മാര്‍ച്ച് ഒമ്പതുമുതല്‍ റോമിലെ മാത്രമല്ല ഇറ്റലിയിലെ ജനതയെ ഒന്നാകെ ക്വാറന്റയിന്‍ ചെയ്തിരിക്കുന്നു. മരുന്ന്-ഭക്ഷണം എന്നിവ വാങ്ങാന്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് പുറത്തിറങ്ങാം. ഫാര്‍മസിയും സൂപ്പര്‍മാര്‍ക്കറ്റുമൊഴികെ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നെ അതിശയിപ്പിക്കുന്നത് ഈ അവസ്ഥയിലും ഇവിടത്തെ ജനതയുടെ ധൈര്യമാണ്. ഇവര്‍ വളരെ ശ്രദ്ധാലുക്കളാണെങ്കിലും ഭീതിതരോ പരിഭ്രാന്തരോ അല്ല. മഹാവ്യാധിയോട് പൊരുതാന്‍ സായാഹ്ന സംഗീതംകൊണ്ടുപോലും അവര്‍ മനസ്സിനെ സജ്ജമാക്കുന്നു.

വീടിന്റെ ജനാലകളും ടെറസുകളും തുറന്ന് വൈകുന്നേരങ്ങളില്‍ ഇവര്‍ കൈയടിച്ചു പാടുന്നു. റോമിലെ മേയര്‍ വിര്‍ജീനിയ റാജിയുടെ ആവശ്യപ്രകാരം മാര്‍ച്ച് 13-ന് ഏഴുമണിക്ക് റോമന്‍ നഗരവാസികള്‍ ദേശീയഗാനവും ജനകീയഗാനങ്ങളും ആലപിക്കുകയും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങളെ ശ്ലാഘിക്കുകയുംചെയ്തു. ഇവ ഇനിയുള്ള ദിവസങ്ങളിലും തുടരാം.

ചിലപ്പോള്‍ സ്വപ്നമോ യാഥാര്‍ഥ്യമോ എന്നുതോന്നും. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറാന്‍ രണ്ടുമണിക്കൂര്‍വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥ. വിനോദസഞ്ചാരവും വാണിജ്യ-വ്യവസായ സംരഭങ്ങളും മരവിച്ച് എവിടെയും നിശ്ശബ്ദതമാത്രം. ആരും മിണ്ടാന്‍പോലും മടിക്കുന്നു. എങ്കിലും പറയട്ടെ, ഭീകരമല്ല കാര്യങ്ങള്‍. എല്ലാം ഒരു ഒഴുക്കില്‍പ്പെട്ടപോലെ നമ്മള്‍ ചെയ്യുന്നു. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുക എന്നതാണ് പൗരന്റെ ധര്‍മം. അതെല്ലാവരും ചെയ്യുന്നു.

ജനുവരി 31-ന് ഇറ്റലിയിലെ വടക്ക് പ്രവിശ്യയായ ലൊംബാര്‍ഡിയയിലെ കൊദോണോ എന്ന സ്ഥലത്താണ് കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് സമീപപ്രവിശ്യകളായ വെനീസ്, പിയമോന്തെ, എമീലിയ റൊമാണ തുടങ്ങിയിടങ്ങളിലും വ്യാപിച്ചു. ഇവിടങ്ങള്‍ റെഡ്സോണ്‍ ആയി ഉത്തരവിറക്കിയെങ്കിലും ആരും ഗൗരവമായി എടുത്തില്ല. അഭിസംബോധനാ രീതികളും മറ്റും രോഗം ഇത്രയധികം പകരാന്‍ കാരണമായെന്നുവേണം കരുതാന്‍.

italy
കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ വിജനമായിക്കിടക്കുന്ന വത്തിക്കാനിലേക്കുള്ള രാജവീഥി. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പകര്‍ത്തിയ ചിത്രം. സാധാരണ ഈ സമയത്ത് ഇവിടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്കുണ്ടാകാറുണ്ട്. സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. മാതൃഭൂമിക്കുവേണ്ടി ചിത്രം പകര്‍ത്തിയത് വത്തിക്കാന്‍ റേഡിയോയിലെ ഫാ. വില്യം നെല്ലിക്കല്‍

മാര്‍ച്ച് അഞ്ചിന് സര്‍ക്കാര്‍ സ്‌കൂളുകളും സര്‍വകലാശാലകളും ഒന്നാകെ പൂട്ടി. ഒമ്പതിന് മുഴുവന്‍ സ്ഥലവും 'സംരക്ഷിതമേഖല'യായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഫാര്‍മസിയും സൂപ്പര്‍മാര്‍ക്കറ്റുമൊഴികെ എല്ലാം അടച്ചു. ജനങ്ങള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കുക തുടങ്ങിയ കര്‍ശന നിയമങ്ങള്‍ നടപ്പാക്കി.

റായ്ന്യൂസിലൂടെ എല്ലാദിവസവും ആറുമണിക്ക് കൃത്യമായ ബോധവത്കരണം നടത്തുന്നു. ഇതിനായി ഒരു കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ അവസ്ഥയില്‍ ദിവസം 2000 ആളുകള്‍ രോഗബാധിതരാകുന്നു. അതില്‍ ഇരുനൂറോളംപേര്‍ മരിക്കുന്നു. മറ്റു രോഗമുള്ളവരും 80-നുമേല്‍ പ്രായമുള്ളവരുമാണ് മരിക്കുന്നത്. ബാക്കിയാളുകള്‍ സുഖംപ്രാപിക്കുന്നു. ശൈത്യകാല വൈറല്‍പനിയുടെ സമയമാണിപ്പോള്‍ ഇറ്റലിയില്‍. എല്ലാവര്‍ഷവും ശൈത്യകാലരോഗംകൊണ്ടും ഈ സമയത്ത് ആളുകള്‍ മരിക്കാറുണ്ട്. യൂറോപ്പിലെ ഏറ്റവുംനല്ല പൊതു ആരോഗ്യമേഖലകളിലൊന്നാണ് ഇറ്റലിയിലേത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നമുക്ക് വീട്ടില്‍നിന്നു വിളിക്കാനുള്ള സംവിധാനങ്ങളുണ്ട്. ആംബുലന്‍സില്‍ അവര്‍ നമ്മെ സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ എത്തിക്കുന്നു. ചികിത്സച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയെന്നതാണ് രീതി.

വത്തിക്കാനില്‍ മാര്‍പാപ്പ എല്ലാദിവസവും ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നുണ്ട്. കൂടാതെ ഇറ്റാലിയന്‍ ജനത ശുഭാപ്തി വിശ്വാസികളും കഠിനാധ്വാനികളും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ ഈ പ്രതിസന്ധിയെ നേരിടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഒരു പ്രവാസി ആദ്യം പഠിക്കേണ്ട ചില കാര്യങ്ങള്‍ക്കുള്ള ഒരു അവസരമാണിതെന്നു തോന്നുന്നു. എന്തിന് നമ്മള്‍ ഈ രോഗവുമായി നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണം. ഇവിടെ എല്ലാ ആധുനിക ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. അതുകൊണ്ടുതന്നെ ഇറ്റാലിയന്‍ ജനതയോടൊപ്പം കൈകോര്‍ത്ത് നമുക്കു പറയാം: 'ഇറ്റലി മുന്നോട്ട്'. എല്ലാം നിയന്ത്രണവിധേയമാവട്ടെയെന്ന ആഗ്രഹത്തോടെ ഇറ്റാലിയന്‍ മലയാളികളേ, നമുക്ക് ഇറ്റലിയില്‍ത്തന്നെ ധൈര്യപൂര്‍വം തുടരാം.

Content Highlights: Corona Virus Italy people surviving, Corona Virus