ശാരീരികമായും മാനസികമായും ഒരാളെ തളര്‍ത്തുന്ന അവസ്ഥയാണ് രോഗങ്ങള്‍. ഈ സമയത്ത് രോഗം ഭേദമാകാനുള്ള ചികിത്സ മാത്രമല്ല ആവശ്യം. രോഗതീവ്രതയെ നേരിടാനും ചികിത്സ ഫലപ്രദമാവാനുള്ള മാനസിക ബലം കൂടി രോഗിക്ക് ആവശ്യമാണ്.

എന്നാല്‍ ശരീരവും മനസ്സും തളര്‍ന്ന രോഗിക്ക് ഇക്കാര്യങ്ങള്‍ ഒറ്റയ്ക്ക് സാധിച്ചെന്നു വരില്ല. മനസ്സു തളര്‍ന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗിക്ക് ആശ്വാസമേകാന്‍ സാധിച്ചേക്കില്ല. ഇവിടെയാണ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കേണ്ടതിന്റെ ആവശ്യകത. ഹെല്‍ത്ത് കൗണ്‍സിലിങ്ങിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവുമായ പൂര്‍ണസ്വാസ്ഥ്യമാണ് എന്നാണ് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്. ഇതിനു സഹായിക്കുന്ന സമ്പൂര്‍ണ വെല്‍നസ്സിനുള്ള വഴികളും നിര്‍ദേശങ്ങളും കൗണ്‍സിലിങ്ങില്‍ ഉണ്ടായിരിക്കും.

മാനസികാരോഗ്യ പരിപാടി

കേരളത്തില്‍ നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയില്‍ നിന്നും രോഗവ്യാപനമുണ്ടായ മറ്റ് പ്രദേശങ്ങളില്‍ നിന്നും തിരിച്ചെത്തിയ 80 ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രണ്ടായിരത്തിലധികം പേരാണ് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അവരുടെ മാനസിക ബുദ്ധിമുട്ടുകള്‍ അകറ്റാനുള്ള കൗണ്‍സിലിങ്ങിന് ഇപ്പോള്‍ പ്രസക്തിയേറുന്നത്.

കൊറോണ ബാധയെ പ്രതിരോധിക്കാന്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് രണ്ടുതരം മാനസിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നിരീക്ഷണത്തിലുള്ളയാള്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളാണ് ഒരു വശത്ത്. ഇവരുടെ പ്രിയപ്പെട്ടവരുടെ മാനസിക ബുദ്ധിമുട്ടുകളാണ് മറുവശത്ത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കും ആശ്വാസമേകുകയാണ് മാനസികാരോഗ്യ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

2018 ലെയും 2019ലെയും പ്രളയകാലത്ത് മാനസികാരോഗ്യ ദുരന്തനിവാരണ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. ആ പ്രവര്‍ത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും ഉരുള്‍പ്പൊട്ടലില്‍ അരലക്ഷത്തിലധികം പേര്‍ക്കുമാണ് സാമൂഹ്യ, മനശ്ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ സാധിച്ചത്.  

രണ്ടുതരം സേവനങ്ങളാണ് ഇതുവഴി നല്‍കുന്നത്. മാനസിക ആരോഗ്യ കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് 9495002270 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 1056 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി ദിശ ഹെല്‍പ് ലൈനുമായി ബന്ധപ്പെടാം. സേവനങ്ങള്‍ക്കായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 178 മാനസികോരോഗ്യ കൗണ്‍സിലിങ് വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും ഇവര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാരമാര്‍ഗങ്ങളും ചികിത്സയും നിര്‍ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നല്‍കുന്നതാണ്. കൗണ്‍സിലിങ്ങിന് ശേഷം മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും നല്‍കും.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചെയ്യേണ്ടത്

28 ദിവസം ഒറ്റയ്ക്ക് കഴിയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനൊപ്പം രോഗഭീതി കൂടിയുണ്ടാകുന്നത് നിരീക്ഷണത്തില്‍ കഴിയുന്നയാളിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ കൂട്ടും. രോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, മരണങ്ങള്‍, ആശങ്കകള്‍ എന്നിവയെല്ലാം മാധ്യമങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി അറിയുന്നത് മാനസിക ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ഇതിനെത്തുടര്‍ന്ന് ടെന്‍ഷന്‍, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ്, അമിത ഉത്കണ്ഠ, കൈകാല്‍ വിറയല്‍, പേടി, മരിച്ചുപോകുമോ എന്ന ഭയം തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം. ഇതിനെ മറികടക്കാനുള്ള നിര്‍ദേശങ്ങളാണ് മാനസിക ആരോഗ്യപരിപാടിയിലൂടെ നല്‍കുക.

 • നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മാനസിക വിഷമത്തിലേക്ക് വീണുപോകാതിരിക്കാനുള്ള ശക്തി നേടിയെടുക്കണം.  
 • കുടുംബാംഗങ്ങളുമായും സമൂഹവുമായും നേരിട്ട് ബന്ധപ്പെടാനാകില്ലെങ്കിലും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ആശയവിനിമയം നടത്തണം.
 • മനസ്സിന് ഉല്ലാസം ലഭിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം.
 • നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയ്ക്ക് സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗസാധ്യത എത്താതിരിക്കാനാണ് സ്വയം ഒറ്റയ്ക്ക് മാറിനില്‍ക്കുന്നത് എന്ന ബോധ്യം ഉണ്ടാകണം.
 • പൊതുചടങ്ങുകള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കണം.

കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്

 • നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയെ രോഗി എന്ന രീതിയില്‍ കണ്ട് ഒറ്റപ്പെടുത്തരുത്.
 • നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയ്ക്ക് ഏകാന്തമായിരിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ വീട്ടിലെ ഒരു മുറിയില്‍ തന്നെ ഏര്‍പ്പെടുത്തണം.
 • നിരീക്ഷണത്തിലുള്ള വ്യക്തിയോട്‌ അടുത്ത് ഇടപഴകരുത്.
 • നിരീക്ഷണത്തിലുള്ള വ്യക്തിയെ മാനസികമായി ഒറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യരുത്.
 • എല്ലാവരെയും ബുദ്ധിമുട്ടിക്കാന്‍ ഇടയാക്കി എന്ന തരത്തിലുള്ള പെരുമാറ്റമോ സംസാരമോ ഉണ്ടാകരുത്.
 • നിരീക്ഷണത്തിലുള്ള വ്യക്തിയോട് ആശയവിനിമയം നടത്താതിരിക്കരുത്. ഫോണ്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആശയവിനിമയം ഉറപ്പുവരുത്തണം.
 • രോഗത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാപിക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. അത്തരം സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യരുത്.

സമൂഹം ചെയ്യേണ്ടത്

 • ഒരു വീട്ടിലെ ഒരാള്‍ നിരീക്ഷണത്തിലാണെന്ന് കാരണത്താല്‍ ആ കുടുംബത്തെയാകെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത്.
 • ആ കുടുംബത്തിലുള്ളവര്‍ക്ക് സഹായമെന്തെങ്കിലും ആവശ്യമാണെങ്കില്‍ അത് നല്‍കാതെ മാറിനില്‍ക്കരുത്.
 • ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യണം.
 • ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും അവരുമായി ബന്ധം പുലര്‍ത്തണം.
 • കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത്.
 • രോഗബാധയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനാണ് ആ വ്യക്തി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മനസ്സിലാക്കി അവരോട് ആദരവോടെ പെരുമാറണം

പൊതു നിര്‍ദേശങ്ങള്‍

 • കേരളത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
 • എന്നാല്‍ രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിക്കുന്നത്.
 • 28 ദിവസം നിരീക്ഷണത്തില്‍ കഴിയുന്നതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും.
 • വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തരുത്.
 • നിരീക്ഷണത്തിലിരിക്കാനുള്ള നിര്‍ദേശം മറികടന്ന് നാടോ വീടോ വിട്ടുപോകരുത്.
 • രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്.
 • നിരീക്ഷണത്തിലിരിക്കാന്‍ സ്വയം തയ്യാറാവുന്നതിലൂടെ സ്വന്തം സുരക്ഷയും നാടിന്റെ സുരക്ഷയും കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്.
 • വീട്ടിലെ ഒരാള്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതി ആ കുടുംബത്തെ ഒരുതരത്തിലും വേദനിപ്പിക്കരുത്. സമൂഹത്തിന് വേണ്ടി കൂടിയാണ് അവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
 • രോഗാവസ്ഥയെക്കുറിച്ചും രോഗനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
 • കൊറോണ വൈറസ് ബാധ മൂലം പെട്ടെന്ന് ആരും മരിച്ച് പോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാകും.
 • ദിശ ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2552056
 • ദിശ ടോള്‍ ഫ്രീ നമ്പര്‍: 1056
 • മറ്റ് ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍: 0471 2309250, 0471 2309251, 0471 2309252
 • മാനസികാരോഗ്യ ഹെല്‍പ്‌ലൈന്‍ നമ്പര്‍: 9495002270

Read more:  കൊറോണ വൈറസ് സ്‌പെഷ്യല്‍ പേജ് വായിക്കാം

ഹെല്‍ത്ത് കൗണ്‍സിലിങ്

മനശ്ശാസ്ത്ര ശാഖകളായ ഹെല്‍ത്ത് സൈക്കോളജിയുടെയും ബിഹേവിയറല്‍ സൈക്കോളജിയുടെയും തത്ത്വങ്ങളിലൂന്നിയാണ് ഹെല്‍ത്ത് കൗണ്‍സിലിങ് രീതി വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യത്തെയും ജീവിതശൈലിയെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് ഓരോരുത്തര്‍ക്കും ആവശ്യമായ ആരോഗ്യ അവബോധം നല്‍കുകയാണ് ഹെല്‍ത്ത് കൗണ്‍സിലിങ്ങിലൂടെ ചെയ്യുന്നത്. അണുബാധ തടയാനുള്ള മാര്‍ഗങ്ങള്‍, വ്യായാമം, ഭക്ഷണശീലങ്ങള്‍, വ്യക്തിശുചിത്വം, ലഹരി ബോധവത്കരണം തുടങ്ങിയ കാര്യങ്ങള്‍ ഹെല്‍ത്ത് കൗണ്‍സിലിങ്ങില്‍ ഉള്‍പ്പെടുന്നു. ഇത്തരം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാത്രമല്ല, രോഗപ്രതിരോധ മേഖലയിലും ഹെല്‍ത്ത് കൗണ്‍സിലിങ്ങിന് വലിയ പങ്കുണ്ട്. രോഗത്തെക്കുറിച്ചും അവ പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇതുവഴി പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കാനാകും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

കേരള ആരോഗ്യവകുപ്പ്

Content Highlights: corona virus mental support programme for people, corona virus