നാലയ്ക്ക് അപ്പുറംനിന്ന് ആറുവയസ്സുകാരി മകള്‍ ചിരിക്കുന്ന ചിത്രം അച്ഛന്‍ മൊബൈലില്‍ പകര്‍ത്തി. കൊറോണ പ്രതിരോധത്തിനായി സ്വയം സമ്പര്‍ക്കവിലക്ക് ഏറ്റെടുക്കേണ്ടിവരുന്ന കുടുംബങ്ങളുടെ സങ്കടവും സന്തോഷവും ഒരുപോലെ പറഞ്ഞുതരുന്ന ഈ ചിത്രം നവമാധ്യമങ്ങളില്‍ വൈറലാണ്.

ലോകത്താകെ ഭീതിവിതയ്ക്കുന്ന കൊറോണക്കാലത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതാണ് സന്തോഷം. എന്നിട്ടും എല്ലാവരില്‍നിന്നും അകന്നുകഴിയേണ്ടിവരുന്നത് വല്ലാത്ത സങ്കടവും.

ഹരിപ്പാട് വെള്ളംകുളങ്ങര കാര്‍ത്തികയില്‍ ജയദേവന്റെ മകള്‍ ദേവനന്ദയാണ് ഈ ചിത്രത്തിലുള്ളത്. മുറിക്കുള്ളില്‍ മകളെ നോക്കിയിരിക്കുന്ന ജയദേവന്‍ ചിത്രത്തിലില്ല. ജയദേവന്‍ ഖത്തറില്‍നിന്ന് കഴിഞ്ഞ 19 നാണ് നാട്ടിലെത്തിയത്. ബന്ധുക്കള്‍ രണ്ട് കാറുകളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. അതിലൊന്ന് ഓടിച്ചാണ് വീട്ടിലെത്തിയത്. ഇരുവശത്തും ജനാലകളുള്ള ഒരു മുറി അപ്പോഴേക്കും വീട്ടുകാര്‍ ഒരുക്കിവെച്ചിരുന്നു. മകളെ ഭാര്യ ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി. ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചശേഷം ജയദേവന്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിച്ചുതുടങ്ങി.

അച്ഛനെ കാണാന്‍ ദേവനന്ദ വാശിപിടച്ചപ്പോഴാണ് ശ്രീലക്ഷ്മി അവളെ കൊണ്ടുവന്നത്. മുറിയുടെ അടുത്തേക്ക് പോകരുതെന്നും അച്ഛന്‍ ഉടനെ പുറത്തുവരുമെന്നുമെല്ലാം പറഞ്ഞുകൊടുത്താണ് വന്നതെങ്കിലും അച്ഛനെ കണ്ടതോടെ അവള്‍ ചിണുങ്ങി. ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ ദൂരെനിന്നു. അങ്ങനെ മകള്‍ നോക്കി ചിരിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ ജയദേവന്‍ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. സുഹൃത്താണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

ഒന്നര മാസം മുന്‍പാണ് ജയദേവന്‍ 15 ദിവസത്തെ അവധിക്ക് നാട്ടില്‍ വന്നത്. തുടര്‍ന്ന് ഖത്തറിലേക്ക് മടങ്ങി. മറ്റൊരു കമ്പനിയില്‍ ജോലി ശരിയായതിനെ തുടര്‍ന്ന് വിസയില്‍ മാറ്റംവരുത്താനാണ് നാട്ടിലേക്ക് ഉടനെ മടങ്ങിയത്. ഇനി എന്ന് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് നിശ്ചയമില്ല.

ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകളെപ്പറ്റി പറയാന്‍ ജയദേവന് നൂറുനാവാണ്. 'ചെറിയ സംശയങ്ങള്‍ക്കുപോലും വിശദമായ മറുപടി കിട്ടുന്നു. അതിനാല്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ഓരോദിവസവും മുന്നോട്ടുപോകുന്നത്.

Content Highlights: Corona Virus, Home Isolation