'ഇന്നാണ് ഭാര്യയോടും അമ്മയോടും പറഞ്ഞത്... അവര്‍ രോഗവിവരം അറിയരുതേയെന്നായിരുന്നു എന്റെ പ്രാര്‍ഥന... അറിഞ്ഞാല്‍ അവര്‍ ഭയന്ന്പോകുമായിരുന്നു... കൊറോണയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. മാര്‍ച്ച് 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സന്തോഷ് കുമാര്‍ ബുധനാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്.

കാലടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചാണിപ്പോള്‍. 24 വരെ ഹോം ഐസൊലേഷനാണ്. 25-ന് തിരികെ ജോലിയില്‍ പ്രവേശിക്കും; കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടം തുടരാന്‍... സന്തോഷിന്റെ വാക്കുകളില്‍ പ്രകടമായത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മുഴുവന്‍ ആത്മധൈര്യമായിരുന്നു.

കോവിഡ് പ്രതിരോധത്തിനിടയില്‍ വൈറസ് ബാധിതനായ രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകനാണ് സന്തോഷ് കുമാര്‍. അമ്മയെയും ഭാര്യയെയും മക്കളെയും കാണാന്‍ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കഴിഞ്ഞെ അതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുകയുള്ളൂവെന്ന് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ സന്തോഷ് കുമാര്‍ പറഞ്ഞു.

santhoshkumar
സന്തോഷ് കുമാര്‍

കഴിഞ്ഞ പതിന്നൊന്നര വര്‍ഷമായി എറണാകുളം ജില്ലയിലാണ് ജോലി. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ സ്‌ക്രീനിങ് ഡെസ്‌കിലേക്ക് നിയമിക്കുന്നത്. മാര്‍ച്ച് 19-നും 21-നും ഡ്യൂട്ടി ചെയ്തിരുന്നു. 23-ന് ചെറിയ പനി തുടങ്ങി. പിന്നെ 27- ഓടെ ചുമയും തുടങ്ങി. സംശയം തോന്നിയതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധിച്ചു. 28-ന് രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.

ഇതിനിടയില്‍ ഔദ്യോഗിക ആവശ്യവുമായി ഓഫീസില്‍ പോകേണ്ടതായി വന്നിരുന്നെങ്കിലും അവരെയെല്ലാം പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി. കൂടെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ കൂടി സമാന സാഹചര്യത്തില്‍ പോസിറ്റീവായിട്ടുണ്ട്. അദ്ദേഹവും സുഖംപ്രാപിച്ചു വരുന്നുവെന്ന് സന്തോഷ് പറഞ്ഞു.

ജോലിയില്‍ തിരികെ എത്തുമ്പോഴും കോവിഡ് 19 രോഗികളെ സ്‌ക്രീന്‍ ചെയ്യാനാണ് നിയോഗിക്കപ്പെടുന്നതെങ്കില്‍ സന്തോഷത്തോടെ ഏറ്റെടുക്കാനാണ് തീരുമാനമെന്ന് സന്തോഷ് കുമാര്‍ പറയുന്നു. എല്ലാവരും റിസ്‌കെടുത്ത് കുറെ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടാണല്ലോ കേസുകളുടെ എണ്ണം പിടിച്ചുനിര്‍ത്തി ലോകത്തിനു തന്നെ മാതൃകയാകാന്‍ കഴിഞ്ഞത്.

കളമശ്ശേരിയില്‍ കിട്ടിയത് വലിയ കരുതല്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വലിയ കരുതലാണ് കിട്ടിയത്. പനിയും ചുമയും കൂടാതെ ന്യുമോണിയ ലക്ഷണങ്ങള്‍, ചെറിയ നെഞ്ചിടിപ്പും. പിന്നെ അല്പം വയറിളക്കവും. പക്ഷേ ഒന്നും ഗുരുതരമാകാതെ നോക്കാന്‍ കഴിഞ്ഞു. അതിന് ആശുപത്രി ജീവനക്കാരോട് കടപ്പെട്ടിരിക്കുന്നു. കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ആദ്യം അങ്കലാപ്പായിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. വീട്ടിലെ കാര്യമോര്‍ത്തായിരുന്നു ആശങ്ക മുഴുവന്‍, രോഗം ഭേദമായതിന്റെ ആശ്വാസത്തോടെ സന്തോഷ് പറഞ്ഞുനിര്‍ത്തി.

Content Highlights: Covid19 patient Health inspector discharged he will join duty soon