ചിത്രകാരനും കവിയുമായ അച്ഛന്‍ പ്രദുമ്മ താനയ്‌ക്കൊപ്പം ഒട്ടേറെത്തവണ കേരളത്തില്‍ വിരുന്നെത്തിയിട്ടുള്ള ഇറ്റാലിയന്‍ വനിത ആന്റോനെല്ല മലയാളികളോട് പറയുന്നു: 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നമ്മളൊന്നാണ്. കൊറോണ വൈറസിനെ തുരത്താന്‍ സര്‍ക്കാര്‍ തരുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുക'.

കൊറോണയുടെ ഏറ്റവും ഭയാനകഭാവത്തിനു സാക്ഷിയായി റോമിനു സമീപമുള്ള ലേക്ക് ഓഫ് ബ്രെച്ചാനോ എന്ന ചെറുനഗരത്തിലിരുന്നാണ് കേരളത്തോടുള്ള കരുതലും സ്‌നേഹവും അവര്‍ പങ്കിടുന്നത്; അതും ഇറ്റലിയില്‍ രോഗം മൂര്‍ച്ഛിച്ച് അനുദിനം നൂറുകണക്കിനുപേര്‍ മരണത്തിനു കീഴ്‌പ്പെടുമ്പോള്‍.

ഗുജറാത്തില്‍ ജനിച്ച അച്ഛന്‍ പ്രദുമ്മയ്‌ക്കൊപ്പം കേരളത്തിലെത്തി ഒട്ടേറെ സൗഹൃദങ്ങളുണ്ടാക്കിയിട്ടുണ്ട് ആന്റോനെല്ല. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുവെങ്കില്‍ കൃത്യമായി അച്ചടക്കംപാലിക്കാനും മിടുക്കുണ്ടെന്ന കാര്യം കലയുടെയും സംസ്‌കാരത്തിന്റെയും നാട്ടുകാര്‍ സ്വയം തിരിച്ചറിഞ്ഞുവെന്നാണ് ആന്റോനെല്ലയുടെ പക്ഷം. 'മാര്‍ച്ച് 11ന് രാജ്യം പൂര്‍ണമായി അടച്ചിട്ടതുമുതല്‍ വീട്ടിലിരിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നുമുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിച്ചുപോരുന്നു. മടുപ്പും ഏകാന്തതയും വിരസതയും അലട്ടിയേക്കാവുന്ന ഈയവസ്ഥയിലും സര്‍ഗധനരായ ഞങ്ങളുടെ ആളുകള്‍ ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യുന്നു. ഒരുകൂട്ടര്‍ വീടിന്റെ മട്ടുപ്പാവില്‍വന്ന് മധുരനാദത്തിന്റെ വിരുന്നൊരുക്കുന്നു. ആരെയും ഏകാന്തതയ്ക്കു വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് സംഗീതവും നൃത്തവും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കിടുകയാണു മറ്റുചിലര്‍. വൈകാരികനിമിഷങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ഞങ്ങളിവിടെ അനുഭവിക്കുന്നു. വേദനയും ആനന്ദവും ഒരേപോലെ. ഏതാനും മ്യൂസിയങ്ങളും സ്ഥാപനങ്ങളും 'ഓണ്‍ലൈന്‍ വിനോദസഞ്ചാര'ത്തിനും ഞങ്ങള്‍ക്കവസരം തരുന്നുണ്ട്. ഇങ്ങനെ നീളുന്നു ഏകാന്തതയുടെ രസങ്ങള്‍' അവര്‍ പറഞ്ഞു.

കേരളത്തിലെന്നപോലെ ആളുകള്‍ക്ക് സഹായവും ഭക്ഷണവും ആവശ്യസമയത്ത് എത്തിക്കാനുള്ള സന്നദ്ധസംഘടനകളും സര്‍ക്കാര്‍ സര്‍വീസുകളും ഇറ്റലിയിലും സജീവമാണ്. ഒപ്പം ഓണ്‍ലൈന്‍ സേവനങ്ങളും. പൂര്‍ണനിയന്ത്രണം ഇറ്റലിയില്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് ആന്റോനെല്ലയുടെ നിരീക്ഷണം. പോലീസും സൈന്യവും നഗരങ്ങളിലുടനീളം രാപകലില്ലാതെ റോന്തുചുറ്റുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കേസുകളേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൊറോണയെ ഗുരുതരമായി കാണാന്‍ വൈകിയെന്ന് ആന്റോനെല്ലയ്ക്ക് അഭിപ്രായമില്ല. കൊറോണ രൂക്ഷമായി ബാധിച്ച ചൈനയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കിയ യൂറോപ്പിലെ ആദ്യരാജ്യം ഇറ്റലിയാണെന്നും തുടക്കത്തില്‍ പലരും ഇതിനെ വിമര്‍ശിക്കുകപോലും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ തങ്ങളെയാണ് രോഗം ഇന്ന് ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്ന ദുഃഖവും അതോടൊപ്പം അവര്‍ പങ്കിട്ടു. 'കഴിഞ്ഞ ആഴ്ചയായിരുന്നു ഞങ്ങള്‍ക്കേറെ കടുപ്പം. അടുത്തയാഴ്ചയോടെ രോഗബാധ കുത്തനെ ഉയരുമെന്ന വിദഗ്ധനിരീക്ഷണങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും മുന്‍കരുതലെടുക്കുകയെന്നാണ് എനിക്കു പറയാനുള്ളത്. നമ്മളൊരു ലോകമാണ്'' ആന്റോനെല്ല പറഞ്ഞു.

Content Highlights: Corona Virus Prevention