സോള്‍/ബെയ്ജിങ്/റോം: കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയും ഇറ്റലിയും അതിജാഗ്രത പ്രഖ്യാപിച്ചു. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്‍ ഞായറാഴ്ച പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മടിക്കരുതെന്നും മുന്‍ ജെ ഇന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ദക്ഷിണകൊറിയയില്‍ ഇതുവരെ അറുനൂറിലേറെപ്പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുപേര്‍ മരിച്ചു. ഒമ്പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്.

ഇറ്റലിയില്‍ 79 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പത്തോളം നഗരങ്ങള്‍ ഇറ്റലി അടച്ചു. ഇവിടങ്ങളിലെ വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

ഇറാനില്‍ 43 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. എട്ടുപേര്‍ മരിച്ചു. രാജ്യത്തെ 14 പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പാകിസ്താനും അഫ്ഗാനിസ്താനും തുര്‍ക്കിയും ഇറാനുമായുള്ള അതിര്‍ത്തി താത്കാലികമായി അടച്ചു.

സിങ്കപ്പൂരില്‍ 89 പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നാല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജപ്പാന്‍ കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്കുകൂടി വൈറസ് ബാധ

ജപ്പാനിലുള്ള ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നാല് ഇന്ത്യക്കാര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ടോക്യോയിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച അറിയിച്ചു.

ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.

Content Highlights: Corona virus: South Korea and Italy declares highest alert