കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എണ്‍പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ഒരു ലക്ഷത്തിലധികം പേരില്‍ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്.
കോവിഡ്-19 ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ സൂചന ലഭിച്ചയുടന്‍ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. ആ മൂന്നുപേരും രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു.
അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയില്‍ തന്നെ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ആഗോളതലത്തില്‍ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയര്‍ന്ന സാധ്യതയാണ് (very high risk) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അറിയിപ്പാണിത്. വളരെ ഗുരുതരമായ ചില രോഗബാധകള്‍ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടര്‍ന്ന് പിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിര്‍ത്തി ഭേദിച്ച് അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗബാധയെ ചെറുക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഒത്തൊരുമിച്ച് നടപടികള്‍ ആവശ്യമായി വരുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്.
കോവിഡ്-19 ന്റെ പ്രത്യേകതകള്‍
സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവ ആര്‍.എന്‍.എ. വൈറസ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. 1960-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്.
പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഇവ രോഗമുണ്ടാക്കാറുണ്ട്. ഈ വൈറസ് അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറുമുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാല്‍ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്.
2002-2003 കാലത്ത് ചൈനയില്‍ പടര്‍ന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത സാര്‍സ്, 2012-ല്‍ സൗദി അറേബ്യയില്‍ 858 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ മെര്‍സ് എന്നീ പകര്‍ച്ചവ്യാധികള്‍ കൊറോണ വൈറസ് മൂലം ഉണ്ടായതാണ്. ഇപ്പോള്‍ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ആദ്യമായാണ് മനുഷ്യരില്‍ കാണുന്നത്.
ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകള്‍ മൃഗങ്ങളില്‍ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതല്‍ കാണാറുള്ളത്. ഇതില്‍ ആറുതരം കൊറോണ വൈറസുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇവയില്‍ 229E,NL63,OC43,HKU1 എന്നീ നാലു തരം വൈറസുകള്‍ മനുഷ്യരില്‍ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ്-19 ജനിതകമാറ്റം വന്ന വൈറസാണ് എന്നാണ് കണ്ടെത്തല്‍.
കോവിഡ്-19 ന്റെ യഥാര്‍ഥ ഉദ്ഭവ സ്ഥാനം ഗവേഷകര്‍ക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതില്‍ നിന്ന് മനസ്സിലാക്കാനായത് വവ്വാലില്‍ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബല്‍ ഇനിഷിയേറ്റീവ് ഓണ്‍ ഷെയറിങ് ഓള്‍ ഇന്‍ഫ്ളുവന്‍സ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് ഈ കൊറോണ വൈറസിന്റെ ജനിതകഘടനയ്ക്ക് എണ്‍പത് ശതമാനം സാര്‍സ് വൈറസിനോട് സാമ്യതയുണ്ടെന്നാണ്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസിന് അതിവേഗം പടരാന്‍ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴുണ്ട്. വൈറസ് ഒരു ശരീരത്തില്‍ പ്രവേശിച്ചാല്‍ ആ ആതിഥേയ ശരീരത്തിലെ (വൈറസ് ബാധിച്ച വ്യക്തി) ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത്, അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരുകയാണ് വൈറസ് ചെയ്യുന്നത്. ഈ ഇരട്ടിക്കല്‍ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിന്റെ ജനിതകമാറ്റത്തിന് (മ്യൂട്ടേഷന്‍)ഇടയാക്കുന്നതും അങ്ങനെ പുതിയ സ്ട്രെയിനിലുള്ള വൈറസുകള്‍ രൂപമെടുക്കുന്നതും. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോഴാണ് അത് 'നോവല്‍' വൈറസ് എന്ന് അറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും.
Read more: വിദേശത്തു നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ചെയ്യണം ഈ കാര്യങ്ങള്‍
കോവിഡ്-19 പകരുന്നത്
ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നില്‍ക്കും.
ലക്ഷണങ്ങള്‍
സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും. ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം.
Read more: കോവിഡ്-19 നെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ സ്‌പെഷ്യല്‍ പേജില്‍ വായിക്കാം
കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
ചികിത്സ
കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്ന് നിലവിലില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരം പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ രോഗലക്ഷണങ്ങള്‍ (പനി, ശരീരവേദന) കുറയ്ക്കാനുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്യണം. തീവ്രപരിചരണം നല്‍കേണ്ടി വരും. രോഗം തീവ്രമായാല്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് വേണ്ടിവരാം. ഐ.വി. ഫ്‌ളൂയിഡ് ഡ്രിപ്പായി നല്‍കല്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയൊക്കെ നല്‍കേണ്ടി വരും. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണ വ്യാപനത്തില്‍ കേരളം ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സര്‍ക്കാരും ആരോഗ്യവകുപ്പും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും രോഗികളുമൊക്കെ കൂടുതല്‍ കരുതലെടുക്കണം.
മലയാളികള്‍ ജാഗ്രത പാലിക്കണം
കേരളത്തില്‍ നിലവില്‍ രോഗബാധ ഇല്ലെങ്കിലും അതിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും ചൈനയിലുമൊക്കെയുള്ള മലയാളികളുടെ വലിയ സാന്നിധ്യമാണ് ഒരു കാരണം. ബിസിനസ്സ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റുമായി വലിയ തോതില്‍ മലയാളികള്‍ ചൈനയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്ര നടത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരില്‍ വലിയൊരു ശതമാനവും മലയാളികളാണ്. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നതാണ്. പഠനാവശ്യത്തിനും ആത്മീയ യാത്രകളുടെ ഭാഗമായും ഇറ്റലിയിലേക്ക് കേരളത്തില്‍ നിന്ന് ധാരാളം ആളുകള്‍ യാത്ര ചെയ്യുന്നുണ്ട്. ഇതും മലയാളികള്‍ക്ക് രോഗഭീഷണിയാണ്.
Read More: കൊറോണ ഗള്‍ഫിന് പിന്നാലെ ഇറ്റലിയിലേക്കും; മലയാളികളും ജാഗ്രത പാലിക്കണം
ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് മലയാളികളിലാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട അപകടഘടകം. കേരളത്തില്‍ അഞ്ചിലൊരാള്‍ക്ക് പ്രമേഹമുണ്ട്. കൊളസ്‌ട്രോള്‍, അമിത ബി.പി. എന്നിവയും മലയാളികളില്‍ വലിയ തോതില്‍ കാണപ്പെടുന്നവയാണ്. വൃക്കരോഗവും ഹൃദ്രോഗവുമെല്ലാം മലയാളികളില്‍ വലിയ തോതില്‍ കണ്ടുവരുന്നവയാണ്. ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനിടയാക്കും. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ പകര്‍ച്ചവ്യാധികള്‍ക്ക് അടിമപ്പെടുന്നു. ജീവിതശൈലീ രോഗങ്ങളും മറ്റ് ഗുരുതര രോഗങ്ങളും ഉള്ളവര്‍ക്ക് കൊറോണ വൈറസ് ബാധയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കില്ല. അത് മരണത്തിന് ഇടയാക്കും. ആരോഗ്യപരമായി ദുര്‍ബലരെയാണ് വൈറസ് പെട്ടെന്ന് കീഴടക്കുക. കൊറോണ് വൈറസ് മൂലം ഇതുവരെ മരണപ്പെട്ടവരില്‍ കൂടുതലും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ രോഗം ബാധിക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും നാം പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍
- പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
- കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും വൃത്തിയായി കഴുകണം.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
- കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.
- പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
- പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.
- അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
- രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
- മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
- വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം.
- വളര്‍ത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.
- രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
- പനി. ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.
- രോഗിയെ ശുശ്രൂഷിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ മാസ്‌ക്, കണ്ണിന് സംരക്ഷണം നല്‍കുന്ന ഐ ഗോഗിള്‍സ് എന്നിവ ധരിക്കണം.
- രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകള്‍, കാലുറകള്‍, ശരീരം മുഴുവന്‍ മൂടുന്ന ഏപ്രണുകള്‍ എന്നിവ ധരിക്കണം.
- രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
- സഹായത്തിന് കേരള ആരോഗ്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 0471 2552056 എന്നിവയിലേക്ക് വിളിക്കാം.
- ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററുകളുടെ നമ്പറുകള്‍.
മുന്‍പ് വ്യാപിച്ച കൊറോണ വൈറസ് രോഗങ്ങള്‍
മെര്‍സ്: മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012 ല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കം മൂലമാണ് വൈറസ് പരക്കുന്നത്. മെര്‍സ് ആദ്യമായി പടര്‍ന്നത് ഒട്ടകങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.
സാര്‍സ്: സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്) മറ്റൊരു തരം കൊറോണ വൈറസാണ്. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇത് ശ്വാസകോശ പ്രശ്നങ്ങള്‍ക്കൊപ്പം വയറിളക്കം, ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസകോശ അസ്വസ്ഥത, വൃക്കസ്തംഭനം എന്നിവയുണ്ടാക്കും. 2002-2003 കാലത്ത് ചൈനയില്‍ വ്യാപകമായി സാര്‍സ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേര്‍ രോഗബാധിതരാവുകയും എണ്ണൂറോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. സിവെറ്റ് ക്യാറ്റില്‍ നിന്നുമാണ് സാര്‍സ് പടര്‍ന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അരവിന്ദ്
എച്ച്.ഒ.ഡി.
ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ഡോ.എം. മുരളീധരന്‍
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ്
ലോകാരോഗ്യ സംഘടന
കേരള ആരോഗ്യവകുപ്പ്
Content Highlights: corona virus facts people needs to know