തിരുവനന്തപുരം: ഇപ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കുകയെന്നതാണ് പ്രധാനം. ഞാനും വര്‍ക് ഫ്രം ഹോം തുടങ്ങി. മാജിക് അക്കാദമിയും മാജിക് പ്ലാനറ്റും അടച്ചിട്ടെങ്കിലും അവിടെ ചെയ്യേണ്ട പല ജോലികളും വീട്ടിലിരുന്നാണ് ചെയ്യുന്നത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ഫെയ്സ് ബുക്കിലൂടെ നിരവധി മാജിക്കുകളും ചെയ്യുന്നുണ്ട്.

അമേരിക്കയിലുള്ള എന്റെ സുഹൃത്ത് ഹരിയുടെ വീട് മുന്‍പ് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അക്കാലത്ത് അവിടെ വര്‍ക്ക് ഫ്രം ഹോം എന്നത് സാധാരണമാണ്. രാവിലെ ഓഫീസില്‍ പോകുന്ന സമയത്ത് വീട്ടിലെ തന്റെ മുറിയില്‍ ജോലി തുടങ്ങിയിരിക്കും. ഓഫീസ് സമയം കഴിഞ്ഞശേഷമാണ് കുടുംബകാര്യങ്ങളിലേക്കുള്ള മടങ്ങിവരവ്. ഇതാണ് ഇപ്പോള്‍ നമ്മളും മാതൃകയാക്കേണ്ടത്.

എന്റെ ദിനചര്യകള്‍ക്കൊന്നും മാറ്റമുണ്ടായിട്ടില്ല. രാവിലെ 5.15-ന് തന്നെ ഇപ്പോഴും ഉറക്കമുണരും. നേരത്തേ ചെയ്തിരുന്ന സമയത്ത് തന്നെ അതത് കാര്യങ്ങള്‍ വീട്ടിലിരുന്നും ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് ചെയ്യുന്നത് എത്ര ലഘുവായ ജോലിയായാലും ഗൗരവമായിത്തന്നെ കണ്ട് ചെയ്യാം. മടിപിടിച്ചാല്‍ അത് അപകടകരമാകും. അടുത്ത 21 ദിവസംകൊണ്ട് നമ്മുടെ ശീലം മുഴുവന്‍ മാറിപ്പോകും. അതുകൊണ്ടുതെന്ന കുട്ടികളെ ശ്രദ്ധിക്കേണ്ട കാലമാണ്. മടിപിടിച്ചിരിക്കാതെ എന്തെങ്കിലും പോസിറ്റീവായി ചെയ്യാന്‍ അവരെ ശീലിപ്പിക്കണം.

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകാന്‍ വര്‍ക്ക് ഫ്രം ഹോം സഹായിക്കും. ആര്‍മി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍ വിസ്മയിനൊപ്പം ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കാനാകുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കാനും മറ്റും കൂടുതല്‍ സമയം കിട്ടുന്നു. 21 ദിവസം നമുക്ക് സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവെക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. തലസ്ഥാനത്ത് എത്തിയശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയും തുടങ്ങിക്കഴിഞ്ഞു.

Content Highlights: Corona Virus Covid19 LockDown Magiican Gopinath Muthukad Enjoys Work From Home