കൊച്ചി: കൊറോണരോഗം ബാധിക്കുന്നതെങ്ങനെ? രോഗബാധ എങ്ങനെ തിരിച്ചറിയാം? എന്തൊക്കെ ചെയ്യാം? എന്തൊക്കെ പാടില്ല തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് മലയാളിയുടെ മനസ്സില്‍. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സമൂഹവുമായി ബന്ധമില്ലാതെ നിരീക്ഷണത്തിലിരിക്കണം. വിദേശത്തുനിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയശേഷം പനി, ചുമ, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം.

രോഗി പൊതുനിരത്തിലൂടെ നടന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് രോഗം പകരുമോ?

രോഗിയുമായി അടുത്ത് ഇടപഴകിയാല്‍മാത്രമേ രോഗബാധ ഉണ്ടാകൂ. രോഗബാധിതന്റെ ചുമ, തുമ്മല്‍ എന്നിവയിലൂടെ അന്തരീക്ഷത്തിലേക്കെത്തുന്ന സ്രവത്തില്‍നിന്നാണ് വൈറസ് പടരുന്നത്. ഇവ പലപ്രതലങ്ങളില്‍ വീണ് പറ്റിക്കിടക്കും. അതിലൂടെ മാത്രമേ രോഗം പകരൂ.

രോഗി തുമ്മിയാലോ ചുമച്ചാലോ എത്ര അടുത്ത് നില്‍ക്കുന്നവരെയാണ് ബാധിക്കുക?

ഒരു മീറ്റര്‍ ചുറ്റളവില്‍.

രോഗി തുമ്മുകയും തുടര്‍ന്ന് ആ കൈകൊണ്ട് എവിടെയെങ്കിലും പിടിച്ചാല്‍ എത്രനേരം ആ വൈറസ് അവിടെ നില്‍ക്കും?

ഓരോ പ്രതലത്തിനനുസരിച്ച് ആയിരിക്കും സ്രവകണികകളിലെ വൈറസിന്റെ ജീവന്‍ തീരുമാനിക്കുക. തെറിച്ചുവീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള വൈറസുകള്‍ ഏതാനും മണിക്കൂറുകള്‍മുതല്‍ ദിവസങ്ങള്‍വരെ പ്രതലത്തില്‍ ജീവിച്ചേക്കാം. ചെമ്പുപാത്രങ്ങളില്‍ നാലുമണിക്കൂറും കാര്‍ഡ് ബോര്‍ഡില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്, സ്റ്റീല്‍ പാത്രങ്ങളില്‍ മൂന്നുമുതല്‍ നാലുദിവസത്തോളവും വൈറസിന് അതിജീവിക്കാനാവും.

ഈ സമയത്തിനുള്ളില്‍ മറ്റൊരാള്‍ തൊട്ടാല്‍ അണുബാധയുണ്ടാകുമോ?

രോഗവാഹകനായ ഒരു വ്യക്തിയുടെ സ്രവങ്ങള്‍ കൈയില്‍ പറ്റിയാല്‍ ആ കൈകള്‍കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ രോഗം വരാന്‍ സാധ്യതയുണ്ട്. ഇവയില്‍നിന്നുള്ള പ്രതിവിധിയാണ് ഇടവിട്ടുള്ള കൈകഴുകല്‍.

രോഗിയുള്ള ബസിലെയോ തീവണ്ടിയിലെയോ യാത്രക്കാര്‍ക്ക് രോഗസാധ്യതയുണ്ടോ?

ബസിലോ തീവണ്ടിയിലോ രോഗബാധിതന്റെ അടുത്തിരിക്കുന്ന വ്യക്തിക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. രോഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം ഒഴിവാക്കുകയാണു വേണ്ടത്. കൈ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. സാനിറ്റൈസ് ചെയ്തശേഷം തുണിയോ ടിഷ്യുവോ ഉപയോഗിച്ച് തുടച്ചുകളയാന്‍ പാടില്ല.

രോഗിയിരുന്ന സീറ്റില്‍ പിന്നീടൊരാള്‍ ഇരുന്നാല്‍ രോഗസാധ്യതയുണ്ടോ?

വായുവിലൂടെ പടരുന്ന വൈറസ് അല്ലാത്തതിനാല്‍ ഒരു മീറ്ററിനപ്പുറമുള്ള വ്യക്തിക്ക് രോഗസാധ്യതയില്ല.

അത്തരമൊരാളുമായി പൊതു ഇടം പങ്കുവെച്ചുവെന്ന സംശയമുണ്ടെങ്കില്‍ ആരുമായി ബന്ധപ്പെടണം?

കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും സഹായം ആവശ്യപ്പെടാനും ദിശയും ജില്ല-സംസ്ഥാന കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അമിതഭീതിയെത്തുടര്‍ന്ന് എല്ലാവരും ഈ നമ്പറുകള്‍ ഉപയോഗിച്ചാല്‍ ആവശ്യക്കാരന് സേവനം ലഭ്യമാകാതെപോകും. രോഗബാധിതനുമായി ബന്ധമുള്ള, രോഗലക്ഷണങ്ങള്‍ കാണുന്ന ആളാണെങ്കില്‍ ദിശയിലേക്കോ ടോള്‍ഫ്രീ നമ്പറിലേക്കോ വിളിച്ച് സംശയദൂരീകരണം നടത്താം. എല്ലാ ജലദോഷപ്പനിയും കൊറോണയല്ലെന്നു മനസ്സിലാക്കുക.

ഉപകരണങ്ങള്‍ പങ്കുവെക്കുന്നതില്‍ പ്രശ്നമുണ്ടോ?

ഒരു വ്യക്തി ഏറ്റവുമടുത്ത് ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇവയിലൂടെ രോഗാണുസംക്രമണത്തിനു സാധ്യതയുണ്ട്. രോഗിയുടെ കൈയിലെ രോഗാണുക്കള്‍ അതില്‍ പറ്റിയിരിക്കാനും മറ്റൊരു വ്യക്തി ഉപയോഗിക്കുമ്പോള്‍ അവരിലേക്കുപടരാനും സാധ്യതയുണ്ട്.

ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയാക്കാം?

രോഗാണുസംക്രമണം നടക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണ് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഹെഡ്സെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍. വൈറസ് പകരാതിരിക്കാനായി ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

നോട്ടും നാണയങ്ങളും ഉപയോഗിക്കുന്നത് അപകടകരമാണോ?

ശാസ്ത്രീയമായി, ഒരുകടലാസില്‍ കൊറോണാ രോഗിയുടെ സ്രവങ്ങള്‍ നാലുമണിക്കൂറും ലോഹത്തില്‍ 6-8 മണിക്കൂറും സംക്രമണസാധ്യത നിലനിര്‍ത്തുന്നുണ്ട്. രോഗിയുടെ സ്രവങ്ങള്‍ നോട്ടിലോ നാണയത്തിലോ ഉണ്ടെങ്കില്‍ 4-6 മണിക്കൂര്‍ പകരാനുള്ള സാധ്യതയുണ്ട് എന്നുശാസ്ത്രീയമായി പറയാം. ഇത്തരം സാധ്യതകള്‍ വളരെ അപൂര്‍വമായെങ്കിലും ഉള്ളതുകൊണ്ടാണ് കൈകള്‍ ശാസ്ത്രീയമായി ഇടയ്ക്കിടെ കഴുകാന്‍ പറയുന്നതും കൈകൊണ്ട് മുഖംതൊടരുതെന്ന് പറയുന്നതും. കൃത്യമായ ആരോഗ്യ മുന്‍കരുതല്‍ വളരെ പ്രാധാന്യമാര്‍ജിക്കുന്നത് ഇത്തരം സ്ഥിതിവിശേഷങ്ങളിലാണ്. കൈപ്പിടിയില്‍, ബസിന്റെ ഹാന്‍ഡിലുകള്‍, ബസിലെ മറ്റു ലോഹഭാഗങ്ങള്‍, ട്രെയിനിലെ ലോഹഭാഗങ്ങള്‍ എന്നിവയിലൊക്കെ സ്പര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കണം.

വിവരങ്ങള്‍ക്കു കടപ്പാട്: 
ഡോ. ദീപു സദാശിവന്‍, ഇന്‍ഫോക്ലിനിക്
ഡോ. എം. മുരളീധരന്‍

Content Highlights: Corona Virus myths and facts