സുല്‍ത്താന്‍ ബത്തേരി: ആദ്യം പേരും വിലാസവും ഫോൺ നമ്പറും പുസ്തകത്തിൽ എഴുതിവെക്കണം. പിന്നാലെ കൈ നന്നായി സോപ്പിട്ട് കഴുകി തുടയ്ക്കണം. ഇതിനുശേഷമേ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെ ആശീർവദിക്കാൻ അതിഥികൾ പ്രവേശിച്ചുള്ളൂ. ചെതലയം കൊടുങ്ങോട്ടിൽ നിസാമിന്റെയും നായ്ക്കട്ടി സ്വദേശിനി ഹലാലയുടെയും കൊറോണക്കാലത്തെ വിവാഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു.

നാലുമാസം മുമ്പ് ഉറപ്പിച്ച വിവാഹത്തിന് ആയിരത്തഞ്ഞൂറോളം പേരെ ക്ഷണിച്ചിരുന്നു. വിവാഹസത്കാരത്തിനായി ചെതലയത്തെ സ്കൂൾ ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. എന്നാൽ, കൊറോണക്കാലമായതിനാൽ പങ്കെടുത്തത് 70-ൽ ചുവടെ ആളുകൾ. പങ്കെടുത്ത എല്ലാവരുടെയും പേരും വിലാസവും ഫോൺ നമ്പറുമടക്കം പുസ്തകത്തിൽ എഴുതിവാങ്ങി. ഇത് പിന്നീട് കൊറോണ കൺട്രോൾ റൂമിൽ ഏൽപ്പിക്കും.

വരൻ വിവാഹത്തിനായി ഗൾഫിൽനിന്ന് ഒരു മാസം മുമ്പ് വന്നതാണ്. ഇതിനാലാണ് വിവാഹം ചെറിയ ചടങ്ങായി നടത്താമെന്ന് കുടുംബം തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹം എങ്ങനെ നടത്താമെന്നതിനെ സംബന്ധിച്ച് വാർഡംഗം അഹമ്മദ് കുട്ടി കണിയനും മഹല്ല് കമ്മിറ്റിയുമായി കുടുംബം ആലോചിച്ചിരുന്നു. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ തീരുമാനിച്ചതോടെ വെള്ളിയാഴ്ച പള്ളിയിൽനിന്ന് ആളുകൾ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിപ്പ് നൽകി. ക്ഷണിച്ചവരോട് ഫോൺ വിളിച്ചും വാട്സാപ്പ് മുഖേന മെസേജ് അയച്ചും നേരിട്ടും പങ്കെടുക്കേണ്ടെതില്ലെന്ന് അറിയിച്ചു.

ചെതലയം ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും നിർദേശങ്ങൾ നൽകിയിരുന്നു. വിവാഹച്ചടങ്ങും ലളിതമായിട്ടായിരുന്നു. പേരിനൊരു പന്തലിട്ടു. പുറത്ത് കൈകഴുകാൻ വെള്ളവും സോപ്പും ഹാൻഡ് വാഷും വെച്ച് എല്ലാവരെയും കൈകഴുകിപ്പിച്ചാണ് അകത്തേക്കു കയറ്റിയത്. ഹസ്തദാനം പാടേ ഒഴിവാക്കി. പനിയും ചുമയുമുള്ളവരാരും പങ്കെടുത്തില്ലെന്ന് ഉറപ്പാക്കിയിരുന്നു. ചടങ്ങുകൾ വേഗം അവസാനിപ്പിച്ചു.

Content Highlights: Corona Virus marriage conducted as per protocol