കോവിഡ്-19 നെക്കുറിച്ച് ആശങ്ക കൂടിവരുന്ന വാര്‍ത്തകളാണ്‌ ലോകമെമ്പാടു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ വീട്ടുതടങ്കലിലെന്ന പോലെ നിരീക്ഷണത്തില്‍ കഴിയുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടാലോയെന്ന് ഭയന്ന് നിരവധി ആളുകള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സൂക്ഷിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് കോവിഡ്-19 സുഖപ്പെട്ട ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. യു.എസ്.എയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട സീറ്റില്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 37 കാരി എലിസബത്ത് സ്‌നെയ്ഡറാണ് തന്റെ അനുഭവം പങ്കുവെക്കുന്നത്. 

ഒരു വീട്ടില്‍ നടന്ന ചെറിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് എലിസബത്തിന് രോഗബാധയുണ്ടായത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും അതില്‍ ആര്‍ക്കും തന്നെ പനിയോ ചുമയോ പോലുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്ത നാല്‍പത് ശതമാനം ആളുകള്‍ക്കും രോഗബാധയുണ്ടായി. 

തലവേദനയാണ് രോഗലക്ഷണങ്ങളില്‍ ആദ്യം കണ്ടത്. അത് ആദ്യത്തെ മൂന്നു ദിവസത്തോളം നീണ്ടുനിന്നു. ഒപ്പം ശരീരത്തില്‍ ശക്തമായ വേദന, സന്ധിവേദന, കടുത്ത ക്ഷീണം എന്നിവയും ഉണ്ടായി. 103 ഡിഗ്രി ഫാരന്‍ഹീറ്റ് പനിയും ഓക്കാനവും ഒരു ദിവസം ഉണ്ടായി. 

ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഫ്‌ളൂവിനുള്ള മരുന്ന് വാങ്ങിക്കഴിച്ചു. ഇതിനെത്തുടര്‍ന്ന് പനി കുറഞ്ഞെങ്കിലും മറ്റ് ലക്ഷണങ്ങള്‍ തുടര്‍ന്നു. അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ബാക്കി എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടിരുന്നു. ചിലര്‍ക്ക് വയറിളക്കം, വരണ്ട ചുമ, നെഞ്ചില്‍ തടസ്സം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയുമുണ്ടായി. പിന്നീട് പോയി പരിശോധനകള്‍ നടത്തിയപ്പോഴാണ് കോവിഡ്-19 ബാധിച്ചതാണെന്ന് കണ്ടെത്തിയത്. 

ഇതിനെത്തുടര്‍ന്ന് സ്വന്തം നിലയില്‍ വീട്ടില്‍ ഐസൊലേഷന്‍ സ്വീകരിച്ചു. കഠിനമായ ജോലികളും ആള്‍ക്കൂട്ടവുമായുള്ള സമ്പര്‍ക്കവുമെല്ലാം ഒഴിവാക്കി. എലിസബത്ത് പറയുന്നത് ഇതാണ്. '' ആരും ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് രോഗമുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും പരിശോധനകള്‍ നടത്തണം. നിങ്ങള്‍ക്ക് കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ജീവനെടുക്കുന്ന തരത്തില്‍ ഗുരുതരമല്ലെങ്കില്‍ നിങ്ങള്‍ വീട്ടില്‍ സ്വയം ഐസൊലേറ്റ് ചെയ്യുക. മരുന്നുകള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, നല്ലവണ്ണം വിശ്രമിക്കുക''. - എലിസബത്ത് സ്‌നെയ്ഡര്‍ പറയുന്നു. 

ശ്രദ്ധിക്കേണ്ടത്

കോവിഡ്-19 ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ഡോക്ടറുടെ സേവനം തേടണം. പരിശോധനകള്‍ നടത്തണം. രോഗം കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ സ്വീകരിച്ച് ചികിത്സ ആരംഭിക്കണം. ലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിച്ചും ആളുകളുമായുള്ള ഇടപഴകലുകളും അവസാനിപ്പിച്ചും ആരോഗ്യവകുപ്പ് അധികൃതരോട് സഹകരിക്കണം. കൃത്യമായ പരിചരണം വഴി ഇതുവഴി പതിനായിരക്കണക്കിന് ആളുകള്‍ രോഗവിമുക്തരായിട്ടുണ്ട്. നിങ്ങള്‍ ചികിത്സ സ്വീകരിക്കാനോ സ്വയം ഐസൊലേഷനില്‍ കഴിയാനോ തയ്യാറായില്ലെങ്കില്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്കു കൂടി രോഗം ബാധിക്കുമെന്ന് ഓര്‍ക്കുക. 

സഹായത്തിന് ദിശ നമ്പറില്‍ (1056) വിളിക്കാം. അവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുക.

Content Highlights: Corona Virus survivor story, Health, Corona Virus