രോഗ്യാവബോധത്തിന്റെയും പൊതുജാഗ്രതയുടെയും കാര്യത്തിൽ കേരളത്തിനുള്ളത് നൂറ്റാണ്ടുകളുടെ അനുഭവപാരമ്പര്യമാണ്. 1678-ൽ മലയാളം ആദ്യം അച്ചടിയിലേക്കെത്തിയത് ഔഷധവിജ്ഞാനവുമായി ബന്ധപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലൂടെയായിരുന്നു. അതിനുംമുമ്പ് ഒരു സ്വതന്ത്രഭാഷയും സാംസ്കാരികതയും വേറിട്ടുവളരുന്ന ഘട്ടത്തിലെ വഴിത്തിരിവായിരുന്ന ആലത്തൂർ മണിപ്രവാളവും ആരോഗ്യവിജ്ഞാനവുമായി ബന്ധപ്പെട്ടതുതന്നെ.

ലോകത്ത് പലയിടത്തും നടക്കുന്നതിനെക്കാൾ ഫലപ്രദമായി കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്, ഇതുവരെ. ഓരോദിവസവും കാര്യങ്ങൾ പുതിയ വഴിത്തിരിവിലേക്കാണ് പോകുന്നതെങ്കിലും. ഈ നേട്ടം പെട്ടെന്നുണ്ടായതൊന്നുമല്ല. നൂറ്റാണ്ടുകളിലൂടെ മലയാളി നേടിയ സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളാണ് അതിന്‌ പിൻബലമാകുന്നത്.

കേരളീയ നവോത്ഥാനം സാധ്യമാക്കിയ നമ്മുടെ ആചാര്യന്മാരെല്ലാം മറ്റെന്തിനെക്കാളും പ്രാധാന്യംകല്പിച്ചത് വിദ്യാഭ്യാസത്തിനായിരുന്നു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഗുണ്ടർട്ട്‌ മുതലുള്ള മിഷനറിമാരും ചാവറ അച്ചനും  വക്കം അബ്ദുൾഖാദർ മൗലവിയും ഉൾപ്പെടെ എല്ലാവരും. കേരളത്തിനുകൈവന്ന സാർവത്രിക വിദ്യാഭ്യാസമെന്ന വലിയ നേട്ടമാണ് മറ്റെല്ലാറ്റിനുമപ്പുറം ആധുനിക ശാസ്ത്രീയാവബോധത്തോടെ പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടാനും നമ്മെ പ്രാപ്തരാക്കുന്നത്. 

1870-‘90 കാലത്ത് ബാസൽ മിഷൻ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പഞ്ചാംഗങ്ങളിൽ പൊതുജനാരോഗ്യത്തെയും ശുചിത്വത്തെയുംകുറിച്ചുള്ള വിവരണങ്ങൾ പതിവായി ഉൾപ്പെടുത്തിയിരുന്നു. വസൂരിക്ക്‌ യൂറോപ്പിൽ വാക്സിൻ വ്യാപകമായി ഒട്ടുംവൈകാതെ കേരളത്തിലേക്കത്‌ കൊണ്ടുവന്നു തിരുവിതാംകൂറിലെ ഭരണാധികാരികൾ. രാജകുടുംബാംഗങ്ങൾ കുത്തിവെപ്പെടുത്താണ് നമ്മുടെ നാട്ടിൽ വാക്സിനേഷന് തുടക്കമിട്ടത്. 1947-ലെ സ്ഥിതിയെടുത്താലും പൊതുജനാരോഗ്യ ജാഗ്രതയുടെ കാര്യത്തിൽ കേരളത്തിന്റെ നില രാജ്യത്ത് ഒന്നാംസ്ഥാനത്തുതന്നെയായിരിക്കുമെന്ന് ഡോ. ബി. ഇക്ബാൽ വ്യക്തമാക്കുന്നു.

മഹാമാരികളും കോവിഡും

വൈറസുകളുടെയും മഹാമാരികളുടെയും കാര്യത്തിൽ ഇപ്പോഴത്തെ കോവിഡ്-19 ഒരു പുതിയ കടന്നുവരവുമാത്രമാണ്. അടുത്തകാലത്ത് ഇത്രയേറെ വ്യാപ്തിയുള്ള വൈറസ്ബാധകൾ ലോകത്തുണ്ടായിട്ടില്ലെന്നത് ശരി. എന്നാൽ, പഴയ കാലത്തെ പല അനുഭവവും ഓർത്താൽപ്പോലും ഞെട്ടലുണ്ടാക്കുന്നവയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒന്നാം ലോകമഹായുദ്ധം കത്തിനിന്നകാലത്ത് യൂറോപ്പിൽ പടർന്നുപിടിച്ച സ്പാനിഷ് ഇൻഫ്ളുവൻസ ആറുമാസംകൊണ്ട് രണ്ടരക്കോടിയോളം മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ലോകമഹായുദ്ധം നടക്കുകയായിരുന്നതിനാൽ ഭരണകൂടങ്ങൾക്ക് കൃത്യമായ കണക്കെടുക്കാനായില്ല. യുദ്ധവീര്യം കുറഞ്ഞുപോയാലോ എന്നുപേടിച്ച് കാര്യങ്ങൾ ജനതയെ അറിയിച്ചതുമില്ല. 

health

ഇന്നും പൂർണമായി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ലാത്ത പ്ലേഗ് എന്ന ഏറ്റവും വലിയ പകർച്ചവ്യാധി 1347 മുതലുള്ള അഞ്ചുവർഷംകൊണ്ട് യൂറോപ്യൻ ജനതയുടെ നാലിലൊന്നിനെയും ഇല്ലാതാക്കിക്കളഞ്ഞു. ഏതാനും വർഷംമുമ്പ് സൂറത്തിൽ പ്രത്യക്ഷപ്പെട്ട പ്ലേഗ് ലോകത്തെ നടുക്കിയത് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിടാത്ത ആ ഭയപ്പാടുകൊണ്ടുകൂടിയാണ്. യൂറോപ്പിന്റെ ചരിത്രംതന്നെ മാറ്റിക്കളഞ്ഞു ആ പകർച്ചവ്യാധി.
മൂവായിരം വർഷത്തോളം മനുഷ്യവംശത്തിനാകെ ഭീതിയായി നിലനിന്ന വലിയ പകർച്ചവ്യാധിയാണ് വസൂരി. രണ്ടുതലമുറമുമ്പുവരെ കേരളത്തിലും നടമാടിയിരുന്ന മരണത്തിന്റെ വിളയാട്ടം. പ്രതിരോധമരുന്നുകൊണ്ട് ഭൂമുഖത്തുനിന്ന് നിർമാർജനംചെയ്യാനായി ആ വിപത്തിനെ. 

അടുത്തകാലത്ത് ലോകത്തുപടർന്ന രണ്ട് പ്രധാന പകർച്ചവ്യാധികളായ സാർസ് (Severe Acute Respiratory Syndrome-SARS) മെർസ് (Middle East Respiratory Syndrome- MERS) എന്നിവയെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞതാണ് കോവിഡ്-19. എന്നാൽ, മറ്റുരണ്ടുരോഗങ്ങളും ഒരു രോഗിയിൽനിന്ന് ശരാശരി 1.4 ആളുകളിലേക്കാണ് പടരാൻ സാധ്യതയുള്ളതെങ്കിൽ കോവിഡ്-19 ഒരാളിൽനിന്ന് നാലുപേരിലേക്ക് പടരാൻ സാധ്യതയുണ്ട്. രോഗം പടരുന്നതിന്റെ നിരക്ക് പഴയരോഗങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണെന്നർഥം. ഈ പകർച്ചനിരക്കാണ് കോവിഡ്-19 ഉയർത്തുന്ന വലിയ വെല്ലുവിളി.  

എന്തുകൊണ്ട് കേരളം

ജാഗ്രതയും ചരിത്രവുമൊക്കെ പറഞ്ഞാലും കണക്കുകൾ എടുത്തുനോക്കിയാൽ പൊതുജനാരോഗ്യകാര്യങ്ങളിൽ കേരളത്തിന്റെ നില അത്ര ലോകോത്തരമൊന്നുമല്ല. ഡെങ്കിയും ചിക്കുൻ ഗുനിയയും മലമ്പനിയും പന്നിപ്പനിയും പക്ഷിപ്പനിയും കുരങ്ങുപനിയും നിപയുമൊക്കെ ഇപ്പോഴും ഭീതിപരത്തി ഇവിടെ നിൽക്കുന്നുണ്ട്. മാലിന്യനിർമാർജനത്തിലും കൊതുകുനിർമാർജനത്തിലുമൊക്കെ കേരളത്തിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം.

എന്നാൽ, അത്തരം കുറ്റങ്ങളുടെയും കുറവുകളുടെയുമൊക്കെ അപ്പുറത്ത് കോവിഡ്-19 നിയന്ത്രണത്തിൽ സവിശേഷമായ ഒരനുഭവം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ കേരളത്തിന് കഴിയുന്നുണ്ട് ഇപ്പോൾ; ഇനിയത്‌ എങ്ങോട്ടാവുമെന്നതിൽ നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ടെങ്കിലും. എന്തുകൊണ്ട് കേരളത്തിനിത് സാധ്യമാകുന്നുവെന്ന് ചോദിക്കുമ്പോൾ വിദഗ്ധർ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത് മൂന്ന്‌ പ്രധാന കാര്യങ്ങളാണ്. 

സാർവത്രികവിദ്യാഭ്യാസം സ്ത്രീശാക്തീകരണം  ഭരണ-സാമൂഹിക തലങ്ങളിലെ സുശക്തമായ വികേന്ദ്രീകരണം. 1970-‘80 കാലഘട്ടത്തിൽ കേരള മോഡൽ എന്ന പേരിൽ ലോകഖ്യാതിനേടിയ വികസനമാതൃകയിൽ ആരോഗ്യരംഗത്തെ നേട്ടങ്ങൾ വളരെ പ്രധാനമായിരുന്നു. എന്നാൽ, എൺപതുകൾക്കുശേഷം നമ്മുടെ ആരോഗ്യമേഖലയിൽ പ്രകടമായ തളർച്ചകളുണ്ടായി. കുപ്രസിദ്ധമാണ് നമ്മുടെ ചിക്കുൻഗുനിയക്കാലം. അന്നത്തെ മുട്ടുവേദനയുടെ നരകംപിടിച്ച ഓർമകൾ ഇന്നുമുണ്ട് പലരുടെയും മനസ്സിൽ. 

പുതിയ നൂറ്റാണ്ട്‌ പിറന്നതോടെയെന്നുപറയാം, ആരോഗ്യാവബോധത്തിന്റെ കാര്യത്തിൽ കേരളം പുതിയ വളർച്ചകളിലേക്കാണ് എത്തിയത്. അതിനും കാരണങ്ങൾ നിരവധിയുണ്ടാകാം. എന്തൊക്കെ പോരായ്മകൾ പറയാനുണ്ടെങ്കിലും ഒന്നിനുപിറകെയൊന്നായി ഒട്ടേറെ മെഡിക്കൽകോളേജുകൾ വന്നു. ഇന്ന് കേരളത്തിൽ ഏതാണ്ടെല്ലാ ജില്ലയിലുമുണ്ട് മെഡിക്കൽ കോളേജുകൾ. കൊറോണ വന്നതുകൊണ്ട് മാറ്റിവെച്ചിരിക്കയാണ് കാസർകോട്ടെ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം. 

ഉന്നതനിലവാരമുള്ള ഒട്ടേറെ ആരോഗ്യമാസികകൾ മലയാളിയുടെ ആരോഗ്യാവബോധത്തിനുനൽകിയ സംഭാവനകളും എടുത്തുപറയേണ്ടതുണ്ട്. 10 വർഷത്തിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ  നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രചാരണങ്ങളും വിലമതിക്കാനാവാത്തതാണ്. ചിക്കുൻഗുനിയക്കാലത്തുണ്ടായ വീഴ്ചകളിൽനിന്ന് പാഠംപഠിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും നമുക്കുകൈവന്ന വലിയ അവസരമായിരുന്നു കോഴിക്കോട് ജില്ലയിലുണ്ടായ നിപ വൈറസ് ബാധ.

വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായെങ്കിലും അന്താരാഷ്ട്രമാനദണ്ഡങ്ങൾ ഫലപ്രദമായി സ്വീകരിച്ച് നടപ്പാക്കാനും നിപ വൈറസിനെ പിടിച്ചുകെട്ടാനും കേരളത്തിന്റെ ജാഗ്രതയ്ക്ക് കഴിഞ്ഞു. നിപ കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനത്തിന് കിട്ടിയ ഒരു ഷോക്ക് ട്രീറ്റ്‌മെൻറായിരുന്നു. 

നിപ നിയന്ത്രണത്തിന് ലോകാരോഗ്യസംഘടന കൃത്യമായ മാനദണ്ഡങ്ങളൊന്നും രൂപപ്പെടുത്തിയിരുന്നില്ല. സമാനമായ എബോള വൈറസിനെ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച പ്രോട്ടോക്കോൾ ഫലപ്രദമായി പിൻതുടരുകയാണ് കേരളം ചെയ്തത്. അത് കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ഒത്തൊരുമയുടെ വലിയ നേട്ടംതന്നെയാണ്. മന്ത്രിയും സെക്രട്ടറിയുംമുതൽ ആശാവർക്കർമാർവരെ ഉൾപ്പെട്ട ഒരു പ്രതിരോധസൈന്യത്തിന്റെ വിജയം. 

നാം പാലിച്ച മാനദണ്ഡങ്ങൾ

രോഗനിയന്ത്രണത്തിന് ലോകാരോഗ്യസംഘടന കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവ വള്ളിപുള്ളി തെറ്റാതെ പാലിക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് വലിയകാര്യം. ഇറ്റലിയും ജർമനിയും കാനഡയും അമേരിക്കയുംപോലുള്ള രാജ്യങ്ങൾ വലിയ പ്രാധാന്യം കല്പിക്കാതിരുന്ന ആ മാനദണ്ഡങ്ങൾ അത്രയേറെ ജാഗ്രതയോടെ നടപ്പാക്കാൻ നമുക്ക് കഴിയുന്നു. ഗ്രാമഗ്രാമാന്തങ്ങളിൽവരെ എത്തുന്ന സുശക്തമായ ആരോഗ്യരക്ഷാശൃംഖലയെ  കണ്ണിമുറിയാതെ പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നത് ഭരണ-സാമൂഹിക തലത്തിലെ വികേന്ദ്രീകരണം ഭംഗിയായി നടപ്പാക്കിയതുകൊണ്ടുതന്നെയാണ്. ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാപ്രവർത്തകരുമൊക്കെ പോരാട്ടവീര്യത്തോടെ കഠിനാധ്വാനംചെയ്യുന്നതുകൊണ്ടാണ്.

അപ്പോഴും പക്ഷേ, നമ്മൾ ജയിച്ചേ എന്നും നമ്മൾ ലോകമാതൃകയാണേ... എന്നും അവകാശപ്പെട്ട് ആത്മപ്രശംസയിൽ മുഴുകാനുള്ള വകകൾ നമുക്കില്ലെന്നത്‌ മറക്കരുത്. ഏതാനുംമാസംമുമ്പ് വീണ്ടും നിപ വന്നപ്പോഴും വൈറസ് ഏതെന്ന് നിർണയിച്ച് സ്ഥിരീകരണംനടത്താൻ മണിപ്പാലിലെ ലാബിലേക്ക് സാംപിൾ അയക്കേണ്ടിവന്നു. കോഴിക്കോട്ടും മലപ്പുറത്തും പക്ഷിപ്പനിവന്നപ്പോൾ സാംപിൾ നമുക്ക് ഭോപാലിലെ ലാബിലേക്ക് അയക്കേണ്ടിവന്നു. പറയാൻ നമുക്കും ഒരു വെറ്ററിനറി സർവകലാശാലയുണ്ടെങ്കിലും. പുണെയിലെ ലാബിന്റെ നിലവാരമുള്ള ഒരു ലാബ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ദശാബ്ദങ്ങളോളം തുരുമ്പുപിടിച്ചുകിടന്ന ആലപ്പുഴയിലെ വൈറോളജി ലാബ് മികച്ച നിലവാരത്തിലേക്കെത്തിക്കുന്ന കാര്യത്തിൽ ഇനിയും ഏറെ മുന്നേറാനുണ്ട്.

പ്രളയാനന്തരം നേടിയ വിജയം

എന്തൊക്കെ പോരായ്മകൾ പറഞ്ഞാലും ഒരു കാര്യം ഓർക്കണം-ഒന്നിനുപിറകേ ഒന്നായി രണ്ടുപ്രളയം വന്നിട്ടും കേരളത്തിൽ ഒരിടത്തും പകർച്ചവ്യാധികളൊന്നും പൊട്ടിപ്പുറപ്പെട്ടില്ല. അത്രയും ജാഗ്രത പുലർത്തിയതുകൊണ്ടാണത്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ കർമശേഷി എടുത്തുപറയേണ്ടതാണ്. ലോകത്ത് എവിടെച്ചെന്നാലും കേരളത്തിൽനിന്നുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊക്കെ പ്രത്യേകമായ ഒരു മതിപ്പ് കിട്ടുന്നുണ്ട്. അത്രയും ആത്മാർഥമായി അധ്വാനിക്കുന്നതുകൊണ്ടാണത്. ആ ശേഷി നമ്മുടെ നാട്ടിലും പ്രയോഗിക്കുമ്പോൾ അതനുസരിച്ച് മികച്ച ഫലം നമുക്ക് കിട്ടും.-ഡോ. ബി. പത്മകുമാർ(പ്രൊഫ. ഗവ.മെഡിക്കൽ കോളേജ് ആലപ്പുഴ)

ഇത് കേരളാ അനുഭവം

അമർത്യാസെൻ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട് കേരളത്തിന്റേത് സവിശേഷമായ വികസനാനുഭവമാണെന്ന്. ഒരു പുതിയ മാതൃക അവതരിപ്പിക്കുകയല്ല നമ്മൾ ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ വളരെ മികവോടെ കൃത്യമായി നടപ്പാക്കുകയാണ് നമ്മൾ ചെയ്യുന്നത്. അക്കാര്യത്തിൽ നമുക്ക് മികച്ച വിജയംനേടാൻ കഴിയുന്നുമുണ്ട്. വിജയങ്ങളിൽ മതിമറന്ന് ഇരിക്കാനാവില്ല. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഒരുക്കിയേ മതിയാകൂ. ഇനിയുള്ള  ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾകൂടിയാവണം ഇപ്പോഴത്തെ അനുഭവങ്ങൾ.- ഡോ. ബി. ഇക്ബാൽ

Content Highlights: Corona Virus health kerala, Health, Corona Virus