ്സുള്ള മകനും മൂന്നു വയസ്സുള്ള മകളുമാണ് ഒപ്പമുള്ളത്. ഭര്‍ത്താവിന് ഐ.ടി. സെക്ടറിലാണ് ജോലി. 

ഈ പ്രദേശത്ത്‌ ഇപ്പോള്‍ അഞ്ഞൂറിലധികം പേര്‍ക്ക് കോവിഡ്-19 ബാധിച്ചതായാണ് അറിയാനായത്. രണ്ട് മരണങ്ങളും ഉണ്ടായിട്ടുണ്ട്. യു.എസ്.എയുടെ പല ഭാഗങ്ങളിലും കോവിഡ്-19 പിടിമുറുക്കുകയാണെന്ന് അറിയുമ്പോള്‍ ചെറിയ പേടിയുണ്ട്. ഇവിടെ അത്ര പ്രശ്‌നമായിട്ടില്ല എന്നതാണ് ആശ്വാസം.

ലിയോ ജോലി ചെയ്യുന്ന ഓഫീസിലാണ് ഇവിടെ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ ഓഫീസിലെ എല്ലാവര്‍ക്കും കോവിഡ്-19 ടെസ്റ്റുകള്‍ നടത്തി. രോഗമില്ലെന്ന് ഉറപ്പാക്കി. ഓഫീസ് അടച്ചു. പിന്നെ എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ആയി. ഇപ്പോള്‍ രണ്ടാഴ്ചയായി വീട്ടിലിരുന്നാണ് ആള്‍ ജോലി ചെയ്യുന്നത്. ഇവിടെ സാധാരണമായി ഫ്‌ളൂ സ്‌പ്രെഡ് ചെയ്യുന്ന സമയമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍. അത് അങ്ങനെ വലിയ പ്രശ്‌നമാകാറില്ല.

usa
നോര്‍ത്ത് കരോലിന മോറിസ്‌വില്ലെയിലെ ആളൊഴിഞ്ഞ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ്‌

കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇവിടെ സ്‌ക്കൂളുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ എല്ലാം അടച്ചു. സ്‌ക്കൂളുകള്‍ എല്ലാം പൂട്ടിയതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നടത്തുന്നത്. പൊതു ഇടങ്ങളില്‍ അധികമൊന്നും ആരും പോകുന്നില്ല. എന്നാലും പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങളൊന്നുമില്ല. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാനുള്ള ഷോപ്പുകള്‍ ഒക്കെ തുറന്നിട്ടുണ്ട്. അമേരിക്കന്‍ സ്റ്റോറുകളില്‍ ഒക്കെ ആളുകള്‍ വളരെ കുറവാണ്. സാധനങ്ങളും. എന്നാല്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ നമ്മുടെ നാട്ടുകാരുടെ തിരക്കാണ്. ഇന്ത്യയിലെ പോലെ തന്നെ. അതിനാല്‍ തന്നെ നല്ല ക്യൂവും ഉണ്ടും. പ്രശ്‌നമെന്തെങ്കിലും വന്നാലോ എന്നു കരുതി കുറേയധികം സാധനങ്ങളൊക്കെ വാങ്ങിവെക്കുന്നതാണല്ലോ നമ്മുടെ രീതി. 

usa
നോര്‍ത്ത് കരോലിന മോറിസ്‌വില്ലെയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ച

സാധനങ്ങള്‍ പഴയ പോലെ ഇഷ്ടം പോലെ ലഭിക്കുന്നില്ല എന്നൊരു പ്രശ്‌നമുണ്ട്. കുടിവെള്ളമൊക്കെ കാന്‍ കണക്കില്‍ വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. മുമ്പൊക്കെ എത്ര കാന്‍ വെള്ളമെങ്കിലും കിട്ടുമായിരുന്നു. ഇപ്പോള്‍ ഒരാള്‍ക്ക് ഒരു കാന്‍ എന്ന രീതിയിലാണ് ലഭിക്കുന്നത്. സാധനങ്ങള്‍ ഒക്കെ അങ്ങനെ തന്നെ. ഉരുളക്കിഴങ്ങും ഉള്ളിയുമൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാലും വലിയ തോതില്‍ ബുദ്ധിമുട്ട് വന്നുതുടങ്ങിയിട്ടില്ല.

ചികിത്സയ്ക്ക് ഇവിടെ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. കോവിഡ്-19 ചികിത്സ ഇപ്പോള്‍ ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതിനായി ചെറിയ ഒരു തുക ഇന്‍ഷുറന്‍സ് പ്ലാനിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ മതി. 

സാമൂഹിക അകലം പാലിക്കല്‍ (സോഷ്യല്‍ ഡിസ്റ്റന്‍സിങ്) എല്ലാവരും ഇവിടെ പാലിക്കുന്നുണ്ട്. നമ്മളെപ്പോലെ നല്ല ക്ലോസ് ആയി ഇടപഴകുന്നവരല്ല ഇവിടത്തുകാര്‍. അമേരിക്കക്കാര്‍ പൊതുവേ അങ്ങനെയാണ്. എല്ലാവരോടും കൃത്യമായ അകലം പാലിക്കുകയെന്നത് അവരുടെ ഒരു ശീലമാണ്. ഇപ്പോള്‍ ആ അകലം ഒന്നു കൂടി കൂടി. നമ്മള്‍ തുമ്മുകയോ ചുമയ്ക്കുകയോ ഒക്കെ ചെയ്താല്‍ അവരൊക്കെ അല്‍പം പേടിയോടെയാണ് ഇപ്പോള്‍ നോക്കുന്നത്. 

രോഗം വന്നാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഇവിടെ എല്ലാവര്‍ക്കും ധാരണയുണ്ട്. ആ രീതിയില്‍ തന്നെയാണ് എല്ലാവരും ഇവിടെ പെരുമാറുന്നത്.  മലയാളികളുടെയും ഇന്ത്യാക്കാരുടെയും വാട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ കൂടി രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ബോധവത്ക്കരണങ്ങളും കൃത്യമായി വരുന്നുണ്ട്. ഇതുവരെ മലയാളികളാരും രോഗബാധിതരായി അറിഞ്ഞിട്ടില്ല. 

നമ്മുടെ നാട്ടിലേതു പോലെയുള്ള ഒരു കുടുംബ സംവിധാനമല്ല ഇവിടെ. പ്രായമായ ആളുകള്‍ മിക്കവാറും ഒറ്റയ്ക്കാണ് താമസം. സാധാരണയായി അത്യാഹിതമോ ആശുപത്രി ആവശ്യമോ വേണ്ടിവന്നാല്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ചാല്‍ ഉടന്‍ പോലീസ്, ആംബുലന്‍സ് സര്‍വീസുകള്‍ ലഭ്യമാണ്. ആശുപത്രിയില്‍ പോകാനൊക്കെ ഇങ്ങനെയാണ് ചെയ്യേണ്ടത്. ഇതാണ് ഇവിടുത്തെ രീതി. അതുകൊണ്ട് വലിയ ടെന്‍ഷന്‍ ഇല്ല. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇത് വളരെ ഫലപ്രദമാണ്‌

താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ അറ്റകുറ്റപ്പണികള്‍ക്ക് ഇപ്പോള്‍ ആരെയും ലഭ്യമാകില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെയുള്ള ചെറിയ ചില പ്രശ്‌നങ്ങളെ ഇപ്പോള്‍ ഉള്ളൂ.  

ഇവിടെ പൊതുഗതാഗത സംവിധാനമല്ല സ്വന്തം കാറുകളെ ആശ്രയിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് അത്തരത്തിലൊരു രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. 

എന്തായാലും ഞങ്ങള്‍ കുടുംബത്തോടെ വീടിനകത്തു തന്നെ കഴിയുകയാണ്. ക്വാറന്റൈന്‍ പോലെ തന്നെ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങുന്നുള്ളൂ. അതാണല്ലോ രോഗവ്യാപനം തടയാന്‍ വേണ്ടത്.

Content Highlights: CoronaVirus Covid 19 USA resident Malayalee shares her experience