കോവിഡ്-19 എന്ന കൊറോണ വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായ് പോരാടുകയാണ്. 2019 ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ എന്ന ചൈനീസ് പ്രവിശ്യയില്‍ ഒരു മത്സ്യ മാര്‍ക്കറ്റില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 എന്ന വൈറസ് ബാധ മാര്‍ച്ച് 2020 ഓടെ കേരളത്തില്‍ എത്തിനില്‍ക്കുന്നു. ലോകാരോഗ്യ സംഘടന, ലോക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകള്‍ നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട്. എങ്കിലും ഒരു സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ നമ്മള്‍ ഓരോരുത്തരും ചില കാര്യങ്ങള്‍ അറിഞ്ഞു വെക്കേണ്ടതുണ്ട്. ഇത് കൊറോണ വൈറസിനെ പടിക്കു പുറത്ത് നിറുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കും.
എന്താണ് കോവിഡ് 19 കൊറോണ വൈറസ്?
മൃഗങ്ങളില്‍ നിന്ന് ആകസ്മികമായി മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ച കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരു വൈറസ് ആണ് കോവിഡ് 19. എന്നാല്‍ ഏത് മൃഗത്തില്‍ നിന്നുമാണ് ഇത് മനുഷ്യരിലേക്ക് പടര്‍ന്നത് കണ്ടെത്താന്‍ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. കൊറോണ വൈറസ് ഇന്‍ഡിറ്റേര്‍മിനേറ്റ് എന്നാണ് ഈ വൈറസിന്റെ യഥാര്‍ത്ഥ പേര്.
എങ്ങനെയാണ് കോവിഡ് 19 മനുഷ്യരിലേക്ക് പടരുന്നത്?
രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങള്‍, തുപ്പല്‍ എന്നിവയിലൂടെ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരുന്നു. രോഗി ഉപയോഗിക്കുന്ന ഈ സ്രവങ്ങള്‍ പുരണ്ട വസ്തുക്കളില്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഈ വൈറസ് നിലനില്‍ക്കും.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?
ചുമ, പനി, തുമ്മല്‍, ശ്വാസംമുട്ട് എന്നിവയാണ് കോവിഡ് 19 ന്റെ ആദ്യ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ മറ്റു ശ്വാസകോശ രോഗങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ കോവിഡ് 19 നെ വേര്‍തിരിച്ചു പറയുക ബുദ്ധിമുട്ടാണ്. ഇതില്‍ ശ്വാസം മുട്ടാണ് ഏറ്റവും ശ്രദ്ധിക്കേണ്ട ഗുരുതരമായ ലക്ഷണം.
എപ്പോഴാണ് ജീവന് ഭീഷണിയാവുന്നത്?
കോവിഡ് 19 ബാധിച്ച രോഗിയുടെ ശ്വാസകോശത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ച് ARDS (Accute Respiratory Distress Syndrome) എന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് കോവിഡ് 19 വൈറസ് ബാധ ജീവന് ഭീഷണിയാവുന്നത്.
ആരെല്ലാമാണ് കോവിഡ് 19 വൈറസ് ബാധയെ ഗൗരവമായി എടുക്കേണ്ടത് ?
പ്രമേഹം, ശ്വാസകോശരോഗം, കാന്‍സര്‍, തുടങ്ങിയ അസുഖങ്ങളാല്‍ ആരോഗ്യം കുറഞ്ഞ വ്യക്തികള്‍, വൃദ്ധര്‍, കൈക്കുഞ്ഞുങ്ങള്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ് വൈറസ് ബാധയെ കൂടുതല്‍ ഗൗരവമായി കാണേണ്ടത്.
കോവിഡ് 19 വൈറസ് കൂടുതല്‍ കണ്ടുവരുന്നത് ആര്‍ക്കെല്ലാമാണ്?
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കൊറോണ വൈറസ് ബാധിതരും വിദേശയാത്ര നടത്തുകയോ അല്ലെങ്കില്‍ വിദേശത്ത് നിന്നും വന്നവരുമായി അടുത്തിടപഴകിയവരോ ആണ്. ഇത് കൂടാതെ വൈറസ് ബാധിതരെ ചികിത്സിച്ചവരിലുമാണ് ഇത് കൂടുതലായി കാണുന്നത്.
കൊറോണ വൈറസ് ബാധ മരണകാരണമാവാറുണ്ടോ?
കൊറോണ വൈറസ് ബാധിതരില്‍ 20-30 ശതമാനം പേരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഈ 20-30 ശതമാനം പേരില്‍ 2-3 ശതമാനം പേര്‍ മരണത്തിന് കീഴ്‌പ്പെടുന്നു.
രോഗസംക്രമണം തടയാന്‍ എന്ത് ചെയ്യാന്‍ കഴിയും?
വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടുമാണ് പ്രധാനം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക. ഇതിന് ശേഷം കൈ ഹാന്റ് സാനിറ്റൈസറോ അല്ലെങ്കില്‍ സോപ്പോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗബാധിതര്‍ ഉപയോഗിച്ച പ്രതലങ്ങള്‍ ഇടയ്ക്കിടെ സോപ്പ് സൊലൂഷന്‍സ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവര്‍ ഉപയോഗിച്ച തുണികള്‍, കിടക്ക വിരികള്‍ എന്നിവ നശിപ്പിക്കുകയോ അല്ലെങ്കില്‍ അണുനശീകരണം നടത്തുകയോ ചെയ്യുക. ആളുകള്‍ തിങ്ങിനിറഞ്ഞ തിയേറ്റര്‍, മാള്‍, ബീച്ച്, സര്‍ക്കസ്, ഉത്സവങ്ങള്‍ എന്നീ സ്ഥലങ്ങള്‍ ഈ സമയത്ത് ഉചിതമെങ്കില്‍ ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ ഉപയോഗിച്ച് മുഖം തൊടാതിരിക്കുക. സിഗരറ്റ്, ഇന്‍ഹേലര്‍ എന്നിവയുടെ കൂട്ടായ ഉപയോഗം ഒഴിവാക്കുക.
കോവിഡ് 19 വൈറസ് രോഗബാധയുണ്ട് എന്ന് സംശയമുണ്ടെങ്കില്‍ എന്ത് ചെയ്യണം?
പനി, ചുമ, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങള്‍ നേരത്തെ പറഞ്ഞ പോലെ വിദേശയാത്ര കഴിഞ്ഞവര്‍ അല്ലെങ്കില്‍ അവരുമായി അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് വന്നാല്‍ തീര്‍ച്ചയായും കോവിഡ് 19 വൈറസ് ബാധ സംശയിക്കണം. ഇങ്ങനെയെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ (അതാത് ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ്) ബന്ധപ്പെടുകയും അവര്‍ അനുശാസിക്കുന്ന സെല്‍ഫ് ക്വാറന്റൈന്‍ (പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം)അല്ലെങ്കില്‍ കൊറോണ വൈറസ് ഇന്‍ഫെക്ഷന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിക്കപ്പെടേണ്ടതോ ആണ്. ഇത് കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും, തങ്ങള്‍ അടുത്തിടപഴകുവാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുമായി പങ്കുവെയ്‌ക്കേണ്ടതുമാണ്. ഈ ഏകാന്തവാസം 28 ദിവസം നീണ്ടുനില്‍ക്കും.
ചികിത്സയോ പ്രതിരോധ കുത്തിവെപ്പോ ലഭ്യമാണോ?
കോവിഡ് 19 വൈറസിന് എതിരെയുള്ള പ്രത്യേക മരുന്നുകള്‍ അല്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവ ഈ സമയം വരെ ലഭ്യമല്ല. എന്നാല്‍ ഇവ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: Corona Virus facts